KERALAlocaltop news

തീവ്രവാദത്തിന് മതമുണ്ടോ?

എറണാകുളം :

പഹൽഗാമിലെ ഭീകരാക്രമണത്തിന് ശേഷം ഭാരതത്തിലെയും പ്രത്യേകിച്ച് കേരളത്തിലെയും സാമൂഹ്യമാധ്യമങ്ങളിൽ ട്രെൻഡിംഗ് ആയ ഹാഷ്ടാഗാണ് *’തീവ്രവാദത്തിന് മതമുണ്ടോ’* എന്നത്.

ആദ്യമേ തന്നെ പറയട്ടെ,
തീവ്രവാദങ്ങളെല്ലാം മതാധിഷ്ഠിതമല്ല. രാഷ്ട്രീയ – സാംസ്കാരിക- ദേശീയ – വംശീയ- ഭാഷാപരമായ
തീവ്രവാദങ്ങളുണ്ട്.

പഹൽഗാം ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ
മതതീവ്രവാദത്തെപ്പറ്റി മാത്രം ഇപ്പോൾ ചർച്ച ചെയ്യാം.

പഹൽഗാമിൽ കൂട്ടക്കുരുതി നടത്തിയ ഭീകരർക്ക് തീർച്ചയായും മതമുണ്ട്. അതുകൊണ്ടാണല്ലോ അവർ മതം ചോദിച്ച് മനുഷ്യരെ കൊന്നത്.

*പഹൽഗാം ഭീകരാക്രമണത്തിൽ മതം ചർച്ചയാക്കുമ്പോൾ ഭീകരരുടെ മതം മാത്രം* *ചർച്ച ചെയ്താൽ മതിയോ?* തൻ്റെ കൂടെയുണ്ടായിരുന്ന ടൂറിസ്റ്റുകളെ രക്ഷിക്കുന്നതിന് വേണ്ടി ജീവൻ വെടിഞ്ഞ സയ്യിദ് ആദിൽ ഹുസൈൻ ഷായുടെ മതവും ചർച്ച ചെയ്യേണ്ടേ? പഹൽഗാമിൽ കൊല്ലപ്പെട്ട രാമചന്ദ്രൻ എന്ന മലയാളിയുടെ ധീരപുത്രി ആതിരയെ, സ്വന്തം സഹോദരിയെപ്പോലെ സഹായിച്ച മുസാഫറിൻ്റെയും സമീറിൻ്റെയും മതം ചർച്ച ചെയ്യേണ്ടേ? ഛത്തിസ്ഗഡിൽ നിന്നുള്ള 4 കുടുംബങ്ങളിലെ 11 പേരെ രക്ഷിച്ച നസകാത്ത് അഹമ്മദ് ഷായുടെ മതവും അന്വേഷിക്കേണ്ടേ? സഞ്ചാരികൾക്ക് തൻ്റെ മൺകുടിലിൽ അഭയം നല്കി സംരക്ഷിച്ച റുബീന എന്ന 16 വയസുകാരിയുടെ മതവും തെരയേണ്ടേ?
ഇതൊന്നും പോരെങ്കിൽ തീവ്രവാദികളെ പരസ്യമായി തള്ളിപ്പറഞ്ഞു കൊണ്ട് തെരുവിലിറങ്ങിയ കശ്മീരി ജനതയുടെ
മതത്തെക്കുറിച്ചും അറിയേണ്ടേ?

ഇവരുടെയൊക്കെ മതബോധം മനുഷ്യനെ സ്നേഹിക്കാനും രക്ഷിക്കാനുമാണ് പ്രേരിപ്പിച്ചത്. അല്ലാതെ കൊല്ലാനല്ല .

ഇനിയുമുണ്ട് ചിന്തിക്കാൻ….

*ഭീകരർ ഉപയോഗിക്കുന്ന അത്യാധുനിക ആയുധങ്ങളും സാങ്കേതിക വിദ്യകളും* *എവിടെ നിന്ന് വരുന്നു?* അത് നല്കുന്നവർക്കും മതമില്ലേ? ആഗോള ആയുധ കമ്പോളത്തിലെ മുഖ്യ ഡീലർമാർ ആരാണ്? അവരുടെ മതവും അന്വേഷിക്കേണ്ടേ?

ശീതയുദ്ധ കാലത്ത് അമേരിക്കയും റഷ്യയും നിരവധി
തീവ്രവാദ സംഘടനകൾ ആരംഭിക്കുകയും വളർത്തുകയും ചെയ്തതായി പറയപ്പെടുന്നുണ്ട്. പശ്ചിമേഷ്യയിലെ ചില തീവ്രവാദ ഗ്രൂപ്പുകളെങ്കിലും പാശ്ചാത്യ രാജ്യങ്ങളുടെ സൃഷ്ടിയാണ് എന്നത് എത്രപേർക്കറിയാം? അതിനൊക്കെ പിന്നിൽ ചില രാഷ്ട്രീയ കാരണങ്ങളും താല്പര്യങ്ങളും ഉണ്ട്. എല്ലാം ഇപ്പോൾ വിശദീകരിക്കുന്നില്ല.

ഇന്ത്യയ്ക്ക് ഒരു റഷ്യൻ ചായ്‌വ് ഉണ്ടായിരുന്നതുകൊണ്ട് ധാരാളം അമേരിക്കൻ ഫണ്ട് പാക്കിസ്ഥാനിലേയ്ക്കും ഒഴുകിയിട്ടുണ്ട്. അതൊക്കെ ഇന്ത്യയ്ക്കെതിരെ കശ്‌മീരിൽ ഭീകര പ്രവർത്തനങ്ങൾക്കായി പാക്കിസ്ഥാൻ ഉപയോഗിച്ചിട്ടുമുണ്ട്. അമേരിക്ക ഇന്ത്യയെ സുഹൃത്തായി കാണാൻ തുടങ്ങിയിട്ട് ഏറിയാൽ 15 വർഷമല്ലേ ആയിട്ടുള്ളൂ ?

ഇസ്ലാമിക തീവ്രവാദം എന്നത് ഒരു വർത്തമാനകാല യാഥാർഥ്യമാണ്. അതാർക്കും നിഷേധിക്കാനുമാവില്ല. പഹൽഗാമിലെ ഭീകരരുടെ പേരിൽ എന്തിനാണ് നമ്മുടെ അയൽപക്കത്തുള്ള മുനീറിനോടും മുസ്തഫയോടും ഫാത്തിമയോടുമൊക്കെ ശത്രുത കാണിക്കുന്നത്? *മുഗളൻമാർ ചെയ്ത ക്രൂരതകളുടെ പേരിൽ ഇന്നത്തെ മുസ്ലീമിനെ കുറ്റം വിധിക്കുന്നവർ, ബ്രിട്ടീഷുകാർ ചെയ്ത* *ക്രൂരതകളുടെ പേരിൽ നാളെ ക്രിസ്ത്യാനികളെയും കുറ്റം വിധിക്കുമെന്നത് ഓർത്തിരിക്കുക.*

ദയവായി മനസ്സിലാക്കുക….

പാവങ്ങളുടെ അമ്മയായ മദർ തെരേസയും ലക്ഷങ്ങളെ കൊന്നൊടുക്കിയ ഹിറ്റ്ലറും ഒരേ മതത്തിൽ വിശ്വസിച്ചിരുന്നവരാണ്.
രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയും നാഥുറാം വിനായക് ഗോഡ്സെയും ഒരേ മതത്തിൽ നിന്നുള്ളവരാണ്. ഇന്ത്യയ്ക്ക് അഗ്നിച്ചിറകുകൾ കൊണ്ട് സ്വപ്നങ്ങൾ നല്കിയ മഹാനായ എ. പി. ജെ. അബ്ദുൽ കലാമിൻ്റെയും മുബൈ ഭീകരാക്രമണത്തിന് നേതൃത്വം കൊടുത്ത ദാവൂദ് ഇബ്രാഹിമിന്റെയും മതം ഒന്നു തന്നെ. മതമൂല്യങ്ങളെ ഒരാൾ എങ്ങനെ മനസ്സിലാക്കുന്നു എന്നതാണ് ഒരുവനെ നല്ലവനോ ദുഷ്ടനോ ആക്കുന്നത്.

പഹൽഗാമിലെ ഭീകരരെയും തൻ്റെ അയൽപക്കത്തുള്ള സഹോദരരെയും ഒരേ കണ്ണിൽ വീക്ഷിക്കുന്നവരുടെ മിഴികളിൽ വെറുപ്പിൻ്റെ തിമിരമുണ്ട്……

മലയാളി സഹോദരരേ, ഒരു നിമിഷം ചിന്തിക്കുക….

*മതം ചോദിച്ച് മനുഷ്യരെ കൊല്ലുന്ന തീവ്രവാദികളുടെ നിലവാരത്തിലേയ്ക്ക് നമ്മൾ താഴണോ അതോ* *തീവ്രവാദികളുടെ തിന്മയെ തിന്മയെന്നും നല്ലവരുടെ നന്മയെ* *നന്മയെന്നും പറഞ്ഞ മലയാളത്തിൻ്റെ പ്രിയപുത്രി ആതിരയുടെ നിലവാരത്തിലേയ്ക്ക് ഉയരണോ???*

ഫാ. അജി പുതിയാപറമ്പിൽ
27/04/2025

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close