
കോഴിക്കോട് : കോർപ്പറേഷൻ മേയർ / ഡെപ്യൂട്ടി മേയർ സ്ഥാനാർത്ഥികളായി സി പി എം സംസ്ഥാന കമ്മറ്റി നിർദ്ദേശിച്ച ഒ. സദാശിവൻ മേയറും , ഡോ. എസ്. ജയശ്രീ ഡെപ്യൂട്ടി മേയറുമാകും. വ്യാഴാഴ്ച്ച രാവിലെ ചേർന്ന സി പി എം ജില്ലാകമ്മറ്റി ഇരുവരുടേയും പേരുകൾ അംഗീകരിച്ചു. വ്യാഴാഴ്ച്ച വൈകിട്ട് നാലിന് നടക്കാനിരിക്കുന്ന സി പി എം ജില്ലാ നേതൃത്വത്തിൻ്റെ വാർത്താ സമ്മേളനത്തിൽ മേയർ/ ഡെപ്യൂട്ടി മേയർ സ്ഥാനാർത്ഥികളുടെ പേരുകൾ ഔദ്യോഗികമായി പ്രഖ്യാപിക്കും. 76 അംഗ കൗൺസിലിൽ എൽഡിഎഫിന് 35 സീറ്റുകളാണുള്ളത്. കൗൺസിലിലെ ഏറ്റവും വലിയ ഒറ്റകക്ഷി എന്ന നിലയ്ക്കാണ് മേയർ/ ഡെപ്യൂട്ടി മേയർ സ്ഥാനത്തേക്ക് മത്സരിക്കുക. കേവല ഭൂരിപക്ഷം പോലുമില്ലാത്തതിനാൽ സൗമ്യ സ്വഭാവവും സമവായ നിലപാടുമുള്ള ഡോ. എസ്. ജയശ്രീ ടീച്ചറെ മേയറാക്കണമെന്ന് ഒരു വിഭാഗം നേതൃത്വവും അണികളും നേരത്തെ ആവശ്യപ്പെട്ടിരുന്നു. . എന്നാൽ നോർത്ത് ഏരിയ കമ്മറ്റിയംഗം എന്ന നിലയ്ക്കാണ് സദാശിവനെ പരിഗണിച്ചത്. കഴിഞ്ഞ രണ്ടു ടേമുകളിലായി സി.പി. മുസഫിർ അഹമ്മദ് അധ്യക്ഷനായ ധനകാര്യ സ്ഥിരം സമിതിയിൽ അംഗമാണ്. വേങ്ങേരി വാർഡിലെ കൗൺസിലറായ ഒതയമംഗലത്ത് സദാശിവൻ. കോട്ടുളി വാർഡിൽ നിന്ന് വിജയിച്ച ഡോ. എസ്. ജയശ്രീയാവട്ടെ തുടർച്ചയായി ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷയാണ്. രസതന്ത്രത്തിൽ ഡോക്ടറേറ്റുള്ള ജയശ്രീ കോഴിക്കോട് ഗവ. ആർട്സ് ആൻ്റ് സയൻസ് കോളജിലെ മുൻ പ്രിൻസിപ്പലാണ്. മുൻ കൗൺസിലുകളിൽ പ്രതിപക്ഷത്തിൻ്റെ ആരോപണങ്ങളും പ്രതിഷേധങ്ങളും ചിരിച്ചു കൊണ്ട് നേരിട്ട് ” ഇല്ലാതാക്കുന്ന ” ഡോ. ജയശ്രീയുടെ പ്രസംഗ ചാതുരി പ്രതിപക്ഷ മടക്കം അംഗീകരിച്ചതാണ്. ഇതൊക്കെ പരിഗണിച്ചാണ് ഒരു വിഭാഗം ഡോ. ജയശ്രീക്കു വേണ്ടി ശബ്ദമുയർത്തിയത്. എന്നാൽ, ഡെപ്യൂട്ടി മേയർ സ്ത്രീസംവരണമായതിനാൽ മേയറും ഡെപ്യൂട്ടി മേയറും വനിതകളാകുന്നത് ഒഴിവാക്കാനാണത്രെ മേയർ സ്ഥാനം പുരുഷന് നൽകാൻ തീരുമാനിച്ചത്. അങ്ങനെ – ഏരിയ കമ്മറ്റിയംഗമെന്ന നിലയിലും ഒന്നിലധികം തവണ കൗൺസിലറായതും ഒ. സദാശിവന് അനുകൂലമാകുകയായിരുന്നു. 76 അംഗ കൗൺസിലിൽ യു ഡി എഫിന് 28 ഉം , ബി ജെ പിക്ക് 13 ഉം സീറ്റുകളുള്ളതിനാൽ, പതിറ്റാണ്ടുകളായി അജണ്ടകൾ – തീരുമാനങ്ങൾ പാസാക്കുമ്പോൾ തുടരുന്ന പാസ് – പാസ് രീതി ഇനി നടക്കില്ല. പ്രതിപക്ഷത്തിൻ്റെ പിന്തുണ ലഭിക്കാൻ സമവായ സ്വഭാവം കൂടിയേ തീരു. ആ നിലയ്ക്ക് – കണ്ടറിയണം കോശി – എന്ന അവസ്ഥയിലായിരിക്കും ഇനി നഗരസഭാ ഭരണമെന്നാണ് രാഷ്ട്രീയ നിരീക്ഷണം. കോർപ്പറേഷനിൽ ആർക്കും കേവല ഭൂരിപക്ഷം ഇല്ലാത്തതിനാൽ ആകെയുള്ള 8 സ്ഥിരം സമിതികളുടെ അധ്യക്ഷസ്ഥാനം ഇനി എൽ ഡി എഫ് / യു.ഡി എഫ് / ബി ജെ പി പങ്കിട്ടെടുക്കേണ്ടിവരും.




