
കോഴിക്കോട് : പാതയോരത്തുള്ള തണൽമരങ്ങളുടെ പ്രയോജനം നാട്ടുകാർക്ക് ലഭിക്കാത്തവിധത്തിൽ ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ച് മരങ്ങളെച്ചുറ്റിപറ്റി നടക്കുന്ന അനധികൃത കച്ചവടങ്ങൾ അവസാനിപ്പിക്കുന്നതിന് സിറ്റി പോലീസും കോർപ്പറേഷൻ സെക്രട്ടറിയും അടിയന്തര നടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ്.
മരത്തണലുകൾ കൈയേറി തെരുവുകച്ചവടക്കാർ അനധികൃത കച്ചവടം നടത്തുന്നതിനെതിരെ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. ഇതേ വിഷയത്തിൽ കമ്മീഷൻ സ്വമേധയാ കേസെടുത്തിരുന്നു.
ഇത്തരം മനുഷ്യാവകാശ ലംഘനങ്ങൾ അവസാനിപ്പിക്കേണ്ടത് പോലീസിന്റെയും തദ്ദേശസ്വയംഭരണകൂടത്തിന്റെയും ഉത്തരവാദിത്തമാണെന്ന് ഉത്തരവിൽ പറഞ്ഞു. നഗരത്തിൽ വൈകാതെ വെന്റിംഗ് സോൺ പ്രഖ്യാപിക്കുമെന്ന് കമ്മീഷൻ മനസിലാക്കുന്നു. അതോടെ അനധികൃത കച്ചവടങ്ങൾക്ക് നിരോധനം ഏർപ്പെടുത്തുമെന്ന് വിശ്വസിക്കുന്നതായും ഉത്തരവിൽ പറഞ്ഞു.നടക്കാവ്, വെള്ളയിൽ പ്രദേശങ്ങളിൽ പാതയോരങ്ങളുടെ ഇരുവശത്തും മരത്തണലിൽ അനധികൃതകച്ചവടങ്ങൾ നടക്കുന്നുണ്ടെന്ന് കോഴിക്കോട് ടൗൺ സബ് ഡിവിഷൻ അസിസ്റ്റന്റ് കമ്മീഷണർ കമ്മീഷനെ അറിയിച്ചു.
സഞ്ചാര സ്വാതന്ത്ര്യം തടസപ്പെടുത്തി നടത്തുന്ന അനധികൃത കച്ചവടങ്ങൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും റിപ്പോർട്ടിൽ പറഞ്ഞു. ഇത്തരത്തിലുള്ള പരാതികൾ ലഭിക്കുകയാണെങ്കിൽ നടപടിയെടുക്കാൻ ടൗൺ സബ് ഡിവിഷനിലെ സ്റ്റേഷൻ ഹൗസ് ഓഫീസർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറഞ്ഞു.. ഇത്തരം അനധികൃത നടപടികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് കോർപ്പറേഷൻ സെക്രട്ടറിയും കമ്മീഷനെ അറിയിച്ചു. സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിന് പുറമേ നടക്കാവ് സ്വദേശി ജോയ് പ്രസാദ് പുളിക്കലും ഇതേ വിഷയത്തിൽ പരാതി നൽകിയിരുന്നു.




