
കോഴിക്കോട്: ഇന്ത്യൻ സൂപ്പർക്രോസ് റേസിംഗ് ലീഗ് (ഐഎസ്ആർഎൽ) സീസൺ 2 മത്സരങ്ങൾ നടന്ന കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയം കേരള ഫുട്ബോൾ അസോസിയേഷന് കെെമാറി. കേരള ഫുട്ബോൾ അസോസിയേഷൻ ജനറൽ സെക്രട്ടറി ഷാജി സി കുരിയൻ, ഐഎസ്ആർഎൽ സഹസ്ഥാപകൻ ഇഷാൻ ലോഖണ്ഡെ, ബാൻഡിഡോസ് മോട്ടോർസ്പോർട്സ് പ്രൊമോട്ടർ മുർഷിദ് ബഷീർ എന്നിവർ ചടങ്ങില്‍ പങ്കെടുത്തു. സീസൺ 2 മത്സരങ്ങൾക്ക് ഉപയോഗിച്ച പൂനെയിലെ ശ്രീ ശിവ ഛത്രപതി കോപ്ലെക്സും ഹൈദരാബാദിലെ ജിഎംസി ബാലയോഗി അത്ലറ്റിക് സ്റ്റേഡിയവും ഉൾപ്പെടെയുള്ള എല്ലാ വേദികളും വിജയകരമായി ബന്ധപ്പെട്ട അധികൃതര്‍ക്ക് കൈമാറിയതായി ഐഎസ്ആർഎൽ അറിയിച്ചു.
2025 ഒക്ടോബർ മുതൽ ഡിസംബർ വരെ പൂനെ, ഹൈദരാബാദ്, കോഴിക്കോട് നഗരങ്ങളിൽ നടന്ന സീസൺ 2 മത്സരങ്ങൾ വീക്ഷിക്കാൻ 55,000ത്തിലധികം കാണികൾ എത്തി. ഹൈ-ഇന്റെൻസിറ്റി സൂപ്പർക്രോസ് റേസുകളും ലൈവ് എന്റർടെയിൻമെന്റുമായിരുന്നു പരിപാടിയിലെ പ്രധാന ആകർഷണം. മത്സരങ്ങൾക്കുശേഷം സ്റ്റേഡിയം അധികൃതരും ഗ്രൗണ്ട് ടീമുകളും ചേർന്ന് സമയബന്ധിതമായ മത്സരാന്തര പ്രോട്ടോകോളുകൾ നടപ്പാക്കി. കേരള ഫുട്ബോൾ അസോസിയേഷൻ നടത്തിയ ഓഡിറ്റിൽ ഫുട്ബോൾ മൈതാനവും അത്ലറ്റിക് ട്രാക്കുകളും പഴയനിലയിലേക്ക് പൂർണമായി പുനഃസ്ഥാപിച്ചതായി അവകാശപ്പെട്ടു.
അന്താരാഷ്ട്ര നിലവാരത്തിലുള്ള ട്രാക്ക് എഞ്ചിനീയറിംഗ് സംവിധാനങ്ങളും ടർഫ് സംരക്ഷണ സാങ്കേതികവിദ്യകളും ഉപയോഗിച്ചാണ് സ്റ്റേഡിയങ്ങളെ താൽക്കാലികമായി മോട്ടോർസ്പോർട്സ് വേദികളാക്കി മാറ്റിയത്. ദീർഘകാല ആസ്തി സംരക്ഷണം ഉറപ്പാക്കി മൾട്ടി-സ്പോർട്സ് ഉപയോഗം സാധ്യമാക്കുന്നതിൽ ഐഎസ്ആർഎൽ മാതൃക ശ്രദ്ധേയമാണെന്ന് അധികൃതർ പറഞ്ഞു. അതേസമയം സീസൺ മൂന്നിനെ മുന്നിൽ കണ്ട് രാജ്യത്തെ കൂടുതൽ വേദികളുമായി സഹകരിക്കാനാണ് ലീഗിന്റെ ലക്ഷ്യം.




