KERALAlocaltop news

മാനാഞ്ചിറ – വെളളിമാടുകുന്ന് റോഡ് നവീകരണം , ലക്ഷ്യത്തിലെത്തിക്കുവാന്‍ യോജിച്ച ശ്രമം തുടരും : മന്ത്രി പി എ മുഹമ്മദ് റിയാസ്

കോഴിക്കോട്:

കോഴിക്കോട് നഗരത്തിന്‍റെ മുഖഛായ മാറ്റുന്ന മാനാഞ്ചിറ – വെളളിമാടുകുന്ന് റോഡ് നവീകരണം പൂര്‍ണ്ണമായും നടപ്പിലാക്കുവാന്‍ യോജിച്ച പരിശ്രമം തുടരുമെന്ന് പൊതുമരാമത്ത് മന്ത്രി പി ​എ മുഹമ്മദ് റിയാസ് പറഞ്ഞു. നവീകരണം നടക്കുന്ന മാനാഞ്ചിറ – മലാപ്പറമ്പ് സ്ട്രെച്ചിന്‍റെ പ്രവൃത്തി നേരിട്ട് വിലയിരുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.

നഗരങ്ങളിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന് മുന്‍ഗണന നല്‍കുന്ന പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുകയാണ്. കോഴിക്കോട് നഗരത്തിലെ ഗതാഗത കുരുക്കിന് പരിഹാരം കാണാന്‍ ഒട്ടേറെ പദ്ധതികളാണ് എല്‍ ഡി എഫ് സര്‍ക്കാര്‍ നടപ്പിലാക്കി വരുന്നത്. നഗരഹൃദയത്തിന്‍റെ മുഖഛായ മാറ്റുന്ന പദ്ധതിയാണ് ഇപ്പോള്‍ നടക്കുന്ന പ്രവൃത്തി. മാനാഞ്ചിറ മുതല്‍ വെളളിമാടുകുന്നു വരെയാണ് സര്‍ക്കാര്‍ വിഭാവനം ചെയ്ത പദ്ധതി.എന്നാല്‍ ദേശീയപാതാ വികസനത്തിന്‍റെ ഭാഗമായി മലാപ്പറമ്പ് മുതല്‍ വയനാട് വരെ പുതിയ പദ്ധതി തയ്യാറാക്കിയതിന്റെ ഭാഗമായി മലാപ്പറമ്പ് മുതല്‍ വെള്ളിമാടുകുന്ന് വരെ ആ പദ്ധതിയില്‍ ഉള്‍പ്പെട്ടു. എന്നാല്‍ ഇപ്പോഴത്തെ പദ്ധതിയുടെ ഭാഗമായി ഈ ഭാഗം നവീകരിക്കുവാന്‍ അനുവദിക്കണമെന്ന് കേരളം തുടര്‍ച്ചയായി നടത്തി. അതിനുള്ള ശ്രമം തുടരുകയാണ്. കേന്ദ്രമന്ത്രി നിധിന്‍ ഗഡ്ക്കരിയുമായി നേരിട്ട് സംസാരിച്ചിരുന്നു, അല്ലാതെ ഉദ്യോഗസ്ഥ തലത്തിലും ശ്രമങ്ങള്‍ നടത്തുന്നു. അതിന് വൈകാതെ അനുമതി കിട്ടും എന്ന് ഉറച്ചു വിശ്വസിക്കുന്നു.

ഇപ്പോഴത്തെ സ്ട്രെച്ചില്‍ നല്ല നിലയില്‍ പ്രവൃത്തി നടക്കുന്നുണ്ട്. സംസ്ഥാന സര്‍ക്കാര്‍ ഫണ്ടിംഗോടെ നടക്കുന്ന പ്രവൃത്തി ഓരോ ഘട്ടത്തിലും അവലോകനം ചെയ്യുന്നുണ്ട്. 76.9 കോടി രൂപയാണ് കരാര്‍ തുക. അഞ്ചു കിലോമീറ്ററോളം ദൂരം 24 മീറ്റര്‍ വീതിയില്‍ നവീകരിക്കുകയാണ്. നാടിനാകെ ഇത് ഗുണകരമായി മാറും. ഡ്രെയിനേജ് സിസ്റ്റം , യൂട്ടിലിറ്റി ഡക്ടുകള്‍ തുടങ്ങിയ പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കും. അതിര്‍ത്തി നിര്‍ണ്ണയം പൂര്‍ത്തിയാക്കി , മരങ്ങള്‍ മുറിച്ചു മാറ്റുന്ന പ്രവൃത്തി നടക്കുകയാണ്. ഡ്രെയിനേജ് പ്രവൃത്തി ആരംഭിച്ചിട്ടുണ്ട്. സമയബന്ധിതമായി പ്രവൃത്തി പൂര്‍ത്തീകരിക്കും. അതിനുള്ള നിരന്തര ഇടപെടല്‍ നടത്തുമെന്നും മന്ത്രി പറഞ്ഞു

തോട്ടത്തില്‍ രവീന്ദ്രന്‍ എം എല്‍ എ , പി നിഖില്‍ , ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും മന്ത്രിയുടെ കൂടെ ഉണ്ടായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close