
ദുബൈ: ഇങ്ങ് കേരളത്തിൽ ദേശീയ പാതയിലടക്കം റോഡുകളിലെ കുഴിയടയ്ക്കാൻ സർക്കാരുകൾ തമ്മിൽ പഴിചാരവെ ഗൾഫ് രാജ്യങ്ങളിൽ അത്യാധുനീക സംവിധാനവുമായി യു എ ഇ ഭരണകൂടം . ലോകത്തിലെ ഏറ്റവും മികച്ച ഗതാഗത സംവിധാനങ്ങളുള്ള ദുബായ് നഗരത്തിൽ റോഡിൽ ഒരിടത്തും കുഴികൾ ഉണ്ടാകാറില്ല. കൃത്യമായ നിരീക്ഷണമാണ് ഇതിന് കാരണം. ഏറ്റവും പുതിയ സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് റോഡുകൾ വിലയിരുത്തുന്ന സംവിധാനമാണ് ദുബായ് റോഡ് ഗതാഗത അതോറിറ്റി (ആർ. ടി. എ) ഇവിടെ ഒരുക്കിയിരിക്കുന്നത്. റോഡുകളുടെ അവസ്ഥ വിലയിരുത്തുന്ന ഓട്ടോമേറ്റഡ് സംവിധാനം വീണ്ടും നവീകരിച്ചതായും ആർടിഎ വാർത്ത കുറിപ്പിൽ അറിയിച്ചു. ആർട്ടിഫിഷൽ ഇന്റലിജൻസ് സാങ്കേതിക വിദ്യയോടുള്ള റോഡുകളുടെ ഡിജിറ്റൽ പതിപ്പാണ് പുതിയ സംവിധാനം. കേടുപാടുകൾ കണ്ടെത്തുക മാത്രമല്ല, അനുവദിച്ച ബജറ്റുകൾക്കുള്ളിൽ ഉചിതമായ തരത്തിൽ അറ്റകുറ്റപ്പണികൾ എങ്ങനെ നടത്താമെന്ന് തിരഞ്ഞെടുക്കുന്നതിനും ഈ സംവിധാനം സഹായിക്കും. പുതിയ ഓട്ടോമേറ്റഡ് സ്മാർട്ട് സിസ്റ്റം റോഡുകളുടെ അവസ്ഥ വിലയിരുത്തുന്നതിനും, അവയുടെ അറ്റകുറ്റപ്പണികൾ നിയന്ത്രിക്കുന്നതിനും ലേസർ സ്കാനിങ് ടെക്നിക്കുകൾ ഉപയോഗപ്പെടുത്തും. ഇവയിലൂടെ ലഭ്യമാകുന്ന ഡേറ്റയുടെ കൃത്യത ഉറപ്പുവരുത്തുന്നതിനായി റോഡ് ശൃംഖലയെ 100 മീറ്ററിൽ കൂടാത്ത ഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. ഹൈവേകൾ, പ്രധാന റോഡുകൾ, ഇടറോഡുകൾ എന്നിവയുടെ ദൈർഘ്യം കണക്കാക്കാനും സംവിധാനത്തിന് കഴിയും. സ്മാർട്ട് സംവിധാനം വഴി അറ്റകുറ്റപ്പണികളുടെ 78% പ്രവർത്തന ചെലവിന് തുല്യമായ ലാഭം ഉണ്ടാക്കാമെന്നും പരമ്പരാഗത രീതികളിൽ നിന്ന് ഏറെ ഗുണകരമാണെന്നും പ്രസ്താവനയിൽ വ്യക്തമാക്കി.