
കോഴിക്കോട് : ജോലിയിലെ കടുത്ത അനാസ്ഥ മൂലം റവന്യു വകുപ്പിലെ രണ്ട് ജീവനക്കാർക്ക് സസ്പെൻഷൻ.കോഴിക്കോട് ചെലവൂർ വില്ലേജ് ഓഫീസർ പി. ജസി , കോഴിക്കോട് താലൂക്ക് കാഫീസിലെ സീനിയർ ക്ലർക്ക് പി.പി. രജിലേഷ് എന്നിവരെയാണ് ഭരണപരിഷ്ക്കാര വിജിലൻസ് സെല്ലിൻ്റെ റിപ്പോർട്ട് പ്രകാരം അണ്ടർ സെക്രട്ടറി സസ്പെൻ്റ് ചെയ്തത്. കോഴിക്കോട് കളക്ടറേറ്റിലെ സീക്രട്ട് സെക്ഷനിൽ ജോലിയിലിരിക്കെ ഫയലുകൾ വച്ച് താമസിപ്പിക്കുക വഴി നിരവധി ഉദ്യോഗസ്ഥരെ വകുപ്പുതല നടപടിയിൽ നിന്ന് രക്ഷിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് ഫെബ്രുവരി 27ന് സസ്പെൻഷൻ ഉത്തരവിറക്കിയത്.
അഴിമതിയിലും മറ്റ് കുറ്റകൃത്യങ്ങളിലും ഉൾപ്പെട്ട റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ലാൻഡ് റവന്യൂ കമ്മീഷണറേറ്റിൽ നിന്നും സെക്രട്ടേറിയറ്റിൽ നിന്നും കോഴിക്കോട് ജില്ലാ കളക്ടറേറ്റിലേക്ക് അയച്ചുകൊടുത്തിട്ടുള്ള റിപ്പോർട്ടുകളിൽ പലതിന്മേലും കളക്ടറേറ്റിലെ രഹസ്യ വിഭാഗം യാതൊരുവിധ തുടർ നടപടികളും സ്വീകരിക്കുന്നില്ലെന്നും. അച്ചടക്ക നടപടിക്ക് ശിപാർശ ചെയ്യപ്പെട്ട ജീവനക്കാരിൽ പലരും ഇക്കാലയളവിൽ സർവീസിൽ നിന്നും വിരമിച്ചു പോയതായും വകുപ്പിലെ ഉദ്യോഗസ്ഥർക്കെതിരെയുള്ള അച്ചടക്ക നടപടികൾ സ്വീകരിക്കുന്നതിൽ കോഴിക്കോട് കളക്ടറേറ്റിലെ രഹസ്യ വിഭാഗത്തിൽ കാലതാമസം നേരിടുന്നുവെന്നുമുള്ള വിഷയം സംബന്ധിച്ച് പരിശോധന നടത്തുന്നതിനു പരാമർശം (1) പ്രകാരം ഉത്തരവായതിൻ്റെ അടിസ്ഥാനത്തിൽ സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥ ഭരണ പരിഷ്കാര (അഡ്മിനിസ്ട്രേറ്റിവ് വിജിലൻസ് സെൽ) വകുപ്പിന്റെ നേതൃത്വത്തിൽ 2024 നവംബർ മാസം 5, 6, 7 തീയതികളിൽ കോഴിക്കോട് കലക്ടറേറ്റിലെ രഹസ്യ വിഭാഗത്തിൽ പരിശോധന നടത്തി പരാമർശം (2) പ്രകാരം ഇടക്കാല അന്വേഷണ റിപ്പോർട്ട് ലഭ്യമാക്കിയിരുന്നു.
റവന്യൂ വകുപ്പിലെ മുഴുവൻ ജീവനക്കാരുടേയും അച്ചടക്ക നടപടികൾ സംബന്ധിച്ച എല്ലാ വിഷയങ്ങളും കൈകാര്യം ചെയ്യുന്നത് സീക്രട്ട് സെക്ഷനിലെ എസ്. 3. സീറ്റിലാണ്. നിലവിൽ എല്ലാ ഫയലുകളും ഇ-ഫയലായാണ് കൈകാര്യം ചെയ്തു വരുന്നത്. ഇ- ഓഫീസിലെ ഇൻബോക്സ്, പാർക്ക്‌ഡ് ഫയൽ, ക്രിയേറ്റഡ് ഫയൽ എന്നിവ പരിശോധിച്ചതിൽ ആകെ 821 ഫയലുകൾ ഉള്ളതായി കാണപ്പെട്ടു. ഇൻബോക്സ് പരിശോധിച്ചതിൽ 2017 മുതൽ 2023 വരെയുള്ള കാലയളവിലെ 617 ഓളം ഫയലുകൾ തീർപ്പാക്കാൻ ശേഷിക്കുന്നതായി കണ്ടെത്തി.08/06/2016 മുതൽ 11/12/2018 വരെ .ജസി.പി യും 12/12/2018 മുതൽ 20/12/2023 വരെ .രജിലേഷ്.പി.പി യുമാണ് എസ്3 സീറ്റ് കൈകാര്യം ചെയ്തിരുന്നത്. ടി ഉദ്യോഗസ്ഥർ വിവിധ വിഷയങ്ങളിലുള്ള തപാലുകൾ ഒറ്റ ഫയലാക്കി ക്രിയേറ്റ് ചെയ്ത് അതിലെ നടപടികൾ തടസ്സപ്പെടുത്തിയതായും, അച്ചടക്കനടപടികൾ ശിപാർശ ചെയ്യപ്പെട്ട കേസുകളിലുൾപ്പെട്ട ഫയലുകളിൽ നടപടി സ്വീകരിച്ചിട്ടില്ലെന്നും സർക്കാർ നിർദ്ദേശങ്ങൾ നൽകിയ വിഷയങ്ങളിൽ നടപടികൾ പൂർത്തീകരിച്ചിട്ടില്ലെന്നും ജില്ലാ കളക്ടർ അച്ചടക്കനടപടി സ്വീകരിക്കണമെന്ന് ഉത്തരവിട്ട ഫയലുകളിൽ നടപടി സ്വീകരിക്കാത്തതായും സർക്കാർ ലാൻഡ് റവന്യൂ കമ്മീഷണർ ആവശ്യപ്പെട്ട റിപ്പോർട്ടുകൾ യഥാസമയം സമർപ്പിക്കുന്നതിൽ വീഴ്ച വരുത്തിയതായും സർക്കാർ ഉത്തരവിലൂടെ നടപ്പിലാക്കിയ ശിക്ഷകൾ പോലും നടപ്പിലാക്കുന്നതിന് മറ്റ് ഓഫീസുകളിലേക്ക് അയച്ചു കൊടുക്കാതെ തടസ്സപ്പെടുത്തിയതായും ഇൻസ്പെക്ഷൻ വിംഗ്, സബ് കളക്ടർ തഹസിൽദാർമാർ. റവന്യൂ വിജിലൻസ് വിഭാഗം എന്നിവരെ കളക്ടറേറ്റിൽ നിന്നും അന്വേഷണത്തിനായി ചുമതലപ്പെടുത്തുന്ന കേസുകളിൽ തുടർപരിശോധന നടത്താതിരുന്നതായും. ഉദ്യോഗസ്ഥർ സർവ്വീസിൽ നിന്നും വിരമിക്കുന്ന സമയം വരെ ഫയലുകളിലെ നടപടികൾ നീട്ടിക്കൊണ്ടു പോകാൻ ശ്രമം നടത്തിയതായും പരിശോധനയിൽ കണ്ടെത്തി. ഇതിനു പുറമെ അച്ചടക്കനടപടി നേരിടുന്ന ഉദ്യോഗസ്ഥരുടെ പട്ടിക ഇനം തിരിച്ച് സൂക്ഷിക്കുന്നില്ലെന്നും പേഴ്‌സണൽ രജിസ്റ്റർ എഴുതി സൂക്ഷിക്കുകയോ, പരിശോധനക്ക് സമർപ്പിക്കുകയോ ചെയ്തിട്ടില്ലെന്നും ഓഫീസിൽ സൂക്ഷിക്കേണ്ടതായ രജിസ്റ്ററുകൾ ആവശ്യമായ രേഖപ്പെടുത്തലുകൾ വരുത്തി സൂക്ഷിച്ചിട്ടില്ലെന്നും കണ്ടെത്തി.
എസ് 3 സെക്ഷൻ ക്ലാർക്കായിരുന്ന രജിലേഷ് പി.പി. വില്ലേജ് ഓഫീസ് വളപ്പിലെ ചന്ദനമരം അനധികൃതമായി മുറിച്ച് കടത്തിയത് സംബന്ധിച്ച് വില്ലേജ് ഓഫീസർ സദാശിവനെതിരെ അച്ചടക്കനടപടി സ്വീകരിക്കാതെ ഫയലിലെ നടപടികൾ നിർത്തിവെച്ചതായും ടിയാനെതിരായ അന്വേഷണ റിപ്പോർട്ട് ഫയലിൽ സമർപ്പിക്കുകയോ വിവരം വനം വകുപ്പിനെ അറിയിച്ച് കേസ് രജിസ്റ്റർ ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയോ ചെയ്തിട്ടില്ലെന്നും വില്ലേജ് ഓഫീസർ സദാശിവനെതിരെ അച്ചടക്കനടപടികൾ സ്വീകരിക്കണമെന്ന ജില്ലാ കളക്ടറുടെ ഉത്തരവ് പാലിച്ചില്ലെന്നും എസ്.3 സീറ്റിൽ നിന്നും 2023 ഡിസംബറിൽ സ്ഥലംമാറിപ്പോകുന്നതിന് മുമ്പായി പെൻഡിംഗ് ഫയലുകളുടെ ലിസ്റ്റ്, രജിസ്റ്ററുകൾ. ഫിസിക്കൽ ഫയലുകൾ തുടങ്ങിയവ പുതിയ ക്ലാർക്കിന് രേഖാമൂലം കൈമാറിയിട്ടില്ലെന്നും പരിശോധനയിൽ കണ്ടെത്തി.
ഒരു സർക്കാർ ഉദ്യോഗസ്ഥൻ ,ഉദ്യോഗസ്‌ഥ എന്ന നിലയിൽ ഉത്തരവാദിത്വത്തോടെയും കാര്യക്ഷമതയോടേയും ജോലി നിർവഹിക്കുന്നതിൽ രജിലേഷ.പി.പി. .ജസി.പി എന്നിവരുടെ ഭാഗത്തു നിന്നും ഗുരുതരമായ വീഴ്ചയുണ്ടായ സാഹചര്യത്തിൽ ആരോപണ വിധേയരെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്യേണ്ടതാണെന്ന പരാമർശം (2) റിപ്പോർട്ടിലെ ശിപാർശയുടെ അടിസ്ഥാനത്തിൽ കോഴിക്കോട് കലക്ടറേറ്റിലെ രഹസ്യ വിഭാഗത്തിലെ എസ് 3 സെക്ഷൻ ക്ലാർക്കുമാരായിരുന്ന ശ്രീമതി.ജസി. പി(നിലവിൽ ചെലവൂർ വില്ലേജ് ഓഫീസർ), ശ്രീ.രജിലേഷ്.പി..പി(നിലവിൽ കോഴിക്കോട് താലൂക്ക് ഓഫീസിൽ സീനിയർ ക്ലാർക്ക്) എന്നിവരെ ഉടൻ പ്രാബല്യത്തിൽ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തു ഇതിനാൽ ഉത്തരവാകുന്നു.