localtop news

മൾട്ടിലെവൽ റോബോട്ടിക് പാർക്കിങ് പ്ലാസക്ക് ഡി.പി.ആർ തയാറാക്കാൻ അനുമതി

കോഴിക്കോട്: നഗരത്തിൽ രണ്ടിടത്ത് മൾട്ടിലെവൽ റോബോട്ടിക് പാർക്കിങ് പ്ലാസ നിർമിക്കുന്നതിന് വിശദ പദ്ധതിരേഖ (ഡി.പി.ആർ) തയാറാക്കാൻ നഗരസഭ കൗൺസിൽ യോഗം അംഗീകാരം നൽകി. ഇ.എം.എസ് സ്റ്റേഡിയം, മാനാഞ്ചിറ കിഡ്സൺ കോർണർ എന്നിവിടങ്ങളിലുള്ള നഗരസഭയുടെ സ്ഥലത്താണ് ബി.ഒ.ടി വ്യവസ്ഥയിൽ അത്യാധുനിക പാർക്കിങ് പ്ലാസ നിർമിക്കുന്നത്. കിഡ്സൺ കോർണറിൽ 22.70 സെൻറ് സ്ഥലത്ത് നിർമ്മിക്കുന്ന പ്ലാസയുടെ മൊത്തം വിസ്തൃതി 7579 ച.മീ ആണ്. ഇതിന്റെ 15 ശതമാനം 1100 ച.മീ ഭാഗം വാണിജ്യാവശ്യത്തിനായിരിക്കും. ഇതിൽ 250 ച.മീ നഗരസഭക്ക് നൽകും. 45.43 കോടി രൂപ ചെലവു പ്രതീക്ഷിക്കുന്ന ബഹുനില പ്ലാസയിൽ 320 കാറുകളും 180 സ്കൂട്ടറുകളും പാർക്കുചെയ്യാം.
136 സെൻറ് സ്ഥലത്ത് നിർമിക്കുന്ന സ്റ്റേഡിയം പാർക്കിങ് പ്ലാസയുടെ നിർമ്മാണ വിസ്തൃതി 35000 ച.മീ ആണ്. ഇതിന്റെ 15 ശതമാനം 5250 ച.മീ വാണിജ്യാവശ്യത്തിനായിരിക്കും. ഇതിൽ 1750 ച.മീ നഗരസഭക്ക് നൽകും. 116.6 കോടി ചെലവ് പ്രതീക്ഷിക്കുന്ന പ്ലാസയിൽ 640 കാറും 800 സ്കൂട്ടറുകളും പാർക്കുചെയ്യാം.
നഗരസഭയുടെ ഭൂമി മുപ്പതു വർഷത്തേക്ക് പാട്ടത്തിന് നൽകുക മാത്രമാണ് ചെയ്യുന്നതെന്നും പാട്ടതുകയായി ഒരുകോടി രൂപ വീതം എല്ലാ വർഷവും ലഭിക്കുമെന്നും യോഗത്തിൽ അധ്യക്ഷതവഹിച്ച മേയർ തോട്ടത്തിൽ രവീന്ദ്രൻ പറഞ്ഞു. കഞ്ചിക്കോട്ടെ സ്റ്റാർട്ടപ്പായ നോവൽ ബ്രിഡ്ജസ് ആൻഡ് ഇൻഫ്രാസ്ട്രക്ച്ചർ ഡെവലപ്പ്മെൻറ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിനെയാണ് പദ്ധതി നടത്തിപ്പിനായി തെരഞ്ഞെടുത്തത്. പദ്ധതിയുടെ ട്രാൻസാക്ഷൻ അഡൈസറി സർവ്വീസിനായി സെൻറർ ഫോർ മാനേജ്മെൻറ് ആൻഡ് ഡവലപ്മെൻറിനെ സർക്കാർ തന്നെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അന്തിമ അനുമതിക്ക് മുന്നോടിയായാണ് വ്യവസ്ഥകളിൽ പൂർണമായ തീരുമാനം കൈക്കൊള്ളുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്ലാസകളുടെ നിർമാണം പൂർണമായും സ്റ്റീലിലായിരിക്കുമെന്നും ഒരുവാഹനം പാർക്ക് ചെയ്യുന്നതിന് കേവലം മുപ്പതുസെക്കൻഡ് മാത്രമാണ് സമയമെടുക്കുകയെന്നും നോവൽ ബ്രിഡ്ജസ് പ്രതിനിധി അഫ്സൽ ഹുസൈൻ യോഗത്തിൽ വിശദീകരിച്ചു.
കാർ പ്ലാസക്കുള്ളിൽ നിർത്തി ഉടമ പുറത്തെ മെഷീനിൽ അമർത്തുന്നതോടെ കാർഡ് ലഭിക്കും. ഇതോടെ സുരക്ഷ മുൻനിർത്തി സ്കാൻ ചെയ്ത കാർ മുകൾ നിലയിലെവിടെയാണോ സ്ഥലമുള്ളത് അവിടേക്ക് ഒട്ടോമാറ്റിക്കായി എത്തും. പിന്നീട് ഈ കാർഡ് വീണ്ടും മെഷീനിൽ പ്രവേശിപ്പിക്കുന്നതോടെ കാർ താഴെ നിലയിലെത്തുകയുമാണ് ചെയ്യുക. സ്റ്റേഡിയം പ്ലാസക്ക് 20 നിലകളാണുണ്ടാവുക. അനുമതികളെല്ലാം പെട്ടന്ന് ലഭ്യമായാൽ രണ്ടുവർഷം കൊണ്ട് പദ്ധതി യാഥാർഥ്യമാക്കാനാവുമെന്നും ആറ് മീറ്റർ നീളവും രണ്ടര മീറ്റർ വീതിയും രണ്ടരമീറ്റർ വെരെ ഉയരവും അഞ്ച് ടൺവെരെ ഭാരവുമുള്ള വാഹനങ്ങൾ വരെ പ്ലാസയിൽ പാർക്ക് ചെയ്യാനാവുമെന്നും അദ്ദേഹം അറിയിച്ചു.
അതേസമയം മുൻപരിചയവും മതിയായ സാമ്പത്തിക ഭദ്രതയും ഇല്ലാത്ത സ്ഥാപനത്തിന് നിർമാണ കരാർ നൽകുന്നത് കൂടുതൽ കൂടിയാലോചനകൾക്കുശേഷമേ പാടുള്ളൂവെന്ന് പ്രതിപക്ഷ കൗൺസിലർമാർ ആവശ്യപ്പെട്ടു. പദ്ധതിയുടെ വിശദ പദ്ധതി രേഖ തയാറാക്കിയശേഷം സി.എം.ഡി പരിശോധിച്ച് ഗുണകരമെന്ന് ഉറപ്പാക്കി വീണ്ടും കൗൺസിൽ ചർച്ചചെയ്തേ പദ്ധതിയുമായി മുന്നോട്ടുപോകാവൂ എന്നും അവർ കൂട്ടിച്ചേർത്തു. സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ.വി. ബാബുരാജ്, എം.സി. അനിൽകുമാർ, കൗൺസിലർമാരായ അഡ്വ. പി.എം. നിയാസ്, കെ.ടി. ബീരാൻകോയ, വിദ്യ ബാലകൃഷ്ണൻ, കെ.സി. ശോഭിത, നമ്പിടി നാരായണൻ, മുഹമ്മദ് ഷമീൽ, ഇ. പ്രശാന്ത്കുമാർ തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close