KERALAlocaltop news

റോഡിൽ ഗ്യാസ് സിലിണ്ടറുകൾ: മനുഷ്യാവകാശ കമീഷനെ ധിക്കരിച്ച് തിരിച്ചെത്തിച്ച മാനാഞ്ചിറ കവലയിലെ തട്ടുകട പ്രവർത്തിക്കുന്നത് അതീവ അപകടാവസ്ഥയിൽ

കോഴിക്കോട് : സംസ്ഥാന മനുഷ്യാവകാശ കമീഷൻ്റെ ഉത്തരവ് മറികടന്ന് ഇല്ലാത്ത അധികാരപ്രയോഗത്തിലൂടെ  തെരുവുകച്ചവട         സംരക്ഷണ നിയമ  സംസ്ഥാന കമ്മിറ്റിയുടെ ചെയർമാനും റിട്ട. ജില്ലാ ജഡ്ജുമായ   എം.എ.നിസാർ “തിരിച്ചെത്തിച്ച ” മാനാഞ്ചിറ കവല ഫുട്പാത്തിലെ അനധികൃത തട്ടുകട പ്രവർത്തിക്കുന്നത് അതീവ അപകടാവസ്ഥയിൽ . നിരവധി വിശ്വാസികൾ എത്തുന്ന പട്ടാളപ്പള്ളിക്ക് സമീപം,പൊതു ജനങ്ങൾ ബസ് കാത്തു നിൽക്കുന്ന ബസ് സ്റ്റോപ്പിലാണ് തുറസായ റോഡിൽ ഗ്യാസ് സിലിണ്ടറുകൾ പ്രവർത്തിപ്പിച്ച് കച്ചവടം. നിമിഷ നേരത്തെ അശ്രദ്ധമൂലം പ്രദേശം കത്തിച്ചാമ്പലാകാൻ  ഇത് വഴി തെളിക്കുമെങ്കിലും നഗരസഭയും പോലീസുമടക്കം അധികൃതർ കട നടത്തിപ്പുകാരിയായ നേതാവിന്  ഒത്താശ ചെയ്യുകയാണെന്നും ജനങ്ങളുടെ ജീവൻ പന്താടാൻ വിട്ടുകൊടുക്കരുതെന്നും ആവശ്യപെട്ട് നഗരത്തിലെ ചില പൊതു പ്രവർത്തകർ മനുഷ്യാവകാശ കമീഷനെ ഉണർത്തിച്ചു. ഇതിൽ ഒരു തട്ടുകടയുടെ ഉടമയ്ക്ക് ഈ ഭാഗത്ത് ആറിലധികം തട്ടുകടകൾ ഉള്ളതായും ചിലത് മറിച്ചു നൽകിയിരിക്കയാണെന്നും പോലീസ് മനുഷ്യാവകാശ കമീഷനെ വാക്കാൽ അറിയിച്ചു. കൊടും ചൂടിൽ ടാർ റോഡിന് മുകളിൽ വച്ചിരിക്കുന്ന ഗ്യാസ് സിലിണ്ടറിന് തീപിടിക്കാൻ സാധ്യതയുണ്ടെന്നു പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വാണിജ്യ ആവശ്യകൾക്കുള്ള വലിപ്പമേറിയ മൂന്നോളം സിലിണ്ടറുകളാണ് ഇവിടെ  അപകടകരമായ നിലയിൽ സൂക്ഷിച്ചിട്ടുള്ളത്.  ബസ് സ്റ്റോപ്പ് തെരുവുകച്ചവടക്കാരിൽ നിന്ന് മോചിപ്പിക്കണം എന്നഭ്യർത്ഥിച്ച് ബസ് ഓണേഴ്സ് അസോസിയേഷനും മനുഷ്യാവകാശ കമീഷനെ സമീപിച്ചു. സ്ഥിതിഗതികൾ കണക്കിലെടുത്തു – ഇല്ലാത്ത അധികാരം പ്രയോഗിച്ച റിട്ട. മജിസ്ട്രേട്ട് എം.എ. നിസാറിന് മനുഷ്യാവകാശ കമീഷൻ ജുഡീഷ്യലംഗം കെ .ബൈജുനാഥ് കാരണം കാണിക്കൽ നോട്ടീസയച്ചു. വിഷയം ഹൈകോടതി ജഡ്ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ്റെ ശ്രദ്ധയിൽ കൊണ്ടുവന്നേക്കും. രാഷ്ട്രീയ നേതാവായ വനിതയെ അടക്കം സംരക്ഷിക്കാൻ ഒത്താശ ചെയ്യുന്ന നഗരസഭാ സെക്രട്ടറിയടക്കമുള്ളവർ നഗരത്തിലെ മറ്റ് തെരുവ് കച്ചവടക്കാരുടെ കഞ്ഞിയിൽ മണ്ണുവാരിയിടരുതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. താൻ തെരുവ് കച്ചവടത്തിന് എതിരല്ലെന്നും എന്നാൽ  ഫുട്പാത്ത് കച്ചവടം അനുവദിക്കാനാവില്ലെന്നുമാണ്  മനുഷ്യാവകാശ കമീഷൻ്റെ നിലപാട്. തട്ടുകട വീണ്ടും ഫുട്പാത്ത് കൈയടക്കിയെങ്കിലും മനുഷ്യാവകാശ കമീഷൻ്റെ നിരീക്ഷണത്തിലായതിനാൽ രണ്ട് ദിവസമായി പ്രവർത്തിക്കുന്നില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close