ന്യൂഡല്‍ഹി: സ്കൂള്‍ ഗെയിംസ് ഫെഡറേഷന് ഓഫ് ഇന്ത്യ (എസ് ജി എഫ് ഐ)യില്‍ പ്രസിഡന്റ് അറിയാതെ ജനറല്‍ സെക്രട്ടറി ബൈ ലോ മാറ്റി! രണ്ട് തവണ ഒളിമ്പിക് മെഡല്‍ സ്വന്തമാക്കിയ ഗുസ്തി താരം സുശീല്‍ കുമാര്‍ എസ് ജി എഫ് ഐയുടെ പ്രസിഡന്റ്. സുശീലിന്റെ അനുമതിയില്ലാതെ അദ്ദേഹത്തിന്റെ വ്യാജ ഒപ്പ് രേഖപ്പെടുത്തിയാണ് ജനറല്‍ സെക്രട്ടറി രാജേഷ് മിശ്ര തിരിമറി നടത്തിയത്.
2016 ജുലൈ മുതല്‍ ഫെഡറേഷന്റെ തലപ്പത്തുള്ള സുശീല്‍ കുമാര്‍ അറിയാതെ ജനറല്‍ സെക്രട്ടറി രാജേഷ് മിശ്ര നടത്തിയ തട്ടിപ്പാണ് കഴിഞ്ഞ ദിവസം പുറത്തു വന്നത്.
നവംബര്‍ 12നാണ് സുശീല്‍ കുമാറിന് കേന്ദ്ര കായിക മന്ത്രാലയത്തില്‍ നിന്ന് ഒരു കത്ത് ലഭിക്കുന്നത്. എസ് ജി എഫ് ഐയിലെ ഭാരവാഹികളെല്ലാം ചേര്‍ന്ന് നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കായികമന്ത്രാലയം വിശദീകരണം തേടുകയായിരുന്നു.
അപ്പോഴാണ്, ജനറല്‍ സെക്രട്ടറി തന്റെ ഒപ്പ് വ്യാജമായി രേഖപ്പെടുത്തി ബൈ ലോ മാറ്റിയത് സുശീല്‍ കുമാറിന്റെ ശ്രദ്ധയില്‍ പെട്ടത്. എസ് ജി എഫ് ഐയുടെ മുഴുവന്‍ അധികാരവും ജനറല്‍ സെക്രട്ടറിയില്‍ കേന്ദ്രീകരിക്കുന്ന വിധത്തിലായിരുന്നു ബൈ ലോ മാറ്റിയെഴുതിയത്. നിയമനടപടി സ്വീകരിച്ചിരിക്കുകയാണ് സുശീല്‍ കുമാര്‍.