കോഴിക്കോട്: അംഗപരിമിതനെ കബളിപ്പിച്ച് മുച്ചക്ര വാഹനവുമായി കടന്ന കൊലക്കേസ് പ്രതിയെ ടൗൺ പോലീസ് അറസ്റ്റ് ചെയ്തു. വടകര മടപ്പളളി സ്വദേശി മാളിയേക്കൽ വീട്ടിൽ അബ്ദുൽ ബഷീറാണ് (49) പിടിയിലായത്. മുച്ചക്ര വാഹനവുമായി പള്ളിയിൽ പോയ അംഗപരിമിതൻ മഗരിബ് നിസ്കാരം നടത്തുന്നതിനിടെ അവിടെ ഉണ്ടായിരുന്ന അബ്ദുൾബഷീർ അത്യാവശ്യമായി എന്തോ സാധനം എടുക്കുന്നതിനായി 5 മിനുട്ട് നേരത്തേക്ക് വാഹനം ചോദിക്കുകയും, നിസ്കാരം കഴിയുമ്പഴേക്കും തിരിച്ചെത്തിക്കാമെന്നും പറഞ്ഞ് വണ്ടിയുമായി കടന്നുകളയുകയായിരുന്നു.തന്നെ പോലെ അവശതയുള്ള ആളാണല്ലോ എന്നു കരുതി സഹായിച്ച ആളെ പറ്റിച്ച് വാഹനവുമായി മുങ്ങിയ ആളെയും കാത്ത് മണിക്കൂറുകൾ കാത്തു നിന്നെങ്കിലും ആളെയും വാഹനവും കാണാഞ്ഞതിൽ ഉടമ ടൗൺ പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയും കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. അന്വേഷണം നടത്തിയെങ്കിലും കണ്ടു പരിചയം മാത്രം ഉള്ള ആളെ കണ്ടെത്താൻ കഴിഞ്ഞില്ല . അന്വേഷണാവസ്ഥയിലുള്ള പഴക്കം ചെന്ന കേസുകൾ പ്രത്യേകമായി അന്വേഷിക്കുവാൻ വേണ്ടി സിറ്റി പോലീസ് കമ്മീഷണർ എ.വി ജോർജിൻ്റെ നിർദ്ദേശ്ശ പ്രകാരം പ്രത്യേകം അന്വേഷണ സംഘം ഉണ്ടാക്കി അന്വേഷണം നടത്തി വരവെ പെട്രോൾ പമ്പുകളിലും മറ്റും വന്നു പോകുന്ന ട്രൈ വീലറുകളെ പറ്റി അന്വേഷിക്കുകയും അവയുടെ നമ്പറുകൾ പരിശോധിക്കുകയും ചെയ്തതിൽ സംശയം തോന്നിയ നാലു വണ്ടികളെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയതിൽ നമ്പർ പ്ലേറ്റ് മാറ്റി വാഹന ഉടമ പോലും കണ്ടാൽ തിരിച്ചറിയാത്ത വിധത്തിൽ മാറ്റങ്ങൾ വരുത്തി ഉപയോഗിക്കുകയായിരുന്നു അംഗ പരിമിതൻ കൂടിയായ അബ്ദുൾ ബഷീർ. വാഹനം നഷ്ടപ്പെട്ടയാളെ കൂട്ടി കൊണ്ടു പോയി കാണിച്ച് തിരിച്ചറിഞ്ഞ ശേഷമാണ് പ്രതി ഒളിച്ചു താമസിച്ചിരുന്ന കോഴിക്കോട് എയർപോർട്ട് ഭാഗത്തുള്ള ഒരു വാടക വീട്ടിൽ നിന്നും അറസ്റ്റ് ചെയ്തത്.തുടർന്ന് നടത്തിയ അന്വേഷണത്തിൽ കുന്ദമംഗലത്ത ഉമ്മയേയും കുട്ടിയെയും കൊന്ന ഇരട്ട കൊലപാതക കേസിലെ പ്രതിയാണെന്ന് തിരിച്ചറിഞ്ഞു . വളരെ ക്രൂരമായ കൊലപാതകം നടത്തിയ കേസിൽ ജാമ്യം ഇറങ്ങിയ ശേഷമാണ് പ്രതി ഇത്തരം ഹീനമായ മോഷണം നടത്തിയതെന്നതിനാൽ പഴയകേസിലെ ജാമ്യം റദ്ദാക്കാനുള്ള നടപടികൾ സ്വീകരിച്ചു വരികയാണ് . ടൗൺ പോലീസ് ഇൻസ്പെക്ടർ എ . ഉമേഷ്, എസ് ഐ മാരായ ബിജിത്ത്.കെ.ടി, അബ്ദുൾ സലീം.വി.വി, എ.എസ്.ഐ ബാബു, സീനിയർ സി പി ഒ മാരായ സജേഷ് കുമാർ, സുനിൽ, സി പി ഒ അനൂജ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.