KERALAlocaltop news

നഗരസഭാ കൗൺസിൽ : സംസ്ഥാന മനുഷ്യാവകാശ കമീഷൻ നിർദ്ദേശിച്ച പട്ടാളപള്ളിക്കടുത്ത റോഡിലെ തട്ടുകടയടക്കം മുഴുവൻ അനധികൃത കച്ചവടങ്ങളും ഉടൻ പൂട്ടിക്കണം

അഡ്വ. സി.എം. ജംഷീറാണ് ആവശ്യം ഉന്നയിച്ചത്

കോഴിക്കോട് : സംസ്ഥാന മനുഷ്യാവകാശ കമീഷൻ നിർദ്ദേശിച്ച മാനാഞ്ചിറ പട്ടാളപള്ളിക്കടുത്ത തട്ടുകടയടക്കം നഗരത്തിലെ ഫുട്പാത്തുകൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മുഴുവൻ അനധികൃത വഴിയോര കച്ചവടങ്ങളും ഉടൻ അടച്ചുപൂട്ടിക്കണമെന്ന് നഗരസഭാ കൗൺസിൽ യോഗത്തിൽ നിർദ്ദേശം. ലഹരി വിൽപ്പന സംബന്ധിച്ച് പ്രതിപക്ഷാംഗം കെ. മൊയ്തീൻ കോയ അവതരിപ്പിച്ച ശ്രദ്ധ ക്ഷണിക്കലുമായി ബന്ധപ്പട്ട് നടന്ന ചർച്ചയിൽ സിപിഎം കൗൺസിലർ സി.എം ജംഷീറാണ് ഈ ആവശ്യം ഉന്നയിച്ചത്. നഗരത്തിലെ കണ്ണായ സ്ഥലങ്ങളിലും റോഡുകൾ കൈയടക്കിയും പെട്ടിക്കച്ചവടങ്ങൾ വ്യാപിക്കുകയാണ്. ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന ഇവയിൽ പലതും മയക്കുമരുന്ന് വിൽപ്പന കേന്ദ്രങ്ങളാണ്. മനുഷ്യാവകാശ കമീഷൻ്റെ ഉത്തരവ് ഉടൻ പാലിച്ച് പട്ടാളപള്ളിക്കടുത്ത ഫുട്പാത്തിലെ ചായക്കടയും മറ്റ് അനധികൃത കച്ചവടങ്ങളും നഗരസഭ ഉടൻ പൂട്ടി നീക്കം ചെയ്യണം – അഡ്വ. ജംഷീർ ചൂണ്ടിക്കാട്ടി. പട്ടാളപ്പള്ളിക്ക് സമീപം ദേശീയപാത ജംഗ്ഷനിൽ കാൽനട യാത്ര തടസപ്പെടുത്തി തുടരുന്ന തട്ടുകട ഉടൻ നീക്കം ചെയ്ത ശേഷം റിപ്പോർട്ട് സമർപ്പിക്കാൻ ഇന്നലെ സംസ്ഥാന മനുഷ്യാവകാശ കമീഷൻ സിറ്റി പോലീസ് കമീഷണർക്കും , നഗരസഭാ സെക്രട്ടറിക്കും നിർദ്ദേശം നൽകിയിരുന്നു. ഡി ഐ ജി കൂടിയായ കോഴിക്കോട് സിറ്റി പോലീസ് കമീഷണറുടെ ഓഫീസിന് മൂക്കിന് താഴെ പട്ടാളപ്പള്ളിക്ക് മുൻപിലെ സദാ ഗതാഗത കുരുക്ക് അനുഭവപ്പെടുന്ന ജംഗ്ഷനിലടക്കം പെട്ടിക്കടക്കാർ കൈയടക്കിയിരിക്കയാണ്. എൽ ഐ സി റോഡ് എന്നെഴുതിയ ബോർഡിന് താഴെ കച്ചവട സാമഗ്രികൾ വച്ച് റോഡിലാണ് ഇരിപ്പിടങ്ങളും, വെള്ളം നിറച്ച ബക്കറ്റുകളും സൂക്ഷിക്കുന്നത്. ബസ് ബേയ്ക്കും റോഡിനും ഇടയിൽ കാൽനടയാത്രക്കാർക്ക് നടന്നു പോകാൻ മറ്റ് വഴികൾ ഇല്ലാത്തപ്പോഴാണ് ഫുട്പാപാത്ത് കൈയടക്കി തകൃതിയായ കച്ചവടം തുടരുന്നത്. കച്ചവടക്കാർക്ക് ഭരണ രാഷ്ട്രീയ പിൻബലമുള്ളതിനാൽ പോലീസ്, ട്രാഫിക് പോലീസ്, നഗരസഭ റവന്യു വിഭാഗം, നഗരസഭ ഹെൽത്ത് വിഭാഗം തുടങ്ങി നിയമം നടപ്പാക്കേണ്ട എല്ലാ സംവിധാനങ്ങളും നോക്കുകുത്തിയായി മാറിയിരിക്കയാണ്. ട്രാഫിക് പോലിസ് പലതവണ ഇവിടുത്തെ ഫുട്പാത്ത് കച്ചവടം ഒഴിപ്പിച്ച് ഗതാഗതം സുഗമമാക്കാൻ ശ്രമിച്ചെങ്കിലും പോലീസിൻ്റെ കൈ രാഷ്ട്രീയക്കാർ ബന്ധിച്ചിരിക്കയാണെന്ന് ഉന്നത പോലീസ് വൃത്തങ്ങൾ പറഞ്ഞു. ദേശീയപാത കൈയേറി കച്ചവടം നടത്തുന്നത് ഒഴിപ്പിക്കാൻ പോലും ട്രാഫിക് പോലീസിന് കഴിയുന്നില്ല. മാനാഞ്ചിറ പട്ടാളപള്ളിയോട് ചേർന്ന് ചായക്കച്ചവടം നടത്തുന്ന അതേ ആളുടെ ഉടമസ്ഥതയിൽ ഈ ഭാഗത്തെ ഫുട്പാത്തിൽ നിരവധി ഉന്തുവണ്ടി – പെട്ടിക്കടകൾ സ്ഥാപിച്ചിരിക്കയാണെന്ന് ട്രാഫിക് വൃത്തങ്ങൾ പറഞ്ഞു. വാടക- വൈദ്യുതി തുടങ്ങി ഒരു മുതൽമുടക്കുമില്ലാതെ റോഡ് കൈയടക്കി കടയാക്കിയ ഇവരിൽ നിന്ന് ചില രാഷ്ട്രീയക്കാർ എല്ലാ മാസവും പ്രതിഫലം പറ്റുന്നതായാണ് ജന സംസാരം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close