
കോഴിക്കോട്: വേണ്ടത്ര സുരക്ഷാ ക്രമീകരണങ്ങളില്ലാതെ, തൊഴിലാളികളുടെ ജീവൻ പന്താടുന്ന തരത്തിൽ പ്രവർത്തിക്കുന്ന കെട്ടിട നിർമ്മാതാക്കൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ ചെയർമാൻ കൂടിയായ ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകി.
ദേശീയ പാതയിൽ നെല്ലിക്കോട്ട് സ്വകാര്യ ഫ്ലാറ്റ് നിർമ്മാണ സ്ഥലത്തുണ്ടായ അപകടത്തിൽ ഒരാൾ മരിച്ച സംഭവത്തിൽ പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് ഉത്തരവ്.
മണ്ണിടിച്ചിൽ സാധ്യതയുണ്ടെന്ന് വില്ലേജ് ഓഫീസർ റിപ്പോർട്ട് നൽകിയിട്ടും നിർമ്മാണം തുടർന്നതാണ് അപകടത്തിന് കാരണമായതെന്ന് പറയപ്പെടുന്നു.
സുരക്ഷാ ക്രമീകരണങ്ങളില്ലാതെ നിർമ്മാണം നടത്തുന്ന പ്രവണത വർധിച്ചു വരികയാണെന്നും ഉദ്യോഗസ്ഥർ നിയമ ലംഘനങ്ങൾക്ക് നേരേ കണ്ണടയ്ക്കുന്നത് പതിവാണെന്നും കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.
നിയമലംഘനങ്ങൾ നടത്തുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കണമെന്നും കമ്മീഷൻ ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകി. രണ്ടാഴ്ചക്കുള്ളിൽ ജില്ലാ കളക്ടർ റിപ്പോർട്ട് സമർപ്പിക്കണം. ജൂലൈ 29 ന് കോഴിക്കോട് റസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിങ്ങിൽ കേസ് പരിഗണിക്കും.




