
കോഴിക്കോട് : ഹണിട്രാപ്പിൽ പെടുത്തി വയനാട് സ്വദേശിയായ പ്രവാസി മുഹമ്മദ് റഹീസിനെ എട്ടംഗ സംഘം തട്ടിക്കൊണ്ടുപോയ കേസിൽ വൻ ട്വിസ്റ്റ്. പരാതിക്കാരനായ മുഹമ്മദ് റഹീസ് , തട്ടിക്കൊണ്ടുപോകൽ കേസിലെ ഒന്നാം പ്രതി അഭിരാം അടക്കം നിരവധി പേരെ കബളിപ്പിച്ച ഇൻ്റർനാഷനൽ തട്ടിപ്പുവീരനാണെന്നാണ് കണ്ടെത്തി. വയനാട്ടിലെ ഒരു പോക്സോ കേസിലും പ്രതിയായ മുഹമ്മദ് റഹീസ് പോലീസിനെ കബളിപ്പിച്ച് നാട്ടിലെത്തി ഒളിവിൽ കഴിയുകയായിരുന്നു. ദൃശ്യം മോഡൽ ഹേമചന്ദ്രൻ കൊലകേസിൽ അഭിരാമിനെ പോലീസ് മുൻപ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. റെൻ്റ് എ കാർ ബിസിനസ് നടത്തി വന്ന അഭിരാമിൻ്റെ മൂന്നു കാറുകളും സ്ഥലവും വിൽപ്പന നടത്തി മറ്റൊരു ബിസിനസിൽ പണം മുടക്കാൻ റഹീസ് പ്രേരിപ്പിച്ചത്രെ. ഇങ്ങനെ ലഭിച്ച ലക്ഷങ്ങളുമായി റഹീസ് ഗൾഫിലേക്ക് മുങ്ങി അവിടെ കഴിയുകയായിരുന്നു. അഭിരാമടക്കം തട്ടിപ്പിനിരയായവർ പോലീസിൽ പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ല. അന്നു മുതൽ അഭിരാമും കൂട്ടുകാരും ഇയാളെ തെരഞ്ഞു വരികയായിരുന്നു. കേരളത്തിന് പുറത്തുള്ള എയർപോർട്ടിൽ ഇറങ്ങി അതീവ രഹസ്യമായി കോഴിക്കോട്ടെത്തിയ റഹീസ് എരഞ്ഞിപ്പാലത്തെ ഫ്ലാറ്റിൽ ഒളിവിൽ കഴിയവെയാണ് പടിഞ്ഞാറത്തറ സ്വദേശിനിയായ യുവതിയെ പരിചയപ്പെടുന്നത്. ഈ യുവതിയെ ഉപയോഗിച്ചാണ് അഭിരാമും കൂട്ടരും തന്ത്രപരമായി തട്ടിപ്പുവീരനെ തട്ടിക്കൊണ്ടുപോയത്. പോലീസിൻ്റെ ചോദ്യം ചെയ്യൽ പൂർത്തിയാകുന്നതോടെ കൂടുതൽ വിവരങ്ങൾ പുറത്തു വന്നേക്കും.




