
കോഴിക്കോട് : ട്രെയിനിന് നേരേയുണ്ടായ കല്ലേറിൽ യാത്രക്കാരിയായ വിദ്യാർത്ഥിനിക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു.
ഡിവിഷണൽ റയിൽവേ മാനേജരും (പാലക്കാട്)ഫറോക്ക് പോലീസ് അസി. കമ്മീഷണറും അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് ആവശ്യപ്പെട്ടു.
പുറമേരി സ്വദേശിനിയായ ആലുവ യു സി കോളജ് വിദ്യാർത്ഥിനിക്കാണ് കല്ലേറിൽ താടിയെല്ലിന് പരിക്കേറ്റത്. പല്ലുകൾ നഷ്ടമായി. തിങ്കളാഴ്ച രാത്രി കണ്ണൂർ എക്സിക്യൂട്ടിവ് എക്സ്പ്രസിന് നേരെയാണ് കല്ലേറുണ്ടായത്. കടലുണ്ടിക്കും ഫറോക്കിനുമിടയിലാണ് സംഭവം. മേയിൽ കോഴിക്കോട് നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. ദൃശ്യ മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിലാണ് നടപടി.




