
കോഴിക്കോട് : കുപ്പായത്തോട്ടിൽ നിന്നും കാണാതായ അമ്മയെയും മകനെയും കണ്ടെത്തുന്നതിനുള്ള ശ്രമങ്ങൾ തുടർന്നുവരികയാണെന്ന് താമരശ്ശേരി ഡി വൈ എസ് പി മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.
മേരി ടിൻസിയെയും മകൻ കെവിൻ കെ ഷാജുവിനെയും കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് സഹോദരി ക്രിസ്റ്റീന ശാലി സമർപ്പിച്ച പരാതിയിൽ നടപടിയെടുക്കാൻ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് താമരശ്ശേരി ഡി വൈ എസ് പി ക്ക് നിർദ്ദേശം നൽകിയതിന്റെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് സമർപ്പിച്ചത്.
2024 മാർച്ച് 7 നാണ് പരാതിക്കാരി താമരശ്ശേരി പോലീസിൽ പരാതി നൽകിയത്. കുട്ടിയുടെ പിതാവ് കുട്ടിയുടെ സംരക്ഷണാവകാശം തനിക്ക് നൽകണമെന്ന് ആവശ്യപ്പെട്ട് കുടുംബ കോടതിയെ സമീപിച്ചതിനെ തുടർന്നാണ് ഒളിവിൽ കഴിയുന്നതെന്നും കുട്ടിയുടെ അമ്മയ്ക്ക് സാമ്പത്തിക ഇടപാടുകളുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. കുട്ടിയെയും അമ്മയെയും കാണാതായിട്ടില്ലെന്നും അവർ ഒളിവിൽ കഴിയുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ കുട്ടി സുരക്ഷിതനല്ലെന്നും മാനസികമായും ശാരീരികമായും പീഡനം അനുഭവിക്കുകയാണെന്നും പരാതിക്കാരി കമ്മീഷനെ അറിയിച്ചു




