
കോഴിക്കോട് : താമസിക്കുന്ന വീട്ടിൽ അനധികൃതമായി നായ്ക്കളെ വളർത്തുന്നുവെന്ന പരാതിയിൽ മുൻസിപ്പൽ ആക്റ്റിൽ നിഷ്ക്കർഷിക്കുന്നതനുസരിച്ച് കോർപ്പറേഷൻ സെക്രട്ടറി അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ്.
ഇതിനു വേണ്ടി ചേവായൂർ പോലീസിന്റെയും മൃഗസംരക്ഷണ വകുപ്പിന്റെയും സഹായം കോർപ്പറേഷന് തേടാവുന്നതാണ്. കോർപ്പറേഷൻ അധികൃതർക്ക് ഇരുവരും ആവശ്യമായ സഹായങ്ങൾ നൽകണമെന്ന് കമ്മീഷൻ എസ്.എച്ച്.ഒക്കും ജില്ലാ മൃഗസംരക്ഷണ ഓഫീസർക്കും നിർദ്ദേശം നൽകി.
ഉത്തരവിന്റെ അടിസ്ഥാനത്തിൽ സ്വീകരിച്ച നടപടികൾ ഒരു മാസത്തിനുള്ളിൽ കോർപ്പറേഷൻ സെക്രട്ടറി കമ്മീഷനെ അറിയിക്കണം.
പാറോപ്പടി സെന്റ് ആന്റണീസ് പള്ളിക്ക് സമീപം
താമസിക്കുന്ന കുടുംബം വർഷങ്ങളായി അനധികൃതമായി നായ്ക്കളെ വളർത്തുന്നുവെന്ന പരാതിയിലാണ് നടപടി. ഈസ്റ്റ് മലാപറമ്പ റസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് ഡോ. ഒ.എ. ജോസഫാണ് പരാതി നൽകിയത്.
കോർപ്പറേഷൻ സെക്രട്ടറി, ചേവായൂർ എസ്.എച്ച്.ഒ. എന്നിവരിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. പരാതി സത്യമാണെന്ന് റിപ്പോർട്ടിൽ പറയുന്നു. 14 നായ്ക്കൾക്ക് വാക്സിനേഷൻ നൽകിയതിന്റെ സർട്ടിഫിക്കറ്റ് വീട്ടുടമ ഉദ്യോഗസ്ഥരെ കാണിച്ചെങ്കിലും അതിന്റെ കാലാവധി കഴിഞ്ഞതായി റിപ്പോർട്ടിൽ പറഞ്ഞു. വീടിന് ചുറ്റുമതിലില്ല. നായ്ക്കൾ വഴിയാത്രക്കാരെ ആക്രമിക്കാൻ സാധ്യതയുണ്ട്. നായ്ക്കളെ വളർത്തുന്ന സ്ഥലം ദുർഗന്ധം നിറഞ്ഞതാണെന്നും റിപ്പോർട്ടിൽ പറയുന്നു. നോട്ടീസ് നൽകാൻ ശ്രമിച്ചെങ്കിലും വീട്ടുകാർ കൈപ്പറ്റിയില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും അപകടത്തിലാക്കികൊണ്ടാണ് നായക്കളെ വളർത്തുന്നതെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. പൊതുജനങ്ങളുടെ ജീവൻ അപകടത്തിലാക്കുന്ന ഇത്തരം പ്രവൃത്തികൾ മനുഷ്യാവകാശ ലംഘനമാണെന്നും ഉത്തരവിൽ പറഞ്ഞു.




