top news
സര്‍ക്കാരിന് ആരെയും രക്ഷിക്കാനില്ല, ഖണ്ഡിക ഒഴിവാക്കാന്‍ നിര്‍ദേശിച്ചിട്ടില്ല, റിപ്പോര്‍ട്ടില്‍ ഇനി തീരുമാനമെടുക്കേണ്ടത് കോടതി : പി രാജീവ്
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിന്നും സര്‍ക്കാര്‍ ചില ഭാഗങ്ങള്‍ നീക്കിയെന്ന ആരോപണത്തില്‍ വിശദീകരണവുമായി മന്ത്രി പി രാജീവ്. സര്‍ക്കാരിന് ആരെയും രക്ഷിക്കാനില്ലെന്നും വിഷയത്തില്‍ ഇനി തീരുമാനം എടുക്കേണ്ടത് കോടതിയാണെന്നും മന്ത്രി പി രാജീവ് പറഞ്ഞു. റിപ്പോര്‍ട്ടിലെ മൊഴികളുടെ അടിസ്ഥാനത്തില്‍ നിയമനടപടി എടുക്കണമെന്ന് നിര്‍ദേശമുണ്ടായിരുന്നില്ല. മൊഴികള്‍ ആദ്യം കേട്ടത് ഹേമ കമ്മിറ്റിയാണെന്നും നടപടിക്ക് നിര്‍ദേശിക്കേണ്ടത് കമ്മറ്റിയാണെന്നും മന്ത്രി വ്യക്തമാക്കി. കൂടാതെ സര്‍ക്കാര്‍ ഒരു ഖണ്ഡികയും ഒഴിവാക്കാന്‍ നിര്‍ദേശിച്ചിട്ടില്ലെന്നും അത് ഒഴിവാക്കിയത് സ്‌പെഷ്യല്‍ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ആണെന്നും പി രാജീവ് പറഞ്ഞു. ഖണ്ഡിക ഒഴിവാക്കാന്‍ വിവരാവകാശ കമ്മീഷന്‍, സ്‌പെഷ്യല്‍ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസറെയാണ് ചുമതലപ്പെടുത്തിയത്.
സ്വകാര്യത മാനിച്ചുകൊണ്ടാണ് സ്‌പെഷ്യല്‍ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഖണ്ഡിക ഒഴിവാക്കിയത്. മുഴുവന്‍ റിപ്പോര്‍ട്ടും കോടതിയിലേക്ക് വരും. കോടതിയുടെ നിര്‍ദ്ദേശം അനുസരിച്ച് സര്‍ക്കാര്‍ തുടര്‍നടപടി സ്വീകരിക്കും. സര്‍ക്കാരിന് ആരെയും രക്ഷിക്കാന്‍ ഇല്ലെന്നും പി രാജീവ് പറഞ്ഞു. രേഖ പുറത്തുവിടുന്നതില്‍ ലംഘനം നടന്നിട്ടുണ്ടെങ്കില്‍ പരിശോധിക്കാം. സര്‍ക്കാരിന്റെ പ്രത്യേക നിര്‍ദേശമൊന്നും അതിലില്ല. ഉദ്യോഗസ്ഥന്‍ തന്നെ പരിശോധിച്ച് പുറത്തുവിടണമെന്നാണ് പറഞ്ഞത്. അങ്ങനെയല്ലെങ്കില്‍ വിവരാവകാശ കമ്മീഷന് പരിശോധിക്കാവുന്നതാണെന്നും പി രാജീവ് വ്യക്തമാക്കി.
അതേസമയം ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ അഞ്ച് പേജുകളിലെ 11 ഖണ്ഡികകള്‍ മുന്നറിയിപ്പില്ലാതെ സര്‍ക്കാര്‍ ഒഴിവാക്കിയെന്ന് കണ്ടെത്തിയിരിക്കുകയാണ്. 49 മുതല്‍ 53 വരെ പേജുകള്‍ അധികമായി ഒഴിവാക്കിയതായാണ് റിപ്പോര്‍ട്ടറിന്റെ കണ്ടെത്തല്‍. 97 മുതല്‍ 107 വരെയുള്ള 11 ഖണ്ഡികകളാണ് നീക്കിയത്. ഈ പേജുകള്‍ ഒഴിവാക്കുമെന്ന് അപേക്ഷകരെ അറിയിച്ചിരുന്നില്ല.
ഈ ലിങ്ക് വഴി ഇ ന്യൂസ് വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യാം https://chat.whatsapp.com/GWCxVhupXM1JzhuzKNnTGz
ഏറ്റവും ക്രൂരമായ ലൈംഗികാതിക്രമ വിവരങ്ങള്‍ ഉള്‍പ്പെട്ട ഭാഗങ്ങളാണ് ഒഴിവാക്കിയത്. വിവരാവകാശ കമ്മീഷണര്‍ ഡോ. എ അബ്ദുള്‍ ഹക്കീം 21 ഖണ്ഡികകള്‍ ഒഴിവാക്കാനാണ് നിര്‍ദ്ദേശിച്ചിരുന്നത്. എന്നാല്‍ സര്‍ക്കാര്‍ ആകെ 129 ഖണ്ഡികകളാണ് വെട്ടിമാറ്റിയത്. വിവരാവകാശ കമ്മീഷണര്‍ പുറത്തുവിടാന്‍ ആവശ്യപ്പെട്ട വിവരങ്ങളും വെട്ടിമാറ്റിയിട്ടുണ്ട്. ഗുരുതര വീഴ്ചയാണ് സര്‍ക്കാരില്‍ നിന്ന് ഉണ്ടായിരിക്കുന്നത്.വിവരാവകാശ കമ്മീഷണര്‍ പുറത്തു വിടരുതെന്ന് നിര്‍ദ്ദേശിച്ച ഭാഗങ്ങള്‍ സര്‍ക്കാര്‍ പുറത്തുവിടുകയും ചെയ്തിട്ടുണ്ട്. 48ാം പേജിലെ 96ാം ഖണ്ഡിക പുറത്തുവിടരുതെന്ന് കമ്മീഷണര്‍ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഈ ഭാഗം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഈ പേജില്‍ സ്വകാര്യതയിലേക്ക് വിരല്‍ ചൂണ്ടുന്ന വിവരങ്ങളില്ല.