
കോഴിക്കോട് . മുനമ്പം അന്വേഷണ കമ്മീഷൻ ജസ്റ്റിസ് സി . എൻ . രാമചന്ദ്രൻ നായരെ പാതിവില സ്കൂട്ടർ തട്ടിപ്പ് കേസിൽ പ്രതിയാക്കുവാൻ ഗൂഡാലോചന നടന്നിട്ടുണ്ടോയെന്ന് അന്വേഷിക്കണമെന്ന പരാതിയിൽ ഉത്തര മേഖല പോലീസ് ഇൻസ്‌പെക്ടർ ജനറൽ റിപ്പോർട്ട് തേടി .
ഹൈക്കോടതി അഭിഭാഷകനും പൊതു പ്രവർത്തകനുമായ അഡ്വ . കുളത്തൂർ ജയ്‌സിങ് നൽകിയ പരാതിയിലാണ് മലപ്പുറം ജില്ലാ പോലീസ് മേധാവിയോട് ഐ . ജി . റിപ്പോർട്ട് തേടിയത് .
മുനമ്പം ഭൂമി പ്രശ്നവുമായി ബന്ധപ്പെട്ട അന്വേഷണ കമ്മീഷനായി സർക്കാർ ജസ്റ്റിസ് സി . എൻ . രാമചന്ദ്രൻ നായരെ നിയമിക്കുകയും അന്വേഷണ റിപ്പോർട്ട് തയ്യാറാക്കുവാൻ നടപടി ഏകദേശം പൂർത്തിയാവുകയും ചെയ്തു . കമ്മീഷന്റെ പ്രവർത്തനം ചോദ്യം ചെയ്ത് ഒരു വിഭാഗം നിലവിൽ രംഗത്തും ഉണ്ട് . ഇതിനിടെയാണ് കമ്മീഷനെ പെരിന്തൽമണ്ണ പോലീസ് പാതിവില തട്ടിപ്പ് കേസിൽ മൂന്നാം പ്രതി സ്ഥാനത്ത് ചേർത്ത് കേസ് എടുത്തിട്ടുള്ളത് .
കഴിഞ്ഞ ആറാം തീയതി രാത്രി 8.15-ന് പോലീസ് സ്റ്റേഷനിൽ പരാതി ലഭിച്ച ഉടൻ കേസ് എടുത്തു . അന്നേദിവസം രാത്രി 9.45-ന് എഫ് . ഐ . ആർ . രജിസ്റ്റർ ചെയ്തതിലൂടെ പരാതിയിൽ പ്രാഥമിക അന്വേഷണം ഉണ്ടായിട്ടില്ലെന്ന് വ്യക്തമാണ് .
സാമ്പത്തിക തട്ടിപ്പ് കേസിൽ പരാതി ലഭിച്ചാൽ ഉടൻ നിയമപരമായി പ്രാഥമിക അന്വേഷണം നടത്തേണ്ടതും തെളിവുകൾ ശേഖരിക്കേണ്ടതുമുണ്ട് . സർക്കാർ നിയോഗിച്ച അന്വേഷണ കമ്മീഷനെതിരെ സാമ്പത്തിക തട്ടിപ്പ് പരാതി ഉണ്ടായാൽ പോലീസ് ചില മാനദണ്ഡങ്ങൾ പാലിക്കേണ്ടതുണ്ട് .
സിറ്റിംഗ് ജഡ്ജിമാരെപോലെ റിട്ട . ജഡ്ജിമാർക്കും ഇത്തരം മാനദണ്ഡങ്ങൾക്ക് അർഹതയുണ്ട് . ഇത് പോലീസ് പാലിക്കാത്തത് ദുരൂഹവും അന്വേഷിക്കേണ്ടതുമാണ് .
പ്രാഥമിക അന്വേഷണവും തെളിവുകളും പരിശോധിക്കാതെയും കുറ്റാരോപിതന്റെ ഭാഗം കേൾക്കാതെയും റിട്ട . ഹൈക്കോടതി ജഡ്ജിയും മുനമ്പം ഭൂമി പ്രശ്നം അന്വേഷിക്കുന്ന സർക്കാർ കമ്മീഷൻ ജസ്റ്റിസ് സി , എൻ . രാമചന്ദ്രൻ നായരെ തിടുക്കത്തിൽ കേസിൽ പ്രതി ചേർത്ത സാഹചര്യത്തിലാണ് പെരിന്തൽമണ്ണ പോലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർക്ക് എതിരെ ചില സംശയങ്ങൾ ഉണ്ടായിരിക്കുന്നത് .
കമ്മീഷനെ കേസിൽ ഉൾപ്പെടുത്തുവാൻ ഏതെങ്കിലും ഇടപെടലുകളോ ഗൂഡാലോചനയോ നടന്നിട്ടുണ്ടോയെന്ന് അടിയന്തിര സ്വഭാവത്തിൽ സമഗ്രമായി അന്വേഷിക്കണമെന്നാണ് അഡ്വ . കുളത്തൂർ ജയ്‌സിങ് പരാതിയിലൂടെ ആവശ്യപ്പെടുന്നത് .