KERALAlocalPoliticstop newsVIRAL

മുസഫറിൻ്റെ തോൽവി : പിന്നിൽ നിന്ന് കുത്തിയെന്ന് നിരീക്ഷണം : ഡോ. എസ് ജയശ്രീ മേയറായേക്കും

കോഴിക്കോട് : സ്വന്തക്കാരിൽ ചിലരുടെ പിന്നിൽ നിന്നുള്ള കുത്തേറ്റ് – കോഴിക്കോട് നഗരസഭയിലെ എൽഡിഎഫ് മേയർ സ്ഥാനാർത്ഥി സി.പി. മുസഫിർ അഹമ്മദ് വീണത് രാഷ്ടീയ ചർച്ചയായി. കഴിവുകെട്ട മേയറെ രക്ഷിക്കാൻ പലപ്പോഴും സ്വയം സ്റ്റിയറിങ് ഏറ്റെടുത്തതാണ് മുസഫറിന് വിനയായതെന്ന് അടുപ്പക്കാരും നഗരസഭയിലെ ഉന്നത ഉദ്യോഗസ്ഥരും പറയുന്നു. പല തർക്കവിഷയങ്ങൾ കൗൺസിൽ യോഗത്തിലും പുറത്തും ഉണ്ടായപ്പോൾ മേയർ ബീന ഫിലിപ്പ് ഇടപെടാൻ മടിച്ചു. ആ സമയങ്ങളിലെല്ലാം ഡെപ്യൂട്ടി മേയറായ മുസഫിറാണ് തർക്കിച്ചും വാക്പയറ്റ് നടത്തിയും പ്രശ്നപരിഹാരം കണ്ടിരുന്നത്. ബീച്ചിൽ വ്യാപാര ബങ്ക് സ്ഥാപിച്ച വിഷയം, പാളയം പച്ചക്കറി മാർക്കറ്റ് വിഷയം തുടങ്ങി നിരവധി കാര്യങ്ങളിൽ മേയർ കാഴ്ച്ചക്കാരിയായി നിന്നപ്പോൾ മുസഫിറാണ് ഉത്തരവാദിത്വം ഏറ്റെടുത്തത്. ഇത് ചില അണികളിൽ തന്നെ എതിർപ്പിന് കാരണമായി. കണ്ണടച്ചിരുന്ന മേയറെ രക്ഷിക്കാൻ വിഷയങ്ങളിൽ സജീവമായി ഇടപെടേണ്ടി വന്നതാണ് മുസഫർ ചിലർക്കെല്ലാം അനഭിമതനാകാൻ കാരണം. എല്ലാ ഭാരവും ഡെപ്യൂട്ടി മേയർ സ്വയം ചുമന്നതാണ് തോൽവിക്ക് കാരണമെന്നും നിസ്വാർത്ഥനായ മുസഫറിനെ പുതിയ മേയറായി കിട്ടാൻ നഗരവാസികൾക്ക് ഭാഗ്യമില്ലാതെ പോയെന്നുമാണ് നഗരസഭയിലെ ഒരു ഉയർന്ന ഓഫീസറുടെ പ്രതികരണം. മുസഫിർ തോറ്റതോടെ ഇനി പുതിയ മേയർ ആരെന്ന ചോദ്യം ഉയരുന്നു. ബീന ഫിലിപ്പിനെ പോലെ ഒരാളെ മേയറാക്കിയാൽ എൽഡിഎഫിന് ബാക്കി സീറ്റും കൂടി നഷ്ടമാകുമെന്നാണ് ഒരു മുതിർന്ന നേതാവിൻ്റെ പ്രതികരണം. ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷയായ ഡോ. എസ്. ജയശ്രീയെയാണ് ഉദ്യോഗസ്ഥരടക്കം പുതിയ മേയറായി കാണുന്നത്. കോവിഡ് സമയത്തും, ഞെളിയൻ പറമ്പ് മാലിന്യ വിഷയത്തിലുമെല്ലാം നല്ല നിലയിൽ പ്രവർത്തനം കാഴ്ച്ചവച്ചയാളാണ് കോഴിക്കോട് ഗവ. ആർട്സ് കോളജിലെ മുൻ പ്രിൻസിപ്പാൾ കൂടിയായ ഡോ. എസ്. ജയശ്രീ. കൗൺസിൽ ഹാളിൽ ഇവരുടെ പ്രസംഗ വാക്ചാതുരി പ്രതിപക്ഷ മടക്കം അംഗീകരിച്ചതാണ്. മുഖത്ത് ഭാവമാറ്റം വരുത്താതെ ചിരിച്ചു കൊണ്ട് ഉരുളയ്ക്ക് ഉപ്പേരി പോലെ മറുപടി പറയുന്ന ജയശ്രീ ടീച്ചറാണ് അഴക് പദ്ധതിയുടെ ശിൽപ്പി. കോട്ടുളി വാർഡിൽ നിന്നാണ് അവർ രണ്ടാമതും വിജയിയായത്. എന്നാൽ, സി പി എം ഏരിയ കമ്മറ്റിയംഗങ്ങളായ തടമ്പാട്ടു താഴം വാർഡിലെ ഒ. സദാശിവൻ, ബേപ്പൂർ പോർട്ട് വാർഡിലെ കെ.രാജീവ്, കുറ്റിയിൽതാഴം വാർഡിലെ സുജാത കൂടത്തിങ്കൽ, മുൻ ഡെപ്യൂട്ടി കളക്ടർ കൂടിയായ ഇ. അനിതകുമാരി എന്നിവരാണ് മേയറായി പരിഗണിക്കപ്പെടുന്ന മറ്റ് മുതിർന്ന നേതാക്കൾ. കഴിഞ്ഞ കൗൺസിലിൽ സി പി എമ്മിന് മൃഗീയ ഭൂരിപക്ഷം ഉണ്ടായിരുന്നതിനാൽ അജണ്ടകൾ പാസാക്കുമ്പോഴും, പ്രശ്നങ്ങൾ ഉയരുമ്പോഴും ഭരണപക്ഷം പ്രതിസന്ധി നേരിട്ടിരുന്നില്ല. എന്നാൽ ഇനി സ്ഥിതി അതല്ല. ആകെയുള്ള 76 സീറ്റുകളിൽ എൽഡിഎഫിന് 35 ഉം , യുഡി എഫിന് 28 ഉം , ബി ജെ പിക്ക് 13 ഉം അംഗങ്ങളാണ് ഉള്ളത്. കേവല ഭൂരിപക്ഷം ഇല്ലാത്തതിനാൽ പഴയ പോലെ പാസ് – പാസ് ചൊല്ലി അജണ്ടകൾ പാസാക്കാനാവില്ല. യു ഡി എഫും, ബിജെപിയും ചേർന്ന് എതിർത്താൽ ഭരണപക്ഷത്തിന് വെള്ളം കുടിക്കേണ്ടി വരും. ഇക്കാരണങ്ങളാൽ പൊതു സമ്മതമുള്ള ആളെ മേയറാക്കാനാണ് ജില്ലാ നേതൃത്വം ശ്രമിക്കുന്നത്. ചിരിച്ചു കൊണ്ട് പ്രശ്നങ്ങൾ നേരിടുന്ന ഡോ. എസ്. ജയശ്രീക്കു തന്നെ നറുക്കു വീഴുമെന്നാണ് രാഷ്ട്രീയ വിലയിരുത്തൽ. രസതന്ത്രത്തിൽ ഡോക്ടറേറ്റുള്ളയാളാണ് എസ്. ജയശ്രീ, നഗരത്തിൻ്റെ രസതന്ത്രമറിയാവുന്ന രാഷ്ട്രീയ പ്രവർത്തക.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close