EDUCATIONKERALAlocaltop news

വിദ്യാഭ്യാസവകുപ്പ് ഭീഷണിയുടെ സ്വരം ഒഴിവാക്കണം: കെ.സി.സി. സ്‌കൂള്‍ മാനേജേഴ്‌സ് കണ്‍സോര്‍ഷ്യം

 

തിരുവല്ല: കേരള സമൂഹത്തില്‍ കാതലായ മാറ്റത്തിന് നേതൃത്വം നല്കിയ മാനേജ്‌മെന്റുകളെ ഭീഷണിപ്പെടുത്തുന്ന സ്വരം വിദ്യാഭ്യാസ വകുപ്പ് ഒഴിവാക്കണമെന്ന് കേരളത്തിലെ ക്രൈസ്തവ സഭകളുടെ ഐക്യവേദിയായ കേരളാ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസിന്റെ സ്‌കൂള്‍ മാനേജേഴ്‌സ് കണ്‍സോര്‍ഷ്യം ആവശ്യപ്പെട്ടു. വിദ്യാഭ്യാസ മേഖലയിലെ നിയമനങ്ങള്‍ തടസ്സപ്പെടുത്തുന്ന തരത്തിലുള്ള ഇടപെടലുകള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും നിരന്തരം ഉണ്ടാകുന്നു. 2016ലെ RPWD നിയമം അനുസരിച്ച് നിയമനങ്ങളില്‍ 4 ശതമാനം ഭിന്നശേഷിക്കാര്‍ക്കായി മാറ്റിവെക്കണമെന്നതും അഞ്ച് വര്‍ഷത്തിനുള്ളില്‍ എല്ലാ പൊതു ഇടങ്ങളും ഭിന്നശേഷി സൗഹൃദമാകണമെന്നും വ്യക്തമാക്കിയിട്ടും നാളിതുവരെ സംസ്ഥാനത്തെ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ പോലും ഭിന്നശേഷി സൗഹൃദമാക്കാനോ സര്‍ക്കാര്‍ നടത്തിയ നിയമനങ്ങളില്‍ 4 ശതമാനം ഭിന്നശേഷിക്കാര്‍ക്കായി പൂര്‍ണ്ണമായും നീക്കിവെക്കുവാനോ തയ്യാറാകാത്ത സര്‍ക്കാര്‍ എയ്ഡഡ് വിദ്യാഭ്യാസമേഖലയെ തകര്‍ക്കുന്നതിനുവേണ്ടി എയ്ഡഡ് സ്ഥാപനങ്ങളിലെ നിയമനം തടഞ്ഞുവെക്കുന്നു. നിയമനങ്ങളില്‍ 4 ശതമാനം എന്നതില്‍ നിന്നും 25, 50 എന്ന ക്രമത്തിലോ അല്ലെങ്കില്‍ 13, 38 എന്ന ക്രമത്തിലോ മാത്രം ഭിന്നശേഷി നിയമനം നടത്തിയാല്‍ മതി എന്നിരിക്കെ 1, 26 എന്ന ക്രമത്തില്‍ ഭിന്നശേഷി നിയമനം നടത്തണം എന്ന് സര്‍ക്കാര്‍ വാശി പിടിക്കുന്നത് സംവരണ കീഴ്‌വഴക്കങ്ങള്‍ക്കോ നിയമത്തിന്റെ അന്തസത്തയ്‌ക്കോ നിരക്കാത്തതും എയ്ഡഡ് സ്‌കൂളുകളെ, പ്രത്യേകിച്ച് ഒരു സ്‌കൂള്‍ മാത്രമുള്ള മാനേജ്‌മെന്റുകളെയും അവിടെ ജോലി ചെയ്യുന്ന ജീവനക്കാരെയും വിദ്യാര്‍ത്ഥികളെയും പ്രയാസത്തിലാക്കുകയാണ്. സ്‌കൂളുകള്‍ പ്രധാനമായും അധ്യാപകര്‍ക്കുവേണ്ടിയുള്ളതല്ല, വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടിയുള്ളതാണ് എന്നത് സര്‍ക്കാര്‍ മറക്കുന്നു. പല സ്‌കൂളുകളിലും ഒന്നിലധികം വിഷയങ്ങള്‍ ഒരേ അധ്യാപകര്‍ തന്നെ പഠിപ്പിക്കുന്ന സാഹചര്യത്തില്‍ ആദ്യ ഒഴിവുതന്നെ ഭിന്നശേഷി നിയമനത്തിന് നല്കണം എന്ന് നിര്‍ബന്ധിക്കുന്നതിലൂടെ വിദ്യാര്‍ത്ഥികളുടെ ഭാവി അപകടത്തിലാക്കുകയാണ്. റോസ്റ്റര്‍ അടിയന്തിരമായി റിപ്പോര്‍ട്ട് ചെയ്യണം എന്നത് നിയമപരമായ നിര്‍ദ്ദേശമായി കണക്കാക്കാം. എന്നാല്‍ അത് റിപ്പോര്‍ട്ട് ചെയ്യാത്ത മാനേജര്‍മാര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുമെന്ന ഉദ്യോഗസ്ഥ സര്‍ക്കുലറിലെ ഭീഷണി സര്‍ക്കാരിന്റെ നിര്‍ദ്ദേശ പ്രകാരമാണോ എന്നത് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും അല്ലാ എങ്കില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ നിയന്ത്രിക്കുവാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും വെല്ലുവിളിയുടെയും ഭീഷണിയുടെയും സ്വരം അവസാനിപ്പിക്കണമെന്നും കെ.സി.സി. ജനറല്‍ സെക്രട്ടറി ഡോ. പ്രകാശ് പി. തോമസ്, കണ്‍സോര്‍ഷ്യം ഭാരവാഹികളായ കുരുവിള മാത്യൂസ്, ഫ്രാന്‍സിസ് പി.എസ്. എന്നിവര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close