
കോഴിക്കോട് : ബസിൽ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് യുവതി സാമൂഹിക മാധ്യമങ്ങളിൽ വീഡിയോ പങ്കുവെച്ചതിനു പിന്നാലെ കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപകിനെ (41) തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആത്മഹത്യ പ്രേരണാ കുറ്റത്തിന് യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. വീഡിയോ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത വടകര സ്വദേശിനി ഷിംജിത മുസ്തഫയാണ് പിടിയിലാത്. സാധാരണ ധരിക്കാറുള്ള വസ്ത്രം ഒഴിവാക്കി പർദ്ദ ധരിച്ച് വടകരയിലെ ബന്ധുവീട്ടിൽ ഒളിച്ചു കഴിയുകയായിരുന്ന ഷിംജിതയെ കോഴിക്കോട് മെഡിക്കൽ കോളജ് ഇൻസ്പെക്ടർ ബൈജു കെ ജോസിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. ആളെ തിരിച്ചറിയാതിരിക്കാൻ പർദ്ദയും മാസ്ക്കും ധരിച്ച് ഒളിവിൽ കഴിഞ്ഞ പ്രതിയെ സൈബർ സെല്ലിൻ്റെ സഹായത്തോടെയാണ് പോലീസ് കുടുക്കിയത്. വിവരമറിഞ്ഞ് ബന്ധുവീടിന് സമിപം തടിച്ചു കൂടിയ ജനം യുവതിക്കെതിരെ ശക്തമായി രോഷം ഉയർത്തി. സ്വന്തം വീഡിയോയുടെ റീച്ച് കൂട്ടാൻ ഒരു കുടുംബത്തിലെ ഏകമകനെ പൊതുജനമധ്യത്തിൽ മോശക്കാരനായി ചിത്രീകരിച്ച് മരണത്തിലേക്ക് തള്ളിവിട്ട യുവതി ഒരു ദയയും അർഹിക്കുന്നില്ലെന്നും പരമാവധി ശിക്ഷ നൽകണമെന്നും ജനങ്ങൾ ആവശ്യപ്പെട്ടു. വീഡിയോ ചിത്രീകരിച്ച മൊബൈൽ ഫോൺ പോലീസ് കസ്റ്റഡിയിലെടുത്തു. പുറമെയുള്ളവരുടെ സഹായത്തോടെ വീഡിയോ എഡിറ്റ് ചെയ്ത് ചില കൂട്ടിച്ചേർക്കലുകൾ നടത്തിയതായി സംശയിക്കുന്നു. ഷിംജിതയെ ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കും.




