
കോഴിക്കോട് : സ്വകാര്യ ട്യൂഷൻ സെൻ്ററിൻ്റെ ലേഡീസ് ഹോസ്റ്റലിൽ രാത്രി അതിക്രമിച്ച് കയറി പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ മാനഭംഗപ്പെടുത്തിയ സംഭവത്തിൽ പ്രതിയെ കസ്റ്റഡിയിലെടുത്തിട്ടും മതിയായ വകുപ്പുകൾ പ്രകാരം കേസെടുക്കാനാകാതെ പോലീസ് . ട്യൂഷൻ സ്ഥാപനത്തിന് ചീത്ത് പേര് ഉണ്ടാകാതെയിരിക്കാൻ നടത്തിപ്പുകാർ വിശദമായ പരാതി നൽകാത്തതാണ് പോലീസിനെ വെട്ടിലാക്കിയത്. പ്രമുഖ ട്യൂഷൻ സ്ഥാപനമായ സൈലത്തിൻ്റെ ( Xylem )കരിക്കാംകുളത്തിനടുത്ത ലേഡീസ് ഹോസ്റ്റലിൽ കഴിഞ്ഞ ദിവസം രാത്രിയാണ് അക്രമം. പ്രായപൂർത്തിയാകാത്ത മൂന്നു കൊല്ലം സ്വദേശിനികൾ താമസിക്കുന്ന മുറിയിൽ അതിക്രമിച്ചു കയറിയ അക്രമി പെൺകുട്ടികൾക്കൊപ്പം കിടക്കുകയും ഒരാളുടെ ചുണ്ട് കടിച്ചു പൊട്ടിക്കുകയും ചെയ്തു. എന്നാൽ ഹോസ്റ്റലിൽ അതിക്രമിച്ചു കയറി എന്നു മാത്രമെ പരാതിയിൽ ഉള്ളൂ. അക്രമത്തിനിരയായ പെൺകുട്ടികളെ കൊല്ലത്തെ വീട്ടിലേക്ക് പറഞ്ഞയക്കുകയും ചെയ്തു. എന്നാൽ ഹോസ്റ്റലിൽ നടക്കാവ് പോലീസ് നടത്തിയ അന്വേഷണത്തിലാണ് അക്രമവിവരങ്ങൾ പുറത്തുവന്നത്. തുടർന്ന് പോലീസ് ശാസ്തീയ അന്വേഷണത്തിലൂടെ എരഞ്ഞിപ്പാലം സ്വദേശിയായ 25 കാരനെ കസ്റ്റഡിയിലെടുത്തു. ലൈംഗികാവയവം പ്രദർശിപ്പിച്ചതിനടക്കം ഇയാൾക്കെതിരെ വിവിധ പോലീസ് സ്റ്റേഷനുകളിൽ കേസുകളുണ്ടെന്ന് കണ്ടെത്തി. എന്നാൽ സൈലം ട്യൂഷൻ സെൻ്റർ നടത്തിപ്പുകാർക്ക് കേസ് മുന്നോട്ടു കൊണ്ടുപോകാൻ താത്പര്യമില്ലത്രെ. എന്നാൽ പ്രതിയെ പിടികൂടിയ പോലിസ് പെൺകുട്ടികളുമായി ബന്ധപ്പെട്ടു. കുട്ടികൾ പോലിസിൽ പരാതി നൽകാൻ തയാറായതിനാൽ കുപ്രസിദ്ധനായ പ്രതിയെ പോക്സോ കേസിൽ അറസ്റ്റ് ചെയ്യാമെന്ന പ്രതീക്ഷയിലാണ് പോലീസ്. സ്ഥാപനത്തിന് നാണക്കേടുണ്ടാകാത്ത വിധത്തിൽ കേസ് ഒതുക്കാൻ ചിലർ ശ്രമം ആരംഭിച്ചിട്ടുണ്ട്.




