KERALAlocaltop news

എസ്‌എഫ്‌ഐ 18ാമത് അഖിലേന്ത്യാ സമ്മേളനം 27, 28, 29, 30 തീയതികളിൽ കോഴിക്കോട്

കോഴിക്കോട് :
രാജ്യത്തെ പൊരുതുന്ന വിപ്ലവ വിദ്യാർഥി പ്രസ്ഥാനമായ എസ്‌എഫ്‌ഐയുടെ 18ാമത് അഖിലേന്ത്യാ സമ്മേളനം 27, 28, 29, 30 തീയതികളിൽ കോഴിക്കോട് നടക്കുമെന്ന്‌ സ്വാഗതസംഘം ചെയർമാൻ മന്ത്രി പി എ മുഹമ്മദ്‌ റിയാസ്‌ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 22 വർഷങ്ങൾക്ക് ശേഷം സാഹിത്യനഗരി ആതിഥ്യമരുളുന്ന സമ്മേളനം ചരിത്രവിജയമാക്കുന്നതിനുള്ള ഒരുക്കങ്ങളാണ്‌ നടന്നുവരുന്നത്‌.
പ്രതിനിധി സമ്മേളനം 27ന്‌ കോഴിക്കോട് ബീച്ചിൽ പ്രത്യേകം സജ്ജമാക്കിയ ഫലസ്തീൻ –-സോളിഡാരിറ്റി നഗറിലെ സീതാറാം യെച്ചൂരി, – നേപ്പാൾദേവ് ഭട്ടാചാര്യ മഞ്ചിൽ രാവിലെ 10 ന്‌ മാധ്യമപ്രവർത്തകൻ ശശികുമാർ, തിയേറ്റർ ആർട്ടിസ്റ്റും സംവിധായകനുമായ എം കെ റൈന എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്യും. വിവിധ സംസ്ഥാനങ്ങളെ പ്രതിനിധീകരിച്ച് 519 പ്രതിനിധികളും 184 നിരീക്ഷകരും 80 കേന്ദ്ര കമ്മിറ്റി അംഗങ്ങളും പങ്കെടുക്കും. മുൻകാല ഭാരവാഹികളുടെ സംഗമം 28ന്‌ പ്രതിനിധി സമ്മേളന ഹാളിൽ ചേരും.
നാലുനാൾ നീളുന്ന സമ്മേളനം അരലക്ഷം വിദ്യാർത്ഥികൾ പങ്കെടുക്കുന്ന വിദ്യാർഥി റാലിയോടെ 30ന്‌ സമാപിക്കും. ഫ്രീഡം സ്‌ക്വയറിലെ കെ വി സുധീഷ് നഗറിൽ ചേരുന്ന പൊതുസമ്മേളനം പകൽ11ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
20ന്‌ രാജ്യവ്യാപകമായി പതാക ദിനം ആചരിക്കും. മുഴുവൻ സംഘടനാ ഘടകങ്ങളിലും പതാക ഉയർത്തും. രക്തസാക്ഷികളുടെയും കുടുംബങ്ങളിൽ നിന്നും സ്മൃതി മണ്ഡപങ്ങളിൽ നിന്നും പതാകകൾ ഏറ്റുവാങ്ങി സമ്മേളന നഗരിയിൽ സ്ഥാപിക്കും. സമ്മേളനത്തോടനുബന്ധിച്ച് ലോകത്തെ വിദ്യാർഥി പ്രസ്ഥാനങ്ങളുടെയും ഇന്ത്യൻ വിദ്യാർഥി പ്രസ്ഥാനങ്ങളുടെ ചരിത്ര വർത്തമാനങ്ങളും ഉൾപ്പെടുത്തിയ എക്‌സിബിഷൻ 23ന്‌ കെഎസ്ആർടിസി ബസ്റ്റാൻഡിന് പരിസരത്ത് പ്രത്യേകം സജ്ജമാക്കിയ ഹാളിൽ ടിപി രാമകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. വാർത്താസമ്മേളനത്തിൽ എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എസ്‌ സഞ്ജീവ്‌, പ്രസിഡന്റ്‌ എം ശിവ പ്രസാദ്‌, സ്വാഗതസസംഘം ട്രഷറർ എം മെഹബൂബ്‌, പി താജുദ്ദീൻ, തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ എന്നിവർ പങ്കെടുത്തു.

പതാക –– കൊടിമര–- – ദീപശിഖ ജാഥകൾ
കൊടിമര ജാഥ 26ന് രാവിലെ കൂത്തുപറമ്പിലെ കെ വി സുധീഷിന്റെ സ്മൃതി മണ്ഡപത്തിൽ അഖിലേന്ത്യാ ജനറൽ സെക്രട്ടറി മയൂഖ വിശ്വാസ് ഉദ്ഘാടനം ചെയ്യും. അഖിലേന്ത്യ ജോയിന്റ്‌ സെക്രട്ടറി ദിനിത് ദണ്ഡ ജാഥാ ക്യാപ്റ്റനും സംസ്ഥാന പ്രസിഡന്റ്‌ എം ശിവപ്രസാദ് മാനേജരുമാണ്‌. ജാഥ പാനൂർ പെരിങ്ങത്തൂർ പാലം വഴി കോഴിക്കോട് ജില്ലയിൽ പ്രവേശിക്കുകയും കുറ്റ്യാടി, പേരാമ്പ്ര, ഉള്ളിയേരി, അത്തോളി വഴി കോഴിക്കോട് നഗരത്തിലെത്തും.
23ന്‌ ഇടുക്കിയിലെ ചെറുതോണിയിൽ രക്തസാക്ഷി ധീരജ് രാജേന്ദ്രന്റെ കലാലയമായ പൈനാവ് ഗവ. എൻജിനീയറിങ് കോളേജിൽ നിന്നും ആരംഭിക്കുന്ന പതാകജാഥ മുൻ അഖിലേന്ത്യാ പ്രസിഡന്റും മന്ത്രിയുമായ കെ എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. അഖിലേന്ത്യ വൈസ് പ്രസിഡന്റ്‌ കെ അനുശ്രീ ക്യാപ്റ്റനും അഖിലേന്ത്യ ജോയിന്റ്‌ സെക്രട്ടറി പി എം ആർഷോ മാനേജരുമാണ്‌.
24ന്‌ മധുരയിൽ നിന്ന് ആരംഭിക്കുന്ന ദീപശിഖാ ജാഥ സു വെങ്കിടേശൻ എംപി ഉദ്ഘാടനം ചെയ്യും. അഖിലേന്ത്യാ ജോയിന്റ്‌ സെക്രട്ടറി ആദർശ് എം സജി ക്യാപ്റ്റനും തമിഴ്നാട് സംസ്ഥാന സെക്രട്ടറി അരവിന്ദസ്വാമി മാനേജരുമാണ്‌. പതാകജാഥയും ദീപശിഖാ ജാഥയും 26ന് വൈകിട്ട് പട്ടാമ്പിയിൽ സംഗമിക്കും. രക്തസാക്ഷി സൈതാലിയുടെ കലാലയമായ പട്ടാമ്പി ഗവ. കോളേജിൽനിന്ന് പുറപ്പെട്ട് മലപ്പുറം ജില്ലയിലെ വിവിധ സ്വീകരണ കേന്ദ്രങ്ങളിലൂടെ കടന്ന് രാമനാട്ടുകര വഴി കോഴിക്കോട് നഗരത്തിലെത്തും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close