താമരശേരി:
ക്ഷേമ പെൻഷൻ കിട്ടാത്തതിൽ പ്രതിഷേധിച്ച് പിച്ചച്ചട്ടിയെടുത്ത മറിയക്കുട്ടിക്കെതിരെ ഒന്നര ഏക്കർ ഭൂമിയും രണ്ടു വീടും ഉള്ള ആളാണെന്ന വ്യാജപ്രചരണം നടത്തിയ സിപിഎമ്മിന്റെ സ്ഥിരം പ്രതിരോധ ശൈലി, പെൻഷൻ കിട്ടാത്തത് കൊണ്ട് ജീവിക്കാൻ വഴിയില്ലാതെ ആത്മഹത്യ ചെയ്ത ചക്കിട്ടപാറ മുതുകാട്ടിലെ
പാപ്പച്ചൻ എന്ന ജോസഫ് വളയത്തിന്റെ കാര്യത്തിലും പയറ്റരുതെന്ന് കർഷക കോൺഗ്രസ്സ് കോഴിക്കോട് ജില്ലാ പ്രസിഡണ്ട് അഡ്വ ബിജു കണ്ണന്തറ ആവശ്യപ്പെട്ടു.
ജീവിക്കാൻ ഗതിയില്ലാതെ ആത്മഹത്യ ചെയ്ത ഭിന്നശേഷിക്കാരനായ ഒരു കർഷകനെ അപമാനിക്കാനും അപഹസിക്കാനുമാണ് പഞ്ചായത്ത് പ്രസിഡണ്ട് ശ്രമിക്കുന്നത്. നാലുമാസത്തെ പെൻഷൻ മുടങ്ങി എന്ന് സമ്മതിക്കുന്ന പ്രസിഡണ്ട്, മുൻവർഷത്തിൽ കൊടുത്ത തൊഴിലുറപ്പു വേതനത്തിന്റെ കാര്യം പറയുന്നതിലൂടെ ഇരുട്ടുകൊണ്ട് ഓട്ടയടക്കാൻ ശ്രമിക്കുകയാണ്.
പെൻഷൻ മുടങ്ങിയത് കൊണ്ട് സാമ്പത്തിക പ്രയാസം ഉണ്ടെന്ന് നേരിട്ട് പറഞ്ഞിട്ടും ആ വാർഡിലെ മെമ്പർ കൂടിയായ പഞ്ചായത്ത് പ്രസിഡണ്ട് ജീവിക്കാനുള്ള സാഹചര്യം ഒരുക്കിയില്ല എന്ന് മാത്രമല്ല ജീവിക്കാൻ വഴിയില്ലാതെ ആത്മഹത്യ ചെയ്തയാളെ അപകീർത്തിപ്പെടുത്തുവാനാണു പഞ്ചായത്ത് പ്രസിഡണ്ട് ശ്രമിച്ചത്.
പെൻഷൻ കിട്ടാത്തത് കൊണ്ട് ജീവിക്കാൻ വഴിയില്ലാതെ ആത്മഹത്യ ചെയ്ത ജോസഫ് വളയം, ഇത് പോലെ കഷ്ടപ്പെടുന്ന പതിനായിരങ്ങളിൽ ഒരാൾ മാത്രമാണ്.
ക്ഷേമപെൻഷനുകൾ നൽകേണ്ട സർക്കാർ സംവിധാനത്തിന്റെ ജനങ്ങളുമായി ഏറ്റവും അടുത്ത തട്ട് പഞ്ചായത്തുകളാണ്. പ്രതിഷേധം ഉയരുമ്പോൾ സംഭവിച്ച സങ്കടകരമായ സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തി പഞ്ചായത്തിനെ കൊണ്ട് ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്തിട്ടുണ്ട് എന്നു പറഞ്ഞ് മിതത്വം പാലിക്കുന്നതിന് പകരം ആത്മഹത്യ ചെയ്ത ഭന്നശേഷിക്കാരനായ പാവം കർഷകനെ അപമാനിക്കുകയും അപഹസിക്കുകയും ചെയ്യുക എന്ന കാടൻ സംസ്കാരമാണ് പഞ്ചായത്ത് പ്രസിഡണ്ട് പുറത്തെടുക്കുന്നത്. ജോസഫ്ചേട്ടന് ജീവിക്കാൻ ആവശ്യത്തിനുള്ള പണം കൃഷിയിൽ നിന്ന് കിട്ടുന്നുണ്ട് എന്ന് ആരാണ് പ്രസിഡണ്ടിനെ ധരിപ്പിച്ചത്? അനാവശ്യമായ വിവാദ പ്രസ്താവനകൾ നടത്തുന്നതും, പത്ര മാധ്യമങ്ങൾക്ക് എതിരെ കേസെടുക്കും എന്നൊക്കെയുള്ള ഹുങ്കും ഭീഷണിയും
മുഴക്കുന്നതും ഉടനടി അവസാനിപ്പിക്കണമെന്നും
അദ്ദേഹം ആവശ്യപ്പെട്ടു