അബുദാബി:
വിനോദ സഞ്ചാര മേഖലയിൽ സഹകരിച്ചു പ്രവർത്തിക്കാൻ അബുദാബിയും കേരളവും തമ്മിൽ ധാരണ. യുഎഇ സന്ദർശനത്തിന്റെ ഭാഗമായി ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് അബുദാബി ടൂറിസം സാംസ്കാരിക ചെയർമാൻ മുഹമ്മദ് ഖലീഫ അൽ മുബാറക്കുമായി അബുദാബിയിൽ നടത്തിയ കൂട്ടിക്കാഴ്ചയിലാണ് തീരുമാനം. ഇത് സംബന്ധിച്ച ധാരണ പത്രത്തിൽ ഉടൻ ഒപ്പ് വെക്കാനും യോഗത്തിൽ തീരുമാനമായി.
ആഗോള വിനോദസഞ്ചാര മേഖലയിൽ കേരളത്തിൻ്റെ പ്രാധാന്യം സംബന്ധിച്ച് മന്ത്രിമുഹമ്മദ് റിയാസ് മുഹമ്മദ് ഖലീഫയെ ധരിപ്പിച്ചു. ഈ മേഖലയിലെ നിക്ഷേപ സാഹചര്യങ്ങളെകുറിച്ചും മന്ത്രി വിശദീകരിച്ചു. അബുദാബി സർക്കാർ കമ്പനിയും അടിസ്ഥാന സൗകര്യ മേഖലയിൽ പ്രവർത്തിക്കുന്ന ഗൾഫിലെതന്നെ ഏറ്റവും വലിയ കമ്പനികളിലൊന്നായ അൽദാറുമായി സഹകരിച്ച് കേരളത്തിലെ വിനോദ സഞ്ചാര മേഖലയിൽ നിക്ഷേപ സാധ്യതകളെപ്പറ്റി കൂടുതൽ ചർച്ചകൾ നടത്താൻ സന്നദ്ധമാണെന്നും അൽദാർ കമ്പനിയുടെ ചെയർമാൻ കൂടിയായ മുഹമ്മദ് ഖലീഫ അൽ മുബാറക് അറിയിച്ചു. ഇതിൻ്റെ ഭാഗമായുള്ള തുടർ ചർച്ചകൾക്കായി വരുന്ന മേയിൽ അബുദാബി വിനോദ സഞ്ചാര ഉന്നതതല സംഘം കേരളത്തിൽ എത്തുമെന്നും അദ്ദേഹം മന്ത്രിയെ അറിയിച്ചു.
അബുദാബിയുമായുള്ള സഹകരണം കേരളത്തിന്റെ വിനോദ സഞ്ചാര മേഖലയിൽ കൂടുതൽ ഉണർവുണ്ടാക്കുമെന്നു മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. സഹകരണം യാഥാർഥ്യമാവുന്നതോടെ കൂടുതൽ സഞ്ചാരികളെ യു.എ.ഇ.യിൽ നിന്ന്, പ്രത്യേകിച്ച് അബുദാബിയിൽ നിന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. മെയ് ആദ്യവാരം കൊച്ചിയിൽ നടക്കുന്ന കേരള ട്രാവൽ മാർട്ടിൽ അതിഥിയായി പങ്കെടുക്കാൻ മന്ത്രി അബുദാബി ടൂറിസം ചെയർമാനെ ക്ഷണിച്ചു. സംസ്ഥാന വിനോദ സഞ്ചാര വകുപ്പ് ഡയറക്ടർ വി ആർ കൃഷ്ണ തേജ, അബുദാബി ചേംബർ വൈസ് ചെയർമാൻ എം എ. യൂസഫലി എന്നിവരും യോഗത്തിൽ പങ്കെടുത്തു.