
കോടഞ്ചേരി :
ഏ. ഡി. 325ൽ കോൺസ്റ്റന്റൈൻ ചക്രവർത്തിയുടെ ആഹ്വാനം അനുസരിച്ചുകൊണ്ട് ഇന്നത്തെ ടർക്കിയിലെ നിഖ്യാ എന്ന സ്ഥലത്ത് ക്രിസ്ത്യൻ സഭാ പിതാക്കന്മാർ ഒരുമിച്ചു കൂടി വിശ്വാസപ്രമാണം രൂപപ്പെടുത്തിയതിന്റെ 1700ാം വാർഷികം യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം കോടഞ്ചേരി മേഖലയുടെയും താമരശ്ശേരി രൂപത എക്യുമെമിനിസം ഡിപ്പാർട്ട്മെന്റിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന പാരിഷ് ഹാളിൽ ആഘോഷിച്ചു.
അറിയപ്പെടുന്ന ബൈബിൾ പണ്ഡിതനും കുന്നോത്ത് ഗുഡ് ഷെപ്പേർഡ് മേജർ സെമിനാരി പ്രൊഫസറുമായ റവ. ഡോ. ആന്റണി തറക്കടവിൽ യാക്കോബായ സുറിയാനി സഭ പെരുമ്പാവൂർ മേഖല മെത്രാപ്പോലീത്ത മാത്യൂസ് മോർ അപ്രേം തിരുമേനിയും നിഖ്യാ സുനഹദോസിന്റെ ചരിത്ര പശ്ചാത്തലത്തെക്കുറിച്ചും സൂനഹദോസിന്റെ ഇന്നത്തെ പ്രസക്തിയെക്കുറിച്ചുമുള്ള ഗഹനമായ ക്ലാസുകൾ നൽകി.
തുടർന്നു നടന്ന പൊതുസമ്മേളനത്തിൽ താമരശ്ശേരി രൂപതാ മെത്രാൻ മാർ റെമിജിയോസ് ഇഞ്ചനാനിയിൽ അധ്യക്ഷത വഹിച്ചു. ക്രിസ്തീയ സഭകളിലെ വിശ്വാസികൾ ഐക്യത്തോടെ നിൽക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അദ്ദേഹം ഉദ്ബോധിപ്പിച്ചു.
യാക്കോബായ സുറിയാനി സഭ കോഴിക്കോട് ഭദ്രാസനാധിപൻ പൗലോസ് മോർ ഐറേനിയോസ് മെത്രാപ്പോലീത്ത സമ്മേളനം ഉദ്ഘാടനം ചെയ്തു. ക്രിസ്തീയ സഭയിലെ വിശ്വാസികൾ സ്നേഹത്തോടും ഐക്യത്തോടും കൂടി മുന്നേറുന്നതാണ് നിഖ്യാ സുന്നഹദോസിന്റെ യഥാർത്ഥ ഉദ്ദേശമെന്ന് അദ്ദേഹം ഓർമ്മപ്പെടുത്തി.
താമരശ്ശേരി രൂപത എക്കുമിനിസം ഡയറക്ടറും കോടഞ്ചേരി മേഖല യുണൈറ്റഡ് ക്രിസ്ത്യൻ ഫോറത്തിന്റെ ഡയറക്ടറുമായ റവ. ഡോ. ജോസ് പെണ്ണാപറമ്പിൽ സ്വാഗതം ആശംസിച്ചു. കോടഞ്ചേരി ഫൊറോന വികാരി ഫാ. കുര്യാക്കോസ് ഐകുളമ്പിൽ, യു സി എഫ് കോടഞ്ചേരി മേഖല സെക്രട്ടറി ഫാ. ബേസിൽ തമ്പി പടിഞ്ഞാറേക്കര,
യുസിഎഫ് എക്സിക്യൂട്ടീവ് അംഗങ്ങളായ
ഫാ. സ്കറിയ ഈന്തലാംകുഴിയിൽ, ഫാ. അനൂപ് അലക്സാണ്ടർ, ഫാ.എബി ചിറയിൽ, ഫാ. ഷിജോ താന്നിയംകട്ടയിൽ, റവ. റിനോ ജോൺ, എന്നിവർ സംസാരിച്ചു. യൂസിഎഫ് കോടഞ്ചേരി മേഖലാ പ്രസിഡൻറ് രാജു ചൊള്ളാമഠത്തിൽ, സെക്രട്ടറി ഏലിയാസ്, ട്രഷറർ ഷിജി അവനൂർ, ജയ്സൺ മീൻമുട്ടി, ഷിബു മൈക്കാവ് ആനി പുത്തൻപുര, ടെസ്സി വേളങ്കോട് , ഓമന കേളംകുന്നേൽ, ലീന മാത്യു, റെജി പേഴത്തിങ്കൽ എന്നിവർ നേതൃത്വം നൽകി. സമ്മേളനത്തിൽ കോടഞ്ചേരി മേഖലയിലെ വിവിധ ഇടവകകളിൽ നിന്ന് മുന്നൂറോളം പേർ പങ്കെടുത്തു.




