കോഴിക്കോട് : ജില്ലാ ആസ്ഥാനമായ കോഴിക്കോട് കളക്ടറേറ്റിലെ അതിഗുരുതര മാലിന്യ പ്രശ്നം പരിഹരിക്കാൻ ജില്ലാ ഭരണകൂടം ഇടപെടണമെന്ന് നഗരസഭാ കൗൺസിൽ യോഗം ഐക്യകണ്ഠേന ആവശ്യപ്പെട്ടു. സിവിൽ സ്റ്റേഷൻ വാർഡ് കൗൺസിലർ എം.എൻ. പ്രവീണാണ് ഇതു സംബന്ധിച്ച് ശ്രദ്ധ ക്ഷണിച്ചത്. വിവിധ ഓഫീസുകളിലായി മൂവായിരത്തിലധികം ജീവനക്കാർ ഇവിടെ ജോലി ചെയ്യുന്നുണ്ട്. ഭക്ഷണ അവശിഷ്ടങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളും കൂട്ടിയിട്ടിരിക്കയാണ്. ഹരിത മിഷന്റെ ഓഫിസടക്കം ഉണ്ടെങ്കിലും പലപ്പോഴും ജൈവ- അജൈവ മാലിന്യങ്ങൾ ഒരുമിച്ച് കൂട്ടിയിട്ട് കത്തിക്കുന്നു. സമീപ വാസികൾ പരാതിപ്പെടുമ്പോൾ ജൈവ മാലിന്യം ചെറിയ കുഴിയെടുത്ത് കുഴിച്ചുമൂടും. ഇതു മൂലം സമീപ വീടുകളിലെ കിണറുകൾ മലീമസമാകുന്നു. ഭക്ഷണ അവശിഷ്ടങ്ങൾ ചിതറിക്കിടക്കുന്നതിനാൽ കളക്ടറേറ്റ് വളപ്പ് തെരുവുനായ്ക്കളുടെ പിടിയിലാണ്.. അതിനാൽ ജൈവ- അജൈവ മാലിന്യം കൃത്യമായി സംസ്ക്കരിക്കാൻ ജില്ലാ ഭരണകൂടത്തോട് ആവശ്യപ്പെടണം – പ്രവീൺ ആവശ്യപ്പെട്ടു. ജൈവ-അജൈവ മാലിന്യങ്ങൾ ഒരുമിച്ച് കൂട്ടിയിട്ട് കത്തിക്കുന്ന ഗുരുതര പ്രശ്നം കളക്ടറേറ്റിൽ നിലനിൽക്കുന്നുണ്ടെന്ന് മറുപടി പറഞ്ഞ നഗരസഭാ ഹെൽത്ത് ഇൻസ്പെക്ടർ ഷജിൽ കുമാർ വിശദികരിച്ചു. മാലിന്യം നീക്കാൻ നഗരസഭയുടെ ഹരിത കർമ്മസേന തയ്യാറാണ് . പക്ഷെ അതിനുള്ള നാമമാത്ര പ്രതിഫലം നൽകാൻ ഉദ്യോഗസ്ഥർ തയ്യാറല്ല. ഒരോരുത്തരും പ്രതിമാസം അഞ്ചോ – പത്തോ രൂപ വച്ച് നൽകിയാൽ മാലിന്യ നീക്കം നടക്കും. കളക്ടർ അടക്കം ഉന്നത ഉദ്യോഗസ്ഥർ ഉണ്ടായിട്ടും കളക്ടറേറ്റ് വളപ്പിലെ മാലിന്യ പ്രശ്നം അതീവ ഗുരുതരമായി തുടരുകയാണെന്നും ഹെൽത്ത് ്ഇൻസ്പെക്ടർ പറഞ്ഞു. വിഷയം ഉടൻ തന്നെ കളക്ടറുടെ ശ്രദ്ധയിൽപെടുത്തുമെന്ന് മേയർ ഡോ.ബീന ഫിലിപ്പ് പറഞ്ഞു. വീടുകളിലെ മാലിന്യ സംസ്ക്കരണം വീട്ടുടമയുടെ ബാധ്യതയാണെന്നിരിക്കെ കളക്ടറേറ്റിലെ മാലിന്യ സംസ്ക്കരണ ഉത്തരവാദിത്വത്തിൽ നിന്ന് കളക്ടർക്കും ഉദ്യോഗസ്ഥർക്കും ഒഴിഞ്ഞുമാറാനാവില്ലെന്ന് മേയർ വ്യക്തമാക്കി. ഇതിനായി ഉടൻ ജില്ലാ കളക്ടറേയും ആർഡിഒ യേയും ഉൾപ്പെടുത്തി അടിയന്തിര യോഗം വിളിക്കണമെന്ന ഡെപ്യൂട്ടി മേയർ സി.പി. മുസഫിർ അഹമ്മദിന്റെ നിർദ്ദേശം കൗൺസിൽ അംഗീകരിച്ചു.