
കോഴിക്കോട് : കൂത്താളി വെറ്ററിനറി ഡിസ്പെൻസറിയിലെ വെറ്ററിനറി സർജൻ ഡോ. സി. വിജിതയെ സേവനത്തിനിടെ മർദിച്ച സംഭവത്തിൽ ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ ( ഐ.വി.എ) കേരള പ്രതിഷേധിച്ചു. കിടപ്പിലായ പശുവിന് ചികിത്സാസേവനം നൽകുന്നതിനായി ക്ഷീരകർഷകൻ്റെ വീട്ടിലെത്തിയ ഡോക്ടർ
സഞ്ചരിച്ച ഓട്ടോ മറ്റൊരു വീടിനു മുമ്പിൽ നിർത്തിയതുമായി ബന്ധപ്പെട്ട് ഡ്രൈവറും വീട്ടുടമയും തമ്മിലുണ്ടായ തർക്കമാണ് ചികിത്സ നൽകി തിരിച്ചെത്തിയ ഡോക്ടർക്ക് മർദനമേൽക്കാൻ ഇടയാക്കിയത്. അക്രമിച്ചയാൾക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കണമെന്നും
തൊഴിലിടങ്ങളിൽ ഡോക്ടർമാർക്ക് സുരക്ഷയൊരുക്കി ഭയരഹിതമായി സേവനം ചെയ്യാനുള്ള സാഹചര്യം ഒരുക്കണമെന്നും വെറ്ററിനറി അസോസിയേഷൻ ആവശ്യപ്പെട്ടു. ആശുപത്രിസംരക്ഷണ നിയമത്തിൻ്റെ പരിരക്ഷയിൽ വെറ്റിനറി ഡോക്ടർമാരെ കൂടി ഉൾപ്പെടുത്തണമെന്നും സംഘടന സർക്കാറിനോട് അഭ്യർത്ഥിച്ചു.
കോഴിക്കോട് ജില്ലാ വെറ്ററിനറി കേന്ദ്രത്തിന് സമീപം നടന്ന പ്രതിഷേധപ്രകടനത്തിന് അസോസിയേഷൻ നോർത്ത് സോൺ ജോയിൻ്റ് സെക്രട്ടറി ഡോ. കെ.എം. ജറീഷ് , ജില്ലാ പ്രസിഡൻ്റ് ഡോ. കെ. ആർ. സ്നേഹരാജ്, സെക്രട്ടറി ഡോ. രഞ്ജിത്ത് എന്നിവർ നേതൃത്വം നൽകി.




