
കോഴിക്കോട്: എലത്തൂർ സ്വദേശി കെ.ടി.വിജിലിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് സരോവരം തണ്ണീർത്തടത്തിൽ അന്വേഷണ സംഘം ചതുപ്പു നീക്കി തിരച്ചിൽ നടത്തിയതിൽ വിജിലിന്റെതെന്ന് കരുതപ്പെടുന്ന ഒരു ഷൂ പോലീസ് കണ്ടത്തി. ചതുപ്പിൽ നിന്ന് കണ്ടെത്തിയ ഷൂ വിജിലിന്റെതാണെന്ന് ഈ കേസിൽ അറസ്റ്റിലായ പ്രതികളായ വാഴാത്തിരുത്തി കുളങ്ങരക്കണ്ടി മീത്തൽ കെ.കെ.നിഖിൽ, വേങ്ങേരി തടമ്പാട്ടുതാഴം ചെന്നിയാംപൊയിൽ ദീപേഷ് എന്നിവർ തിരിച്ചറിഞ്ഞു. പന്തീരാങ്കാവ് സ്വദേശി മഠത്തിൽ അബ്ദുൽ അസീസിനെയും സംഘത്തിനെയും ഉപയോഗിച്ച് പോലീസ് നടത്തിയ തിരച്ചിലിലാണ് ഷൂ കണ്ടെത്തിയത്.
കഴിഞ്ഞ തിങ്കളാഴ്ച രണ്ടാംഘട്ട തിരച്ചിലിനായി പ്രതികളെ പോലീസ് കസ്റ്റഡിയിൽ വാങ്ങുകയായിരുന്നു. ഏഴ് അടിയോളം താഴ്ചയുള്ള ചതുപ്പിൽ നിന്ന് വെള്ളം പമ്പ് ചെയ്തു വറ്റിച്ച് ടൗൺ സബ്ബ് ഡിവിഷൻ അസിസ്റ്റന്റെ് കമ്മീഷണർ ടി.കെ അഷ്റഫിന്റെയും, എലത്തൂർ ഇൻസ്പെക്ടർ കെ.ആർ.രഞ്ജിത്തിന്റയും നേതൃത്വത്തിൽ തഹസിൽദാർ, ഫൊറൻസിക് വിദഗ്ധർ, മറ്റു ഉദ്യോഗസ്ഥർ എന്നിവരും, മൃതദേഹം കണ്ടെത്താൻ മായ, മർഫി എന്നീ പൊലീസ് നായ്ക്കളെയും പരിശോധനയ്ക്കായി സ്ഥലത്തെത്തിയിരുന്നു.