top news
പ്രളയത്തെ പോലും അതിജീവിച്ച പഴയ കൊച്ചിന്‍ പാലം തകര്‍ന്നു വീണു
തൃശ്ശൂര്‍: 122 വര്‍ഷത്തെ പഴക്കമുള്ള പഴയ കൊച്ചിന്‍ പാലം തകര്‍ന്നു വീണു. 2018 ലെ പ്രളയത്തെ പോലും അതിജീവിച്ച പാലമാണ് ഈ കാലാവര്‍ഷത്തെ മഴക്കെടുതിയില്‍ തകര്‍ന്നത്. 2011ല്‍ നേരത്തെ പാലത്തിന്റെ നടുഭാഗം തകര്‍ന്നിരുന്നു.
ചെറുതുരുത്തി-ഷൊര്‍ണൂര്‍ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന ഭാരതപ്പുഴയ്ക്ക് കുറുകെയുള്ള ഈ പാലം, കേരളപ്പിറവിക്ക് മുന്‍പ് പഴയ മദിരാശി മലബാറിനെയും തിരുവിതാംകൂര്‍ കൊച്ചിയെയും ഏകോപിപ്പിച്ചാണ് നിര്‍മിച്ചത്. ഷൊര്‍ണൂരിലൂടെ കടന്ന് പോകുന്ന ട്രെയിന്‍ ഗതാഗതം തിരുവിതാംകൂറിലേക്ക് എത്തിക്കണമെന്ന അന്നത്തെ കൊച്ചി മഹാരാജാവ് രാമവര്‍മ്മ തമ്പുരാന്റ ആഗ്രഹമാണ് പാലം നിര്‍മാണത്തിന് പിന്നില്‍. 1902 ജൂണ്‍ 2ന് ആദ്യത്തെ ചരക്ക് ട്രെയിനും ജൂലായ് 16ന് ആദ്യത്തെ യാത്രാവണ്ടിയും മലബാറില്‍ നിന്ന് തിരുവിതാംകൂറിലേക്ക് ഈ പഴയ കൊച്ചിന്‍ പാലത്തിലൂടെയാണ് സര്‍വീസ് നടത്തിയത്. ട്രെയിനുകള്‍ സര്‍വീസ് നടത്തിയിരുന്ന ഇതേ പാലത്തിലൂടെ തന്നെയാണ് ആദ്യകാലത്ത് മോട്ടോര്‍ വാഹനങ്ങളും കടന്ന് പോയിരുന്നത്.
ഈ ലിങ്ക് വഴി ഇ ന്യൂസ് വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യാം https://chat.whatsapp.com/GWCxVhupXM1JzhuzKNnTGz
മീറ്റര്‍ ഗേജില്‍ നിന്നും ബ്രോഡ് ഗേജിലേക്ക് മാറുന്ന തുടക്കത്തില്‍ തന്നെ ബ്രിട്ടിഷ് സര്‍ക്കാര്‍ ട്രെയിന്‍ ഗതാഗതത്തിന് സമാന്തരമായി പുതിയൊരു പാലം നിര്‍മിച്ചപ്പോള്‍ ഇന്നത്തെ പഴയ കൊച്ചിന്‍ പാലം മോട്ടര്‍ വാഹനങ്ങള്‍ക്ക് മാത്രമായി മാറുകയായിരുന്നു. അറ്റകുറ്റപ്പണികളുടെ അപര്യാപ്തത മൂലം ഈ നൂറ്റാണ്ടിന്റെ തുടക്കത്തില്‍ പാലം ബലക്ഷയം വന്നതിനെ തുടര്‍ന്ന് അടച്ചിടുകയും തൊട്ടടുത്ത് തന്നെ മറ്റൊരു പുതിയ കൊച്ചിന്‍ പാലം 2003 ജനുവരി 25ന് ജനങ്ങള്‍ക്കായി തുറന്ന് കൊടുക്കുകയുമായിരുന്നു. പാലത്തിന്റെ ഒരു തൂണും സ്പാനും 2019ലും തകര്‍ന്നിരുന്നു.