
കോഴിക്കോട് :
പി.എഫ് അക്കൗണ്ടിലെ തുക മാറി കൊടുക്കുന്നതിന് 10,000/-രൂപയും 90,000/- രൂപയുടെ ചെക്കും ഉൾപ്പടെ 1,00,000/- രൂപ കൈക്കൂലി വാങ്ങിയ കോഴിക്കോട് ജില്ലയിലെ വടകര പാക്കയിൽ ജെ.ബി യു.പി സ്കൂൾ ഹെഡ്മാസ്റ്ററായ ഇ.വി.രവീന്ദ്രനെ വിജിലൻസ് കെണിയൊരുക്കി ഇന്ന് (16.05.2025) കയ്യോടെ പിടികൂടി.
കോഴിക്കോട് ജില്ലയിലെ വടകര പാക്കയിൽ ജെ.ബി യു.പി സ്കൂളിലെ അദ്ധ്യാപികയായ പരാതിക്കാരി പി.എഫ് അക്കൗണ്ടിൽ നിന്നും 3 ലക്ഷം രൂപ നോൺ റീഫണ്ടബിൾ അഡ്വാൻസായി ലഭിക്കുന്നതിന് 28.03.2025 തീയതി അപേക്ഷ നൽകിയിരുന്നു. സ്കൂളിലെ ഹെഡ് മാസ്റ്ററായ ഇ.വി രവീന്ദ്രൻ പി.എഫ് അക്കൗണ്ട് മാറി നൽകുന്നതിനുള്ള നടപടി ക്രമം ചെയ്യുന്നതിന് 1 ലക്ഷം രൂപ കൈകൂലി അദ്ധ്യാപികയോട് ആവശ്യപ്പെടുകയും പി.എഫ് അഡ്വാൻസ് മാറികിട്ടുന്നതിനുള്ള നടപടി വൈകിപ്പിക്കുകയും ചെയ്തു. കൈക്കൂലി നൽകി കാര്യം സാധിക്കുന്നതിന് താല്പര്യമില്ലാതിരുന്ന പരാതിക്കാരി ഈ വിവരം കോഴിക്കോട് വിജിലൻസ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിനെ അറിയിക്കുകയും, അദ്ദേഹത്തിൻ്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം കെണിയൊരുക്കി നിരീക്ഷിച്ചു വരവേ ഇന്ന് (16.05.2025) വൈകിട്ട് 07.00 മണിക്ക് വടകര പി.ഡബ്ലിയു.ഡി റസ്റ്റ് ഹൗസിന് മുന്നൽ വച്ച് പരാതിക്കാരിയിൽ നിന്നും 10,000/- രൂപ നോട്ടായും 90,000/- രൂപ ചെക്കായും കൈക്കൂലി വാങ്ങവേ വടകര പാക്കയിൽ ജെ.ബി യു.പി സ്കൂളിലെ ഹെഡ് മാസ്റ്ററായ ഇ.വി.രവീന്ദ്രനെ വിജിലൻസ് സംഘം കൈയ്യോടെ പിടികൂടുകയാണുണ്ടായത്. അറസ്റ്റ് ചെയ്ത പ്രതിയെ കോഴിക്കോട് വിജിലൻസ് കോടതിയിൽ ഹാജരാക്കും.
പൊതുജനങ്ങളുടെ ശ്രദ്ധയിൽ അഴിമതി വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ, വിജിലൻസിന്റെ നമ്പറായ 1064 എന്ന നമ്പറിലോ, 8592900900 എന്ന ฌวรั ആപ്പ് നമ്പരായ 9447789100 , നമ്പരിലോ അറിയിക്കണമെന്ന് വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം അഭ്യർത്ഥിച്ചു.