
കോഴിക്കോട് : ഇടതു സർക്കാർ പ്രഖ്യാപിച്ച നഗരത്തിലെ പ്രധാന റോഡുകൾ എത്രയും വേഗം പൂർത്തിയാക്കി കോഴിക്കോടിനെ – ന്യൂ കോഴിക്കോടാക്കി മാറ്റുമെന്ന് പൊതുമരാമത്ത്- ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ്. മാനാഞ്ചിറ – വെള്ളിമാടുകുന്ന് റോഡിനൊപ്പം, മുൻപ് ഈ സർക്കാർ പ്രഖ്യാപിച്ച കരിക്കാംകുളം – സിവിൽ സ്റ്റേഷൻ – കോട്ടുളി റോഡ് അടക്കം മറ്റ് 12 റോഡുകൾ കൂടി ഉടൻ പൂർത്തിയാക്കും. ഇതോടെ, ദൽഹി ന്യൂദൽഹി ആയി മാറിയതുപോലെ കോഴിക്കോടിനെ ന്യൂ കോഴിക്കോടാക്കി മാറ്റും – മാനാഞ്ചിറ – വെള്ളിമാടുകുന്ന് റോഡിലെ – ഉടൻ വീതി കൂട്ടൽ ആരംഭിക്കുന്ന മാനാഞ്ചിറ – മലാപ്പറമ്പ് റോഡിൻ്റെ പ്രവർത്തി ഉദ്ഘാടനം കോഴിക്കോട് സിവിൽ സ്റ്റേഷനടുത്ത് നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി . കരിക്കാംകുളം – സിവിൽ- കോട്ടുളി , മാളിക്കടവ് തണ്ണീർപന്തൽ, അരയിടത്തുപാലം – ചെറൂട്ടി റോഡ്, കോതിപാലം – ചക്കുംകടവ് – പന്നിയങ്കര , പെരിങ്ങളം ജംഗ്ഷൻ റോഡ്, മൂഴിക്കൽ – കളാണിത്താഴം- മിനി ബൈപാസിൽ പനാത്തുതാഴം മേൽപ്പാലം, മാങ്കാവ് – പൊക്കുന്ന്, രാമനാട്ടുകര- വട്ടക്കിണർ, കല്ലുത്താൻ കടവ്- മീഞ്ചന്ത അടക്കം റോഡ് തുടങ്ങി സിറ്റി പരിധിയിലെ 12 റോഡുകളുടെ വികസനത്തിന് 1313 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഇതിൽ 721 കോടി രൂപ ഭൂമി ഏറ്റെടുക്കുന്നതിനും 592 കോടി രൂപ നിർമാണത്തിനുമാണ്. ദീർഘകാലമായി സിവിൽ സ്റ്റേഷൻ ഭാഗത്തെ സിവിൽ റൈറ്റ്സ് റസി. അസോസിയേഷനടക്കം പ്രദേശവാസികൾ മുറവിളി കൂട്ടുന്ന കരിക്കാംകുളം – സിവിൽ- കോട്ടുളി റോഡിൽ ബാക്കി ഭൂമി ഏറ്റെടുക്കൽ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കുമെന്നത് ഞാൻ നൽകിയ ഉറപ്പാണ്.4.11 കി.മി ദൈർഘ്യമുള്ള ഈ റോഡ് നവീകരിക്കാൻ 47 കോടി രൂപ സ്ഥലം ഏറ്റെടുക്കലിനും , നിർമാണത്തിന് 37. 536 കോടി രൂപയടക്കം മൊത്തം 84. 536 കോടി രൂപ അനുവദിച്ചതാണ്. വയനാട് റോഡിലെ സിവിൽ സ്റ്റേഷനടുത്ത മൂലംപള്ളി ജംഗ്ഷൻ മുതൽ കോട്ടുളി ഭാഗത്തേക്ക് പ്രകൃതി ഹൗസ് വരെ 200 മീറ്ററോളവും, മൂലംപള്ളി ജംഗ്ഷനിൽ നിന്ന് കരിക്കാം കുളം ഭാഗത്തേക്കും കുറച്ച് ഭൂമി ഏറ്റെടുക്കാനുണ്ട്. ഭൂമി ഏറ്റെടുക്കൽ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കാൻ കല്ലിടൽ നടപടിക്കായി യു എൽ സി സിയെ ചുമതലപ്പെടുത്തി കഴിഞ്ഞു. കല്ലിടൽ എത്രയും വേഗം പൂർത്തിയാക്കി ആവശ്യമുള്ളിടത്ത് പുതുതായി റോഡ് വെട്ടും. കോട്ടുളിയിൽ നിന്ന് സിവിൽ സ്റ്റേഷൻ ഭാഗത്തേക്ക് – പാലാട്ട്താഴം റോഡിൻ്റെ തുടക്കം മുതൽ പ്രകൃതി ഹൗസ് വരെയുള്ള ഭാഗം മുൻപ് ഏറ്റെടുത്തതാണ്. പഴയ ജന്മി സൗജന്യമായി റോഡിന് വിട്ടു നൽകിയ ഭാഗമടക്കം ഉടൻ വികസിപ്പിക്കും. തോട്ടത്തിൽ രവീന്ദ്രൻ എം.എൽ എ , ഡെപ്യൂട്ടി മേയർ സി.പി. മുസഫിർ അഹമ്മദ്, വാർഡ് കൗൺസിലർ എം.എൻ. പ്രവീൺ എന്നിവർ ഈ റോഡിനായി നിരന്തരം സമ്മർദ്ദം ചെലുത്തുന്നുണ്ട്. അവരുടെ ഇടപെടലും അനുവദിച്ച ഫണ്ടും വെറുതെയാവില്ല – മന്ത്രി വ്യക്തമാക്കി. ചടങ്ങിൽ തോട്ടത്തിൽ രവീന്ദ്രൻ എം എൽ എ അധ്യക്ഷത വഹിച്ചു. കരിക്കാം കുളം – സിവിൽ- കോട്ടുളി റോഡ് വികസനം എത്രയും വേഗം പൂർത്തിയാക്കി പ്രദേശത്തെ രൂക്ഷമായ ഗതാഗത തടസത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് സിവിൽ റൈറ്റ്സ് റസി. അസോസിയേഷൻ ഭാരവാഹികൾ രണ്ട് മാസം മുൻപ് മന്ത്രി മുഹമ്മദ് റിയാസിന് നിവേദനം നൽകിയിരുന്നു. തുടർന്ന് മന്ത്രി സ്പെഷൽ ടീമിനെ ചുമതലപ്പെടുത്തിയാണ് ഇപ്പോൾ കല്ലിടൽ നടപടികൾ ആരംഭിക്കുന്നത്.




