കോഴിക്കോട് : അതിതീവ്ര ദേശീയതയാണ് ഇന്ത്യയിൽ ഫാഷിസ്റ്റുകൾ പ്രചരിപ്പിക്കുന്ന ആശയമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു.
ഫറോക്ക് മലബാർ മറീന കൺവെൻഷൻ സെന്ററിൽ 27 ആമത് ആഗോള പ്രൊഫഷണൽ വിദ്യാർത്ഥി സമ്മേളനത്തിന്റെ രണ്ടാം ദിന സെഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജനങ്ങളിൽ ദേശീയബോധം വളർത്തുന്നതിന് പകരം തീവ്രചിന്താഗതികൾ വളർത്താനാണ് ഭരണസംവിധാനം ഉപയോഗിച്ച് ഫാഷിസ്റ്റുകൾ ശ്രമിക്കുന്നത്.
ഏകാധിപതിയായ ഹിറ്റ്ലറുടെ പിന്തുടർച്ചക്കാരാനാണ് ഇന്ത്യ ഭരിക്കുന്നത്. പൊതുശത്രുവിനെ സൃഷ്ടിച്ച് ഭരണവിരുദ്ധ വികാരം തിരിച്ചുവിടുകയാണ് ഭരണകൂടം.
രാജ്യത്തിന്റെ വികസനം, ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾ എന്നിവക്ക് ഇവരുടെ അജണ്ടയിൽ ഇടം കിട്ടാറില്ല എന്നതിന് വർത്തമാന ഇന്ത്യ തെളിവാണ്.
വർഗീയതയെയും ഫാഷിസത്തെയും ഒരുപോലെ ഉപയോഗപ്പെടുത്തിയാണ് ഇന്ത്യയിലെ ഫാസിസ്റ്റ് ഭരണകൂടം മുന്നോട്ട് പോകുന്നത് എന്നത് തിരിച്ചറിയാൻ നമുക്ക് സാധിക്കണം.
രണ്ടാം ലോകമഹായുദ്ധത്തിന് മുമ്പും പിമ്പും ഉള്ള ചരിത്രം പഠിക്കാൻ പുതിയ തലമുറ തയ്യാറാകണം. ലോകത്തിന്റെ സാമ്പത്തികവും സാമൂഹികവുമായ മാറ്റങ്ങൾക്ക് രണ്ടാം ലോകമഹായുദ്ധം കാരണമായിട്ടുണ്ടെന്ന് പഠന വിധേയമാക്കുന്നവർക്കേ രാജ്യത്തെ നയിക്കാൻ കഴിയൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിസ്ഡം സ്റ്റുഡന്‍സ് സംസ്ഥാന പ്രസിഡന്റ് അര്‍ഷദ് അല്‍ ഹികമി അധ്യക്ഷത വഹിച്ചു. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി മുഖ്യാതിഥിയായി. നജീബ് കാന്തപുരം എം.എൽ.എ, മദ്റസ ക്ഷേമനിധി ബോർഡ് ചെയർമാൻ എം.പി അബ്ദുൽ ഗഫൂർ, കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.പി നൗഷാദ് അലി, സ്വാഗതസംഘം ചെയർമാൻ ഡോ.പി.പി മുഹമ്മദ് മുസ്തഫ എന്നിവർ അതിഥികളായി.
പ്രമുഖ ക്വുര്‍ആന്‍ വിവര്‍ത്തകന്‍ കുഞ്ഞി മുഹമ്മദ് മദനി പറപ്പുര്‍, വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.കെ. അഷ്‌റഫ്, വിസ്ഡം യൂത്ത് സംസ്ഥാന പ്രസിഡന്റ് കെ. താജുദ്ധിന്‍ സ്വലാഹി, അഡ്വ. മുഹമ്മദ് ഡാനിഷ് കെ.എസ്, അബ്ദുറഷീദ് കുട്ടമ്പൂർ, ഡോ. ജൗഹര്‍ മുനവ്വര്‍, ഷിഹാബ് എടക്കര, റഷീദ് കൊടക്കാട്ട്, എ.പി മുനവ്വർ സ്വലാഹി, ടി.കെ ത്വൽഹത്ത് സ്വലാഹി, ഷരീഫ് കാര, സി മുഹമ്മദ് അജ്മൽ, അസ്ഹർ ചാലിശ്ശേരി, സ്വഫ്‌വാൻ ബറാമി, മുജാഹിദ് അൽ ഹികമി, കെ.എം ഷാമിൽ തുടങ്ങിയവര്‍ സംസാരിച്ചു.
ഫ്ലോറെറ്റ്സ് വേദിയിൽ നടന്ന സെഷനുകൾ വിസ്ഡം വിമൺ സംസ്ഥാന പ്രസിഡന്റ് സഹ്‌റ സുല്ലമിയ്യ ഉദ്ഘാടനം ചെയ്തു. വിസ്‌ഡം ഗേൾസ് സംസ്ഥാന പ്രസിഡന്റ് എം നുബ് ല അധ്യക്ഷത വഹിച്ചു. അസ്മാബി ടീച്ചർ, കാലിക്കറ്റ് യൂണിവേഴ്സിറ്റി സെനറ്റ് മെമ്പർ ആബിദ ഫാറൂഖി, സ്വാദിഖ് മദീനി, ഹംസ മദീനി, ഡോ. സി റസീല, മറിയം വിധു വിജയൻ, സി.പി നദ ജബിൻ എന്നിവർ പ്രസംഗിച്ചു.
സമാപന ദിവസമായ നാളെ (10-09-2023) നടക്കുന്ന വിവിധ സെഷനുകളിൽ എം.കെ രാഘവൻ എം.പി, ടി.സിദ്ധിഖ് എം.എൽ.എ, വിസ്‌ഡം സംസ്ഥാന പ്രസിഡന്റ് പി.എൻ അബ്ദുല്ലത്വീഫ് മദനി, ജാമിഅഃ അൽ ഹിന്ദ് ഡയറക്ടർ ഫൈസൽ മൗലവി, അബൂബക്കർ സലഫി, അബ്ദുൽ മാലിക് സലഫി, ഹാരിസ് മദനി കായക്കൊടി, ഡോ. അബ്ദുൽ ബാസിൽ സി.പി, ടി. മുഹമ്മദ് ഷമീൽ, പി.ഒ ഫസീഹ് എന്നിവർ പ്രസംഗിക്കും.