കൊല്ലം :പൊതുവിദ്യാലയങ്ങളിൽ ഭിന്നശേഷി വിദ്യാർഥികൾക്ക് പഠന പിന്തുണ നൽകുന്ന താത്ക്കാലിക സ്പെഷൽ എജുക്കേറ്റർ ന്മാരുടെ സ്ഥിരനിയമനം അട്ടിമറിച്ച് കേരള സർക്കാർ .സ്പെഷൽ എജുക്കേറ്റർ തസ്തിക സൃഷ്ടിക്കണമെന്ന സുപ്രീം കോടതി ഉത്തരവ് നടപ്പാക്കാതിരിക്കാൻ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. രാജ്യത്തെ പൊതുവിദ്യാലയങ്ങളിൽ സ്പെഷൽ എജുക്കേറ്റർ തസ്തിക സൃഷ്ടിച്ച് മൂന്ന് മാസത്തിനകം നിയമനം നടത്താൻ കഴിഞ്ഞ മാർച്ച് ഏഴിന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു . ഉത്തരവ് നടപ്പാക്കാത്തതിനാൽ സുപ്രീം കോടതി നിർദ്ദേശ പ്രകാരം കേരളം നൽകിയ സത്യവാങ്മൂലമാണ് വിചിത്രമായത്. സ്പെഷൽ എജുക്കേറ്റന്മാരെ ക്ലസ്റ്ററുകളിൽ കരാർ അടിസ്ഥാനത്തിൽ ‘സ്ഥിര’മായി നിയമിക്കുമെന്നാണ് സത്യവാങ്മൂലത്തിൽ പറയുന്നത് . പൊതുവിദ്യാലയങ്ങളിൽ സ്പെഷൽ എജുക്കേറ്റർ തസ്തിക സൃഷ്ടിക്കുന്നത് ഒഴിവാക്കാൻ സുപ്രീംകോടതിയെ തെറ്റിധരിപ്പിക്കാനാണ് സംസ്ഥാന സർക്കാർ ശ്രമിച്ചതെന്ന് ആരോപണമുയർന്നു. നിർണയിച്ച തസ്തികകളുടെ എണ്ണം രണ്ട് ദിനപത്രങ്ങളിൽ പരസ്യപ്പെടുത്തണമെന്ന് സുപ്രീം കോടതി നിർദ്ദേശിച്ചിരുന്നു. സുപ്രീം കോടതി നിർദ്ദേശം പാലിച്ച് കേരളമൊഴികെയുള്ള 20 സംസ്ഥാനങ്ങൾ തസ്തിക നിർണയം ഇതിനകം പൂർത്തികരിച്ചിട്ടുണ്ട്. നിലവിൽ കരാർ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന സ്പെഷൽ എജുക്കേറ്റർന്മാരെ യോഗ്യത ഉൾപ്പെടെ പരിഗണിച്ച് സ്ഥിരപ്പെടുത്താനായിരുന്നു കോടതി നിർദ്ദേശിച്ചത്. വർഷങ്ങളായി കരാർ ജോലിയിൽ തുടരുന്നവർ പ്രായപരിധിയിൽ ഇളവ് നൽകാമെന്നും വിധി നിർദ്ദേശിച്ചു . കോടതി ഉത്തരവ് പ്രകാരം കരാർ അടിസ്ഥാനത്തിലുള്ള അധ്യാപകരുടെ സ്ഥിര നിയമനത്തിനായി മൂന്നംഗ സ്കീനിംങ് കമ്മിറ്റി രൂപവത്കരിച്ചെങ്കിലും സ്പെഷൽ എജുക്കേറ്റർന്മാരുടെ സ്ക്രീനിങ് നടപടി സംസ്ഥാനത്ത് നടന്നിട്ടില്ല . 2720 സ്പെഷൽ എജുക്കേറ്റർ ന്മാരാണ് സംസ്ഥാനത്ത് സമഗ്ര ശിക്ഷ കേരള പദ്ധതിയിൽ കരാർ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്നത്. 93,275 ഭിന്നശേഷി കുട്ടികൾ സംസ്ഥാനത്തെ സർക്കാർ , എയ്ഡഡ് വിദ്യാലയങ്ങളിലുണ്ടെന്ന് സർക്കാർ സത്യവാങ്മൂലത്തിലുണ്ട്.25 വർഷമായി കരാർ ജോലിയിൽ തുടരുന്നവരും ഈ അധ്യാപകരിലുണ്ട്.
കഴിഞ്ഞ ഒമ്പത് വർഷമായി ശബളം വർധിപ്പിച്ചിട്ടില്ലെന്നും സ്പെഷൽ എജുക്കേറ്റർ ന്മാർ പരാതിപ്പെട്ടു . ഉത്തർപ്രദേശ് സ്വദേശിയായ രജ്നീഷ് കുമാർ പാണ്ഡെ 2016 ൽ സുപ്രീം കോടതിയിൽ നൽകിയ ഹരജിയിൽ കേരളത്തിലെ അധ്യാപകർ 2022 ലാണ് കക്ഷി ചേർന്നത്. കേസ് സുപ്രീം കോടതി ചൊവ്വാഴ്ച പരിഗണിക്കുന്നുണ്ട്
സംസ്ഥാനം തസ്തിക എണ്ണം
മഹാരാഷ്ട്ര 4860
ഡൽഹി 4313
വെസ്റ്റ് ബംഗാൾ 5298
ആന്ധ്ര 3120
കർണാടക 3567
തെലങ്കാന 1523
പഞ്ചാബ് 1100
ഒറീസ 948
ഗുജറാത്ത് 3800
ഉത്തർപ്രദേശ് 5352
മധ്യ പ്രദേശ് 3962
രാജസ്ഥാൻ 4399
ഹരിയാന 1182
മണിപ്പൂർ 680
മിസോറാം 193
അസാം 287
ചണ്ഡിഗഡ് 96
സിക്കിം 87
ദാദ്രനഗർ
ഹാവേലി ദാമൻ ഡ്യൂ 352
ആൻ്റമാൻ നിക്കോ ബാർ
ദീപ് – 99




