
കോഴിക്കോട് : കോർപ്പറേഷൻ ഓഫീസ് റോഡിലെ ഓട നിറഞ്ഞൊഴുകിയിട്ടും അധികൃതർ നടപടിയെടുക്കുന്നില്ലെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് കേസെടുത്ത് കോർപ്പറേഷൻ സെക്രട്ടറിക്ക് നോട്ടീസയച്ചു.
കോഴിക്കോട് കോർപ്പറേഷൻ സെക്രട്ടറി 15 ദിവസത്തിനകം വിശദീകരണം സമർപ്പിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു.
ഇന്ത്യൻ കോഫി ഹൗസിന് എതിർവശത്തെ ഓടയാണ് നിറഞ്ഞൊഴുകുന്നത്. കഴിഞ്ഞ ദിവസം ഓടയുടെ സ്ലാബ് മാറ്റിയതോടെയാണ് മാലിന്യം പുറത്തേക്ക് ഒഴുകാൻ തുടങ്ങിയത്. ഇവിടെ പ്രവർത്തിക്കുന്ന കടകൾ തുറക്കാൻ കഴിയുന്നില്ലെന്നും പരാതിയുണ്ട്. സമീപത്തെ ഹോട്ടലിലെ കക്കൂസ് മാലിന്യം ഉൾപ്പെടെ ഓടയിലേക്ക് ഒഴുക്കുകയാണെന്നും പറയപ്പെടുന്നു. ജൂലൈയിൽ കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.