
താമരശേരി : മൂന്നു വയസുള്ള സ്വന്തം മകളെ ഉപദ്രവിക്കാൻ ശ്രമിച്ചുവെന്നാരോപിച്ച് , ഭർത്താവിനതിരെ വിവാഹ മോചന കേസ് കോടതിയിൽ ഫയൽ ചെയ്ത ഭാര്യയുടെ പരാതി. തിരുവമ്പാടി പുന്നയ്ക്കൽ സെന്റ് സെബാസ്റ്റ്യൻ ഹൈസ്കൂളിലെ അധ്യാപികയായ തിരുവമ്പാടി സ്വദേശിനിയാണ് , പുതുപ്പാടി മൈലള്ളാംപാറ സ്വദേശിയും കോഴിക്കോട് സിറ്റി പോലീസിൽ സിവിൽ പോലീസ് ഓഫീസറുമായ ഭർത്താവിനെതിരെ കോടതിയിലും, പോലീസിലും തുടർപരാതി നൽകി കൊണ്ടിരിക്കുന്നത്. മൂന്നു വർഷം മുൻപ് നൽകിയ പരാതിയിൽ യാതൊരു കഴമ്പും ഇല്ലെന്ന് വ്യക്തമാക്കി അന്വേഷണം അവസാനിപ്പിച്ച ശേഷം ഇതേ പരാതിയുമായി അധ്യാപിക വീണ്ടും രംഗത്തിറങ്ങി. തലശേരിയിൽ രാജസ്ഥാൻ സ്വദേശിയായ ബാലനെ യുവാവ് മർദ്ദിച്ച സംഭവം പോലീസിനെ തിരെ വൻ വിവാദമായതിന്റെ പശ്ചാത്തലത്തിലാണത്രെ പോലീസുകാരനെതിരെ പുതിയ പരാതി. പരാതി ലഭിച്ചയുടൻ കോഴിക്കോട് സിറ്റി ഡി.സി. പി . എ. ശ്രീനിവാസ്, ഇതേക്കുറിച്ച് അന്വേഷിക്കാൻ സൗത്ത് അസി. കമീഷണർക്ക് വയർലെസ് സെറ്റിൽ നിർദേശം നൽകിയത് പുതിയൊരു വിവാദത്തിന് വഴിതെളിച്ചു. എല്ലാ ദിവസവും രാവിലെ പോലീസ് സ്റ്റേഷനുകളുമായി ഡി സി പി വയർലെസിൽ നിർദ്ദേശങ്ങൾ നൽകാറുണ്ട്. “സാട്ട” എന്ന പേരിൽ അറിയപ്പെടുന്ന ഈ ഔദ്യോഗിക പരിപാടിയിലെ തുറന്ന സന്ദേശങ്ങൾ സിറ്റി പോലീസ് പരിധിയിലെ എല്ലാ സ്റ്റേഷനുകളിലുള്ളവർക്കും വ്യക്തമായി കേൾക്കാം. തികച്ചും വ്യക്തിപരമായതും കുടുംബ ജീവിതത്തെ ബാധിക്കുന്നതുമായ പരാതി ഇങ്ങനെ പൊതു പ്ലാറ്റ്ഫോമിൽ തുറന്നടിച്ച ഡി സി പി യുടെ വിമർശനവിധേയമായി. തൊട്ടടുത്ത ഓഫീസിലുള്ള അസി .കമീഷണറോട് നേരിട്ടോ, ഇമെയിൽ മുഖേനയോ കാര്യങ്ങൾ ചോദിക്കാമെന്നിരിക്കെ പരാതി സിറ്റിയിലെ മുഴുവൻ സേനയേയും അറിയിച്ച ഡി സി പി യുടെ നടപടി അനൗചിത്യമായി എന്നാണ് പോലീസുകാരുടെ അഭിപ്രായം. 2015 മെയ് 9 നായിരുന്നു കൃസ്ത്യൻ മതാചാരപ്രകാരം ഇവരുടെ വിവാഹം . പെൺകുട്ടി ജനിച്ചതിനു ശേഷമാണ് ഇവരുടെ ജീവിതത്തിൽ കല്ലുകടി ആരംഭിച്ചത്. ഭർത്താവിന്റെ കുടുംബാംഗങ്ങൾ പലവിധത്തിൽ പീഡിപ്പിക്കുന്നു എന്നാണ് അധ്യാപികയുടെ പരാതി. ഭർത്താവിനും കുടുംബത്തിനുമെതിരെ അവർ താമരശേരി കോടതിയിൽ നൽകിയ കേസിൽ ഇപ്പോഴും നടപടികൾ തുടരുകയാണ്. അതേസമയം, തന്റെ വൃദ്ധരായ മാതാപിതാക്കളേയും, ഭിന്നശേഷിക്കാരനായ അനുജനേയും ഒഴിവാക്കി പുന്നയ്ക്കലിലെ സ്കൂളിനടുത്ത് വീടെടുത്ത് താമസിക്കണമെന്ന ഭാര്യയുടെ ആവശ്യം അംഗീകരിക്കാത്തതാണ് കേസിനും പ്രശ്നങ്ങൾക്കും കാരണമായതെന്നാണ് പോലീസുകാരൻ കോടതിയെ അറിയിച്ചിട്ടുളളത്. തന്നെ വളർത്തി വലുതാക്കി ഇത്രയും കാലം സംരക്ഷിച്ച മാതാപിക്കാക്കളേയും , ജന്മനാ സുഖമില്ലാത്ത അനുജനേയും ഒഴിവാക്കി തനിക്കൊരു ജീവിതം വേണ്ടെന്ന് പോലീസുകാരൻ കോടതിയെ അറിയിച്ചിട്ടുണ്ട് . പ്രസവത്തിനു ശേഷം ഭാര്യ കുഞ്ഞുമൊത്ത് അവരുടെ പിതാവിന്റെ വീട്ടിലാണ് താമസിക്കുന്നത്. ഒരിക്കൽപോലും കാണാത്ത മകളെ കാണണമെന്ന ഇദ്ദേഹത്തിന്റെ ആവശ്യം അംഗീകരിച്ച കുടുംബ കോടതി, മൂന്നു വർഷം മുൻപ്മകളെ കോടതിയിൽ ഹാജരാക്കാൻ നിർദ്ദേശിച്ചിരുന്നു. അന്ന് പോലീസുകാരൻ സ്വന്തം അമ്മയോടും മൂത്ത സഹോദരനോടുമൊപ്പം കോടതിയിലെത്തി കുട്ടിയെ കണ്ടിരുന്നു. ഇതിന് രണ്ടു ദിവസത്തിനു ശേഷം , ഭർത്താവും കുടുംബാംഗങ്ങളും മകളെ കോടതിയിൽ വച്ച് പീഡിപ്പിക്കാൻ ശ്രമിച്ചെന്നാരോപിച്ച്, ജഡ്ജിക്കും കോഴിക്കോട് ടൗൺ സ്റ്റേഷനിലും മറ്റൊരു പരാതി നൽകി. കോടതി നിർദ്ദേശപ്രകാരം പോലീസ് കോടതി യിലെത്തി ജീവനക്കാരുടെ മൊഴിയെടുത്തപ്പോൾ പരാതി വ്യാജമാണെന്ന് കണ്ടെത്തുകയും നടപടികൾ അവസാനിപ്പിക്കുകയും ചെയ്തു. ഇക്കഴിഞ്ഞ ദിവസം ടൗൺ പോലീസ് സ്റ്റേഷനിൽ വിവരാവകാര നിയമപ്രകാരം അപേക്ഷ നൽകി മറുപടി ലഭിച്ചതിനു ശേഷമാണ് വീണ്ടും അതേ പരാതി ഡെപ്യൂട്ടി പോലിസ് കമീഷണർക്ക് നൽകിയത്. നേരത്തെ നൽകിയ പരാതിയിൽ പി ആർ നടപടിക്ക് വിധേയനായ പോലീസുകാരന്റെ പ്രമോഷൻ തടസപ്പെട്ടിരിക്കയാണ്. കുടുംബ കോടതിയിൽ തുടരുന്ന വിവാഹ മോചന കേസ് അവസാനിക്കുംവരെ മകളെ വിട്ടു നൽകാതിരിക്കുകയും, തന്റെ ജോലി നഷ്ടപ്പെടുത്തുകയുമാണ് ഭാര്യയുടെ ലക്ഷ്യമെന്ന് പോലീസുകാരൻ കോടതിയെ അറിയിച്ചിട്ടുണ്ട്. കുട്ടിക്ക് ഇപ്പോൾ ആറ് വയസുണ്ട്. നിരവധി പ്രമാദമായ കേസുകൾക്ക് തുമ്പുണ്ടാക്കിയ CRIME SQUAD സംഘത്തിലെ അംഗമാണ് പോലീസുകാരൻ .