KERALAlocaltop news

കളക്ടറേറ്റിലെ നിയമന തട്ടിപ്പ്: അനർഹരെ യുഡി ക്ലാർക്കാക്കാൻ സർക്കാർ ചെലവിൽ കോഴ്സും !

* അഞ്ചു പേർക്കും അനർഹമായി ചെയിൻ ആൻ്റ് സർവ്വെ കോഴ്സ് പഠിപ്പിച്ചു

കോഴിക്കോട് : ഭരണപക്ഷ യൂനിയൻ നേതൃത്വവും കളക്ടറേറ്റ് A4 സെക്ഷനിലെ സീനിയർ ക്ലർക്കും ഒത്തു കളിച്ച് അധികൃതരുടെ അറിവോടെ അഞ്ച് ക്ലർക്ക് കം ടൈപ്പിസ്റ്റുകൾക്ക് അനർഹ പ്രമോഷൻ നൽകിയതിനു പുറമെ അഞ്ചു പേർക്കും വീണ്ടും പ്രമോഷൻ നൽകാൻ പ്രത്യേക കോഴ്സിനയച്ചതിൻ്റെ വിശദാംശം പുറത്തുവന്നു. സർവെയും ഭൂരേഖയും വകുപ്പിൻ്റെ കീഴിലുള്ള തൃശൂരിലെ ഗവ. ചെയിൻ സർവ്വെ സ്കൂളിൽ അഞ്ചുപേർക്കും ചെയിൻ സർവ്വെ കോഴ്സ് സൗജന്യമായി നൽകിയതിൻ്റെ വിശദാംശമാണ് പുറത്തുവന്നത്. അഞ്ച് വർഷം എന്നതിന് പകരം അനർഹമായി ആറുമാസം കൊണ്ട് ക്ലർക്കുമാരായി മാറ്റപ്പെടുകയും ഇപ്പോൾ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിൻ്റെ ഉത്തരവ് പ്രകാരം പഴയ ക്ലർക്ക് കം ടൈപ്പിസ്റ്റ് തസ്തികയിലേക്ക് തരംതാഴ്ത്തപ്പെടുകയും ചെയ്ത എസ്. ദേവസർഗ- കോഴിക്കോട് സ്പെഷൽ തഹസിൽദാരുടെ ഓഫീസ്, എം. വൈഷ്ണ- എൽ ആർ സെക്ഷൻ കളക്ടറേറ്റ്, എൻ. സമീന – മുക്കം കക്കാട് വില്ലേജ് ഓഫീസ്, വി.പി. ശ്രീജിന – ജനറൽ എൻ സെക്ഷൻ കളക്ടറേറ്റ്, പി.ആർ ധന്യ – കളക്ടറേറ്റിൽ ഡെപ്യൂട്ടി കളക്ടറുടെ ഓഫീസ് എൽ സെക്ഷൻ – എന്നിവരെയാണ് തൃശൂരിൽ ഒരു മാസത്തെ ചെയിൻ സർവ്വെ കോഴ്സ് സർക്കാർ ചെലവിൽ പഠിപ്പിച്ചത്.                              റവന്യു വകുപ്പിൽ സീനിയർ ക്ലർക്കായി പ്രമോഷൻ ലഭിക്കണമെങ്കിൽ ചെയിൻ സർവ്വെ പരീക്ഷയടക്കം രണ്ട് ടെസ്റ്റുകൾ പാസാകണം. നിയമം മറികടന്ന് നാലര വർഷം മുൻപ് ക്ലർക്കായി പ്രമോഷൻ നേടിയ “യൂനിയൻ്റെ ഈ സ്വന്തക്കാർക്ക് ” വീണ്ടും അനർഹ പ്രമോഷൻ നേടിക്കൊടുക്കുകയായിരുന്നു ചിലരുടെ ലക്ഷ്യം. മുൻ എ ഡി എം , മുൻ ഹുസൂർ ശിരസ്താർ എന്നിവരുടെ അറിവില്ലാതെ ഇത്തരമൊരു തട്ടിപ്പ് തനിച്ച് നടത്താൻ A 4 സെക്ഷനിലെ സീനിയർ ക്ലർക്കിന് കഴിയില്ലെന്നാണ് അറിയുന്നത്. എഡി എമ്മും ശിരസ് താരും ഇപ്പോൾ മറ്റ് ഓഫീസുകളിൽ സുരക്ഷിതരാണ്. അനർഹ പ്രമോഷൻ്റെ ഉത്തരവിൽ ഒപ്പുവച്ച ജില്ലാ കളക്ടർ സ്നേഹിൽകുമാർ സിംഗിന് സർവ്വീസ് ചട്ടങ്ങളിൽ അത്രക്ക് പാടവമില്ലാത്തതാണ് ഈ ചട്ട വിരുദ്ധ നടപടിക്ക് കാരണമെന്നും വിമർശം ഉയർന്നു. റവന്യു വകുപ്പ് സി പി ഐയുടെതാണെങ്കിലും താക്കോൽ സ്ഥാനങ്ങളിൽ ഇരിക്കുന്ന പ്രമുഖ ഭരത്പക്ഷ യൂനിയനിൽപെട്ടവർ ജില്ല കളക്ടറെ വരുതിയിലാക്കിയാണത്രെ ഇത്തരം പ്രവർത്തികൾ തുടരുന്നത്. ഇതിനെതിരെ അന്വേഷണം വകുപ്പുമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അതിന് തടയിടാൻ ശ്രമമാരംഭിച്ചതായി അറിയുന്നു. അനർഹ പ്രമോഷൻ സംബന്ധിച്ച ഫയലുകൾ പൂഴ്ത്തി A4 സെക്ഷനിലെ ക്ലർക്ക് ദീർഘചികിത്സാ അവധിയിൽ പ്രവേശിച്ചെങ്കിലും – ആ സീറ്റിൽ നിന്ന് ഉത്തരവുകൾ ഇറങ്ങുകയും ജില്ലാ കളക്ടർ അതിൽ ഒപ്പിടുകയും ചെയ്യുന്നുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close