
കോഴിക്കോട്: ആധുനികയുഗത്തിൽ മനുഷ്യരുടെ ജീവിതനിലവാരം ഉയർന്നെങ്കിലും ജീവിതമൂല്യങ്ങൾക്ക് ഉയർച്ചയുണ്ടായതായി കാണുന്നില്ല എന്ന് നോവലിസ്റ്റും തിരക്കഥാകൃത്തുമായ പി.ആർ.നാഥൻ അഭിപ്രായപ്പെട്ടു. വിവേകാനന്ദ ജയന്തിയോടനുബന്ധിച്ച് കോഴിക്കോട് അളകാപുരി ഓഡിറ്റോറിയത്തിൽവെച്ച് സപര്യ സാംസ്കാരിക സമിതി സംഘടിപ്പിച്ച വിവേകാനന്ദ പുരസ്കാരദാനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വായനാശീലം കുറഞ്ഞത് മൂല്യശോഷണത്തിന്റെ പ്രധാന കാരണങ്ങളിലൊന്നാണ്. മനുഷ്യരുടെ മൂല്യങ്ങൾ ഉയർത്താനായി പരിശ്രമിക്കുന്നവർക്ക് വേണ്ടരീതിയിൽ പ്രോത്സാഹനം ലഭിക്കുന്നുമില്ല. വേദവിദ്യ കലണ്ടറിനും കനകദാസ് പേരാമ്പ്രയ്ക്കും വിവേകാനന്ദ പുരസ്കാരം നൽകുന്നതിലൂടെ സപര്യ സാംസ്കാരിക സമിതി ചെയ്തത് അത്തരത്തിലുള്ള മഹത്തായ പ്രോത്സാഹനമാണ്, പി.ആർ നാഥൻ കൂട്ടിച്ചേർത്തു. കാശ്യപ വേദ റിസര്‍ച്ച് ഫൗണ്ടേഷന് കുലപതി ആചാര്യശ്രീ എം.ആർ. രാജേഷ് അനുഗ്രഹഭാഷണം നടത്തുകയും സപര്യ സംഘടിപ്പിച്ച വിവേകാനന്ദ കവിതാമത്സരത്തിന്റെ പുരസ്കാരങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. വൃത്തത്തിനും പദവ്യുത്പത്തിക്കും പ്രാധാന്യം നൽകാതിരിക്കുന്നത് സാഹിത്യത്തിന്റെ തനതായ മൂല്യത്തെ കുറയ്ക്കുന്നു എന്നും, അതുകൊണ്ടാണ് വൈദികസാഹിത്യം ഛന്ദശ്ശാസ്ത്രത്തിനും നിരുക്തശാസ്ത്രത്തിനും പ്രാധാന്യം നൽകിയത് എന്നും ആചാര്യശ്രീ രാജേഷ് അഭിപ്രായപ്പെട്ടു. 365 ദിവസവും 365 വേദമന്ത്രങ്ങള്‍ അര്‍ഥസഹിതം ഉള്‍പ്പെടുത്തിക്കൊണ്ട് കലണ്ടറിലൂടെ വേദപഠനം സാധ്യമാക്കുന്ന ലോകത്തിലെതന്നെ ആദ്യ കലണ്ടര്‍ എന്നത് പരിഗണിച്ചാണ് വേദവിദ്യ കലണ്ടറിന് പുരസ്കാരം നൽകുന്നത് എന്ന് സപര്യയുടെ മുഖ്യ ഉപദേഷ്ടാവ് സുകുമാരൻ പെരിയച്ചൂർ അഭിപ്രായപ്പെട്ടു. കാശ്യപ വേദ റിസര്‍ച്ച് ഫൗണ്ടേഷന് ട്രസ്റ്റികളായ വിവേക് ഡി ഷേണായ്, പി.ടി വിപിൻ ആര്യ എന്നിവർ പി.ആർ.നാഥനിൽനിന്നും വേദവിദ്യ കലണ്ടറിനുള്ള സപര്യ വിവേകാനന്ദ പുരസ്കാരം ഏറ്റുവാങ്ങി. ദേശീയോദ്ഗ്രഥനത്തിനുള്ള വിവേകാനന്ദ പുരസ്കാരം മാതാ പേരാമ്പ്ര ഡയറക്ടർ കനകദാസ് പേരാമ്പ്രയും ഏറ്റുവാങ്ങി. കവിയും ഗാനരചയിതാവുമായ പി.കെ.ഗോപി വിശിഷ്ടാതിഥിയായി. മുരളീധരൻ പട്ടാന്നൂർ വിവേകാനന്ദ പുരസ്കാരവും, സീന രവി വള്ളികുന്നം, ബൈജു ഇരിങ്ങല്ലൂർ, ഷൈനി കൃഷ്ണ, ഡോ. ഹസീന ബീഗം, അനുശ്രീ ചന്ദ്രൻ എന്നിവർ പ്രത്യേക ജൂറി പുരസ്കാരവും ആചാര്യശ്രീ രാജേഷിൽ നിന്നും ഏറ്റുവാങ്ങി. സപര്യ സംസ്ഥാന വർക്കിങ് പ്രസിഡന്റ് ഡോ. ആനന്ദകൃഷ്ണൻ എടച്ചേരി അധ്യക്ഷത വഹിച്ച ചടങ്ങിൽ, കവി ശ്രീകുമാർ കോറോം പ്രാർഥന ചൊല്ലി. സപര്യ സംസ്ഥാന ജന. സെക്രട്ടറി അനിൽ പട്ടേന സ്വാഗതവും സപര്യ ട്രഷറർ ഡോ.പി. സുരേഷ് കുമാർ നന്ദിയും പറഞ്ഞു.




