കോഴിക്കോട് : തെരുവ് നായ ശല്യം മൂലം കോഴിക്കോട് നഗരവാസികൾ പൊറുതിമുട്ടുമ്പോൾ പെറ്റുപെരുകാൻ അവയ്ക്ക് ഈറ്റില്ലവും, സദാ ഭക്ഷണത്തിന് കമ്യൂണിറ്റി കിച്ചനും ഒരുക്കി കോഴിക്കോട് കളക്ടറേറ്റ്. ക്ലീൻകോഴിക്കോട്, ഉറവിട സംസ്കരണം, തെരുവ്നായ രഹിത നഗരം തുടങ്ങി വിവിധ ജനോപകാര പദ്ധതികൾ നടപ്പാക്കാൻ കോഴിക്കോട് നഗരസഭ ഭഗീരഥയത്നം നടത്തുമ്പോഴാണ് ജില്ലാ ഭരണ സിരാ കേന്ദ്രമായ കളക്ടറേറ്റ് ഭീമാകാരന്മാരും അക്രമകാരികളുമായി തെരുവ് നായ്ക്കൾക്ക് വിട്ടുകൊടുത്തിരിക്കുന്നത്. ആയിരക്കണക്കിന് ജീവനക്കാർ പ്രതിദിനം കൊണ്ടുവരുന്ന ഭക്ഷണത്തിൻ്റെ അവശിഷ്ടം തേടി സമീപ പ്രദേശങ്ങളിൽ നിന്നടക്കം നായ്ക്കൾ കളക്ടറേറ്റ് വളപ്പിൽ എത്തിക്കൊണ്ടിരിക്കയാണ്. ഭക്ഷണ അവശിഷ്ടം തുറന്നു കിടക്കുന്ന സിമൻ്റ് ഭരണികളിൽ ഉപേക്ഷിക്കുന്നതിനാൽ നായകൾക്ക് ദിവസം മുഴുവൻ കുശാലാണ് . ഇറച്ചി , മത്സ്യ അവശിഷ്ടമടക്കം തിന്നു കൊഴുക്കുന്ന ഇവ പകൽ ജീവനക്കാരുടെ കാറുകൾക്ക് അടിയിലും മറ്റുമായി വിശ്രമിക്കുകയും, രാത്രി സമീപ പ്രദേശങ്ങളിൽ ചുറ്റിക്കറങ്ങുകയുമാണ്. എട്ടും പത്തും അടങ്ങുന്ന സംഘങ്ങളായി സമീപ മേഖലകളിലെ വീടുകളുടെ മതിൽ ചാടിക്കടന്ന് നിരന്തരം പ്രശ്നങ്ങൾ സൃഷ്ടിച്ചു കൊണ്ടിരിക്കുന്നു. കടിപിടി കൂടുന്നതിൻ്റെയും, ഓലിയിടുന്നതിൻ്റെയും ബഹളം മൂലം പരിസര വാസികൾക്ക് ഉറങ്ങാൻ കഴിയുന്നില്ല. അക്രമകാരികളായ നായക്കൂട്ടം ഇരുചക്ര വാഹന യാത്രക്കാർക്ക് നേരെ കുരച്ചു ചാടുന്ന സംഭവങ്ങളും വർധിച്ചതോടെ ജനം ഭീതിയിലാണ് കഴിയുന്നത്. മുൻപ് കളക്ടറേറ്റ് വളപ്പിൽ ഭക്ഷണം വാരിവലിച്ചിടുന്ന അവസ്ഥയുണ്ടായിരുന്നു. നായ ശല്യത്തെക്കുറിച്ച് മുൻ കളക്ടറോട് പരാതിപ്പെട്ടതിനെ തുടർന്ന് അവശിഷ്ടം നിക്ഷേപിക്കാൻ മൂടിയുള്ള സിമൻ്റ് ബിന്നുകൾ സ്ഥാപിച്ചു. ഇത് പരിപാലിക്കാൻ ജീവനക്കാരേയും നിയോഗിച്ചു. ഇപ്പോൾ മൂടികൾ ഇല്ലാതെ തുറന്നു കിടക്കുന്ന ബിന്നുകളിലേക്ക് അവശിഷ്ടം എറിയുകയാണ്. ഇതാണ് നായ ശല്യം വർധിക്കാൻ കാരണം. കളക്ടറേറ്റിൻ്റെ മതിലുകൾക്ക് മുകളിൽ ഇരുമ്പു വേലി സ്ഥാപിച്ച് നായശല്യം ഒഴിവാക്കാൻ ശ്രമിച്ചെങ്കിലും ഗേറ്റുകൾ സദാ തുറന്നു കിടക്കുന്നതിനാൽ നായകൾക്ക് ഏത് സമയവും പ്രവേശിക്കാം. ഗേറ്റുകൾ അടച്ചുറപ്പുള്ളതാക്കുകയും, മതിലിന്ഉയരം കുറഞ്ഞ ഭാഗത്ത് നെറ്റ് കെട്ടുകയും ചെയ്യണമെന്ന് വിവിധ റസിഡൻസ് അസോസിയേഷനുകൾ ആവശ്യപ്പെടുന്നു. പരിസരവാസികളുടെ പരാതിയെ തുടർന്ന് ഡെപ്യൂട്ടി മേയർ സി.പി. മുസഫിർ അഹമ്മദ്, വാർഡ് കൗൺസിലർ എം.എൻ. പ്രവീൺ എന്നിവരുടെ നിർദ്ദേശപ്രകാരം അനിമൽ ബർത്ത് കൺട്രോൾ വിഭാഗവും നായപിടുത്തക്കാരും വ്യാഴാഴ്ച്ച രാവിലെ കളക്ടറേറ്റ് വളപ്പിലെത്തി കൈയിൽ കിട്ടിയ ചുരുക്കം നായകൾക്ക് കുത്തിവയ്പ് നൽകി. ഇവരെ കണ്ട് ഭൂരിഭാഗം നായ്ക്കളും ഓടിരക്ഷപ്പെട്ടു. നടപടി പ്രഹസനമാക്കാതെ, ഉച്ചയ്ക്ക് ഊൺസമയത്ത് ഗേറ്റ് അടച്ചിട്ട് മുഴുവൻ നായ്ക്കളേയും പിടികൂടി വന്ധ്യംകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. കുട്ടിനായ്ക്കൾ അടക്കമുള്ള സംഘങ്ങളാണ് രാത്രി നാട്ടുകാർക്ക് ശല്യമാകുന്നത്. അവധി ദിനങ്ങളിൽ ഭക്ഷണ അവശിഷ്ടം കിട്ടാതെ അടുത്ത വീടുകളിൽ കടന്ന് അക്രമവാസന കാണിക്കുകയാണ് നായക്കൂട്ടങ്ങൾ –
Related Articles
September 26, 2021
245
കരിപ്പൂർ സ്വർണ്ണക്കടത്ത് കവർച്ചാ കേസ് ; താമരശ്ശേരി സംഘത്തിലെ ഒരാൾ കൂടി പിടിയിൽ
Check Also
Close-
ഉപതിരഞ്ഞെടുപ്പുകള്‍ വേണ്ടെന്ന് സര്‍വകക്ഷി യോഗത്തില്‍ ധാരണ
September 11, 2020