
കോഴിക്കോട് : എൻജിഒ യൂണിയൻ – ജോയിൻ്റ് കൗൺസിൽ തർക്കത്തെ തുടർന്ന് ജില്ലയിലെ 12 വില്ലേജ് ഓഫീസുകളിൽ വില്ലേജ് ഓഫീസർമാരുടെ നിയമനം വൈകുന്നു. റവന്യു വകുപ്പിൽ സീനിയർ ക്ലർക്കുമാരിൽ നിന്ന് വില്ലേജ് ഓഫീസർമാരായി പ്രമോഷൻ ലഭിച്ച 12 പേരെയും ജൂലൈ ഒന്നിന് തന്നെ നിയമിക്കണമെന്ന് ലാൻ്റ് റവന്യു കമിഷണർ പ്രത്യേക ഉത്തരവിൽ കോഴിക്കോട് കളക്ടറോട് നിർദ്ദേശിച്ചിരുന്നു. യൂണിയനുകളുടെ തർക്കം മൂലം കളക്ടർക്ക് ഉത്തരവ് നടപ്പാക്കാൻ കഴിയുന്നില്ല. സിപിഎം അനുകൂല സംഘടനയായ എൻജിഒ യൂനിയൻ പ്രധാന വില്ലേജുകളിൽ അവകാശം ഉന്നയിച്ചത് സി പി ഐ അനുകൂല സംഘടനയായ ജോയിൻ്റ് കൗൺസിൽ അനുവദിച്ചു കൊടുത്തിട്ടില്ല. റവന്യു വകുപ്പ് സി പി ഐയുടെ കൈവശമാണെങ്കിലും സി പി എം സംഘടനയോട് ഏറ്റുമുട്ടി ഭാവി തുലയ്ക്കാൻ ജില്ലാ കളക്ടർ തയ്യാറുമല്ല. ബേപ്പൂർ, കച്ചേരി, വളയനാട്, കുന്ദമംഗലം, തലക്കുളത്തൂർ,കരുവൻതിരുത്തി, ചെറുവണ്ണൂർ തുടങ്ങി ജില്ലയിലെ 12 വില്ലേജ് ഓഫീസുകളിൽ നിലവിൽ വില്ലേജ് ഓഫീസർമാരില്ല. അടുത്ത വില്ലേജിലെ ഓഫീസർമാർക്ക് താത്ക്കാലിക ചുമതല നൽകിയിരിക്കയാണ്. എന്നാൽ സ്വന്തം ഓഫീസിൽ പിടിപ്പത് ജോലിയുള്ളതിനാൽ അധികചുതല സമയബന്ധിതമായി നിർവ്വവിക്കാൻ ഇവർക്ക് കഴിയുന്നില്ല. മക്കളുടെ വിദ്യാഭ്യാസം, ബാങ്ക് വായ്പകൾ, ഭൂമി വിൽപ്പന തുടങ്ങി അടിയന്തിര ആവശ്യങ്ങൾക്ക് നൂറുകണക്കിന് സാധാരണക്കാരാണ് ദിവസവും വില്ലേജ് ഓഫീസുകൾ കയറിയിറങ്ങുന്നത്. ജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാൻ ഓൺലൈൻ മുഖേനയാണ് റവന്യു വകുപ്പ് പോസ്റ്റിങ് നടപ്പാക്കിയതെങ്കിലും – തിന്നുകയുമില്ല, തീറ്റിക്കുകയുമില്ല എന്ന നിലപാടിലാണ് രണ്ട് ഭരണാനുകൂല യൂണിയനുകൾ.




