
ആലപ്പുഴ: സിനിമാ നടനും മിമിക്രി കലാകാരനുമായ കോട്ടയം നസീര്‍ വരച്ച ക്രിസ്തുവിന്റെ അക്രിലിക് പെയിന്റിംഗ് ആലപ്പുഴ രൂപതാധ്യക്ഷന്‍ കൈമാറി. ബിഷപ് ഹൗസില്‍ നടന്ന ചടങ്ങില്‍ പൊതുമരാമത്ത് മന്ത്രി ജി സുധാകരനും കോട്ടയം നസീറും ചേര്‍ന്ന് ആലപ്പുഴ രൂപതാധ്യക്ഷന്‍ ബിഷപ് ഡോ ജെയിംസ് റാഫേല്‍ ആനാപറമ്പിലിന് ചിത്രം കൈമാറി.
ആലപ്പുഴ ബീച്ച് ക്ലബ്ബ് ഒരു ലക്ഷം നല്‍കിയാണ് ആക്രിലിക്കില്‍ വരച്ച ഈ പെയിന്റിംഗ് വാങ്ങിയത്. നസീര്‍ ഈ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുകയും ചെയ്തു.
ലോക്ക്ഡൗണ്‍ കാലത്താണ് നസീര്‍ ഈ ചിത്രം വരച്ചത്. വീട്ടില്‍ ചടഞ്ഞിരിക്കാതെ 42 ചിത്രങ്ങളാണ് നസീര്‍ വരച്ചത്.
ബിഷപ്സ് ഹൗസിന്റെ കോണ്‍ഫറന്‍സ് ഹാളില്‍ പ്രശസ്ത ചിത്രകാരന്മാരുടെ പെയിന്റിംഗുകള്ക്കിടയില് നസീറിന്റെ മുള്‍ക്കിരീടമണിഞ്ഞ ക്രിസ്തുവിന്റെ പെയിന്റിംഗ് ഇടം പിടിക്കും.




