
കോഴിക്കോട്: ദേശീയപാതാ നവീകരണം നടക്കുന്ന ഭാഗത്തെ സുരക്ഷാ ഭിത്തിയില്ലാത്ത കുഴിയിലെ വെള്ളക്കെട്ടിൽ വീണ് ഓൺലൈൻ ഭക്ഷണ വിതരണ കമ്പനി ജീവനക്കാരൻ മരിച്ച സംഭവത്തെ കുറിച്ചുള്ള അന്വേഷണത്തിൽ അധിക്യതർ കാണിക്കുന്ന അലംഭാവം നിർഭാഗ്യകരമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജൂനാഥ്.
മരിച്ചയാളുടെ ഭാര്യയുടെ മൊഴി പോലും എടുത്തിട്ടില്ലെന്ന ആക്ഷേപം അത് ഭുതപ്പെടുത്തുന്നതായി കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. കോഴിക്കോട് ജില്ലാ പോലീസ് മേധാവി അടിയന്തരമായി വിഷയത്തിൽ ഇടപെട്ട് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. സ്വീകരിച്ച നടപടികൾ സംബന്ധിച്ച് ഒരാഴ്ചക്കകം അഡീഷണൽ റിപ്പോർട്ട് സമർപ്പിക്കണം.
മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിലാണ് കമ്മീഷൻ വീണ്ടും ഇടപെട്ടത്. നേരത്തെ ഇതു സംബന്ധിച്ച് കമ്മീഷൻ സ്വമേധയാ കേസെടുത്തിരുന്നു. ഫെബ്രുവരി 28 ന് കോഴിക്കോട് ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.
ദേശീയ പാതാ പ്രോജക്റ്റ് ഡയറക്ടർ, ജില്ലാ കളക്ടർ, ജില്ലാ പോലീസ് മേധാവി എന്നിവരിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു.
എലത്തൂർ സ്വദേശിയായ എം രഞ്ജിത്താണ് തൊണ്ടയാട് – മലാപറമ്പ റോഡിലെ പനാത്തുതാഴം നേതാജി ജംഗ്ഷനിലെ വലിയ കുഴിയിൽ വീണത്. റോഡിന്റെ ഒരു വശത്തുള്ള കുഴി തുറന്നു കിടക്കുകയായിരുന്നു.സുരക്ഷാ മൂന്നറിയിപ്പ് ഉണ്ടായിരുന്നില്ല. തെരുവുവിളക്കും ഉണ്ടായിരുന്നില്ല.