
കോഴിക്കോട് : ചേവായൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ വെങ്ങേരി അടിപാതയിൽ കാറും ബസും കൂട്ടി ഇടിച്ചുണ്ടായ അപകടത്തെ തുടർന്നുണ്ടായ ഗതാഗത കുരുക്ക് പരിഹരിച്ചു വരുന്ന ചേവായൂർ പോലീസ് സ്റ്റേഷനിലെ സബ്ബ് ഇൻസ്പെക്ടറെയും സംഘത്തെയും ഭീഷണിപ്പെടുത്തുകയും, ഔദ്യോഗിക കൃത്യ നിർവഹണം തടസപ്പെടുത്തുകയും ചെയ്ത വേങ്ങേരി മൂശാരിപറമ്പ് വീട്ടിൽ മുഹമ്മദ് ഷഹ്സാദ് (23 ) നെ ചേവായൂർ പോലീസ് പിടികൂടി.
ഇന്നലെ വൈകുന്നേരം വേങ്ങേരി അടിപ്പാതയിൽ കാറും ബസും കൂട്ടി ഇടിച്ചുണ്ടായ അപകടത്തെ തുടർന്ന് ഉണ്ടായ ഗതാഗത തടസ്സം തീർക്കുകയായിരുന്ന ചേവായൂർ എസ്ഐ യെയും സംഘത്തെയുമാണ് യുവാവ് കയ്യേറ്റം ചെയ്തത്. ഗതാഗത കുരുക്ക് ഒഴിവാക്കുന്നതിനായി ഓരോ ഭാഗത്ത് നിന്നും വാഹനങ്ങൾ നിയന്ത്രിച്ചു കടത്തി വിടുകയായിരുന്നു പോലിസ്. ഇതിനിടയിലൂടെ അമിത വേഗതയിൽ മറ്റെല്ലാ വാഹനങ്ങളെയും മറികടന്നെത്തിയ സ്കൂട്ടർ പോലീസ് നിർത്താൻ ആവശ്യപ്പെട്ടു. എന്നാൽ സ്കൂട്ടർ ഓടിച്ച യുവാവ് വാഹനം നിർത്താതെ എസ്.ഐ-യെ തള്ളി മാറ്റി വാഹനം ഓടിച്ച് പോവാൻ ശ്രമിക്കുകയായിരുന്നു. ചേവായൂർ പോലീസ് പ്രതിയെ കസ്റ്റഡിയിലെടുക്കുകയും കോടതിയിൽ ഹാജരാക്കുകയും ചെയ്തു.