
കോഴിക്കോട് : ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച്
വാസ്കുലർ സൊസൈറ്റി ഓഫ് ഇന്ത്യയും വാസ്കുലർ സൊസൈറ്റി ഓഫ് കേരളയും കോഴിക്കോട് മാനാഞ്ചിറയിൽ വാക്കത്തോൺ സംഘടിപ്പിച്ചു. കോഴിക്കോട് സ്റ്റാർ കെയർ ഹോസ്പിറ്റലിന്റെയും റോട്ടറി കാലിക്കറ്റ് ഹൈലൈറ്റ് സിറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ “ആംപ്യൂട്ടേഷൻ-ഫ്രീ വേൾഡ്” എന്ന കാമ്പയിന്റെ ഭാഗമായാണ് വാക്കത്തോൺ നടന്നത്. കോഴിക്കോട് മെഡിക്കൽ കോളേജ് പ്രൊഫസർ ഡോ. സജിത് കുമാർ, വാസ്കുലർ സൊസൈറ്റി ഓഫ് കേരള പ്രസിഡന്റും സ്റ്റാർകെയർ ഹോസ്പിറ്റൽ വാസ്കുലർ സർജറി വിഭാഗം മേധാവിയുമായ ഡോ. സുനിൽ രാജേന്ദ്രൻ, പ്രൊഫ. ഇ വി ഗോപി (കെ എം സി ടി ഹോസ്പിറ്റൽ), എന്നിവർ ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്തു.
പ്രമേഹം മൂലം കൈകാലുകൾ ഛേദിക്കപ്പെടുന്നതിലേക്ക് നയിക്കുന്ന രോഗങ്ങൾ തടയുക, നേരത്തെ കണ്ടെത്തുക, ചികിത്സിക്കുക തുടങ്ങിയ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് വാക്കത്തോൺ നടത്തിയത്. ആരോഗ്യകരമായ ജീവിതത്തിനുള്ള നുറുങ്ങുകളും വർദ്ധിച്ചുവരുന്ന പ്രമേഹം തടയുന്നതിന് ചിട്ടയായ വ്യായാമത്തിൻ്റെ ആവശ്യകതയും ഡോക്ടർമാർ എടുത്തുപറഞ്ഞു.
റോട്ടറി കാലിക്കറ്റ് ഹൈലൈറ്റ് സിറ്റി പ്രസിഡണ്ട് അഡ്വ. വി എം മുസ്തഫ, സ്റ്റാർ കെയർ ഹോസ്പിറ്റൽ ഡെപ്യൂട്ടി മെഡിക്കൽ ഡയറക്ടർ ഡോ. ഫിബിൻ തൻവീർ, ഡോ. ചന്ദ്രശേഖരൻ എസ് ( കോഴിക്കോട് മെഡിക്കൽ കോളേജ് വാസ്കുലർ സർജൻ) എന്നിവർ സംസാരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജ് പ്രൊഫസർ ഓഫ് മെഡിസിൻ ഡോ. ചാന്ദിനി ‘ആരോഗ്യകരമായ ജീവിതത്തിന് അഞ്ച് ഹെൽത്ത് ടിപ്സ്’ എന്ന വിഷയത്തിൽ പ്രഭാഷണം നിർവഹിച്ചു.
മാനാഞ്ചിറ സ്‌ക്വ യറിലെ കിഡ്സൺ കോർണറിൽ ‘നടക്കാം, ആരോഗ്യമുള്ള കോഴിക്കോടിനായി’ എന്ന സന്ദേശമുയർത്തിയാണ് വാക്കത്തോൺ നടത്തിയത്. 500 ലേറെ പേർ പങ്കെടുത്ത വാക്കത്തോണിൽ സൂംബാ സെഷൻ, കെൻസോ യുടെ ഫിറ്റ്നസ് സെഷൻ എന്നിവ നടന്നു.
കാലിക്കറ്റ് ബൈക്കേഴ്സ് ക്ലബ്, സരോവരം എഫ് സി റണ്ണേഴ്സ്, ഹോപ് ബ്ലഡ് ഡോണേഴ്സ് അസോസിയേഷൻ, എഫ് സി റണ്ണേഴ്സ് ക്ലബ്ബ് ഫറോക്ക്, റേഡിയോ മിർച്ചി, അഹം ആരോഗ്യം ക്ലബ്ബ് തുടങ്ങിയ സംഘടനകളും മെഡിക്കൽ രംഗത്തെ പ്രവർത്തകരും വാക്കത്തോണിൽ പങ്കെടുത്തു