
തിരുവനന്തപുരം: പ്രശസ്ത സിനിമ-സീരിയല്‍ നടന് ജി.കെ പിള്ള (94) അന്തരിച്ചു. തിരുവനന്തപുരം ഇടവയിലെ വസതിയില്‍ രാവിലെയോടെയായിരുന്നു അന്ത്യം. 1954 ല്‍ സ്നേഹസീമ എന്ന ചിത്രത്തിലൂടെ പൂപ്പള്ളി തോമസ് എന്ന കഥാപാത്രത്തെ അവതരിപ്പുകൊണ്ടാണ് അദ്ദേഹം സിനിമ ജീവിതത്തിലേക്ക് ചുവടെടുത്തു വയ്ക്കുന്നത്. ശരീരഘടനകൊണ്ട് ലഭിച്ച വില്ലന്‍ കഥാപാത്രങ്ങളെ അദ്ദേഹം അവിസ്മരണീയമാക്കി.
നായര്‍ പിടിച്ച പുലിവാല്, ജ്ഞാന സുന്ദരി, സ്ഥാനാര്‍ത്ഥി സാറാമ്മ, സ്നാപക യോഹന്നാന്, തുമ്പോലാര്‍ച്ച, ലൈറ്റ് ഹൗസ്, കണ്ണൂര്‍ ഡീലക്സ്, ലോട്ടറി ടിക്കറ്റ്, കാര്യസ്ഥന് തുടങ്ങിയ ചിത്രങ്ങളില്‍ അദ്ദേഹം ശ്രദ്ധേയമായ അഭിനയം കാഴ്ചവച്ചു.
1924-ല്‍ തിരുവനന്തപുരം ജില്ലയിലെ ചിറയിന്‍ കീഴില്‍ ഗോവിന്ദ പിള്ളയുടെയും സരസ്വതിയമ്മയുടെയും മകനായാണ് ജി. കേശവപിള്ള എന്ന ജി.കെ. പിള്ളയുടെ ജനനം. ചിറയിന്‍കീഴ് ശ്രീചിത്തിരവിലാസം സ്കൂളില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. 16ാം വയസ്സില്‍ സൈനിക സേനയില്‍ ചേര്‍ന്ന അദ്ദേഹം നീണ്ട 13 വര്‍ഷം പട്ടാളത്തില്‍ സേവനമനുഷ്ടിച്ചു. ഇതിന് ശേഷമാണ് അദ്ദേഹം അഭിനയരംഗത്തേക്ക് കടന്നുവരുന്നത്.
നീണ്ട ഒരിടവേളയ്ക്ക് ശേഷം അഭിനയജീവിതത്തിലേക്ക് തിരിച്ചെത്തിയ അദ്ദേഹം സീരിയല്‍ രംഗത്ത് സജ്ജീവമായി.
സ്വപ്നം, അമ്മമനസ്സ്, കുങ്കുമപ്പൂവ് അടക്കം നിരവധി ടിവി പരമ്പരകളിലൂടെ പ്രേക്ഷക മനസ്സില്‍ പ്രീതിനേടി.
ഭാര്യ പരേതയായ ഉത്പലാക്ഷിയമ്മ. മക്കള്‍ – പ്രതാപചന്ദ്രന്, ശ്രീകല ആര് നായര്‍, ശ്രീലേഖ മോഹന്‍, ശ്രീകുമാരി ബി പിള്ള, ചന്ദ്രമോഹന്, പ്രിയദര്ശന്.