
കോഴിക്കോട് : രോഗിയായ ഭർത്താവിനെ സംരക്ഷിക്കുന്നതിനും മക്കളുടെ വിവാഹം നടത്തിയ കടം വീട്ടുന്നതിനുമായി തിരുവമ്പാടി സർവ്വീസ് സഹകരണ ബാങ്കിന്റെ തൊണ്ടിമ്മൽ ശാഖയിൽ താത്കാലിക സ്വീപ്പർ തസ്തികയിൽ ജോലി ചെയ്യുന്ന സ്ത്രീക്ക് സ്ഥിരം നിയമനം നൽകുന്ന കാര്യം അനുഭാവപൂർവ്വം പരിഗണിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ്.
തിരുവമ്പാടി സർവ്വീസ് സഹകരണ ബാങ്ക് സെക്രട്ടറിക്കാണ് കമ്മീഷൻ നിർദ്ദേശം നൽകിയത്.
പി.ടി.എസ്. തസ്തികയിലേക്ക് സ്ഥിരം നിയമനത്തിനായി പരിഗണിക്കുന്നതിന് പ്രായപരിധി ഒരു തടസമാണെങ്കിലും മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ് ലഭിച്ചാൽ സ്ഥിര നിയമനം നൽകുന്നതിന് ബുദ്ധിമുട്ടില്ലെന്ന് ഭരണസമിതിക്ക് വേണ്ടി ബാങ്ക് സെക്രട്ടറി കമ്മീഷനെ അറിയിച്ചു. പരാതിക്കാരിയുടെ ഭർത്താവ് രോഗശയ്യയിലായതിനാൽ ജോലിക്ക് പോകാൻ കഴിയില്ല. പരാതിക്കാരിക്ക് ലഭിക്കുന്ന ദിവസവരുമാനത്തിൽ നിന്നാണ് ബാങ്കിലുള്ള വായ്പാ തിരിച്ചടവ് നടത്തേണ്ടത്. പരാതിക്കാരിയുടെ നിലവിലെ സാഹചര്യം പരിഗണിക്കുമ്പോൾ സ്ഥിരം ജോലി അവർക്ക് വലിയ ആശ്വാസമായി മാറുമെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. മുക്കം തൊണ്ടിമ്മൽ സ്വദേശിനി ജയറാണി സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.




