
കോഴിക്കോട് : ഭൂമി തരം മാറ്റുന്നതിന് 10 ലക്ഷം രൂപ കൈക്കൂലിയായി ആവശ്യപ്പെടുകയും അതിൽ ആദ്യ പങ്കായി രണ്ട് ലക്ഷം രൂപ ഭീഷണിപ്പെടുത്തി കൈവശപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത പന്തീരാങ്കാവ് വില്ലേജ് ഓഫീസർ അനിൽ കുമാർ. എം. പി. കോഴിക്കോട് വിജിലൻസിന്റെ പിടിയിലായി. പന്തീരാങ്കാവ് കൈമ്പാലത്ത് പെട്രോൾ പമ്പ് തുടങ്ങുന്നതിന് ലീസിന് എടുത്ത ഭൂമി തരം മാറ്റി ലഭിക്കുന്നതിനാണ് മലപ്പുറം ജില്ലക്കാരനായ ബിസിനസുകാരൻ അപേക്ഷ നൽകിയത്. മൂന്ന് മാസം മുമ്പ് ആയതിനുള്ള നടപടി പന്തീരാങ്കാവ് വില്ലേജ് ഓഫീസിൽ ലഭിച്ചെങ്കിലും ഭൂമി തരം മാറ്റി നൽകുന്നതിന് അനുകൂല റിപ്പോർട്ട് സമർപ്പിക്കണമെങ്കിൽ 10 ലക്ഷം രൂപ കൈ കൂലിയായി ആവശ്യപ്പെട്ട് നീട്ടികൊണ്ട് പോവുകയാണ് വില്ലേജ് ഓഫീസർ ചെയ്തത്. തരം മാറ്റിയാൽ ഉടമസ്ഥന്റെ ശേഷിച്ച ഭൂമിക്ക് കൂടി ഉയർന്നവില ലഭിക്കുമെന്നും ആയതിനാൽ ടി വസ്തുവിലെ രണ്ട് സെന്റ് വസ്തുവിന്റെ വില കൈക്കൂലിയായി നൽകണം എന്നുമായിരുന്നു വില്ലേജ് ഓഫീസറുടെ ആവശ്യം.
തുടർന്ന് കോഴിക്കോട് വിജിലൻസ് SP പി.എം പ്രദീപിന് ലഭിച്ച വിവര പ്രകാരം കോഴിക്കോട് വിജിലൻസ് യൂണിറ്റ് Dysp K.K ബിജുവും സംഘവുമാണ് ട്രാപ്പ് ഒരുക്കിയത്. ട്രാപ്പിന് മുമ്പായി വിശദമായ പ്രഥമിക അന്വേഷണം നടത്തുകയും ഉദ്യോഗസ്ഥന്റെ അനധികൃത ധനസമ്പാധനം സംബന്ധിച്ച് വിവരം ശേഖരിക്കുകയും ചെയ്തിരുന്നു.
തുടർന്ന് ഇന്നലെ രാതി 7.00 മണിയോടെ രണ്ട് ലക്ഷം രൂപയുമായി മെഡിക്കൽ കോളേജ് പരിസരത്തേക്ക് വരുന്നതിന് വില്ലേജ് ഓഫീസർ അപേക്ഷകനോട് ആവശ്യപ്പെടുകയായിരുന്നു. പരാതിക്കാരൻ പ്രതി പറഞ്ഞ പ്രകാരം മെഡിക്കൽ കോളേജ് പരിസരത്തെത്തിയതിൽ പണം വാങ്ങാനായി പരാതിക്കാരന്റെ കാറിൽ പ്രതി കയറുകയും പണം കൈപ്പറ്റിയ ഉടനെ പരിസരത്ത് നിലയുറപ്പിച്ച വിജിലൻസ് സംഘം പിടി കൂടുകയായിരുന്നു.
സംഘത്തിൽ ഇൻപ്പെക്ടമാരായ ആഗേഷ് കെ.കെ, ജയകുമാർ, SI മാരായ രാധാകൃഷ്ണൻ, സുജിത്ത് പെരുവടത്ത്, ശശികുമാർ, ഷിനിൽ കുമാർ, സന്തോഷ് കുമാർ, അസിസ്റ്റന്റ് സബ്ബ് ഇൻസ്പെക്ടർമാരായ രൂപേഷ് .പി, ബിനു. വി.പി, സീനിയർ സിവിൽ പോലീസ് ഓഫീസർ ശ്രീകാന്ത്, റിനു, ഷൈജിത്ത്, ജയേഷ്, സി.പി.ഒ മാരായ ധനേഷ്, സുഷാന്ത്, ശോജി, സുജിഷ, ശാലിനി എന്നിവരും ഉണ്ടായിരുന്നു. മേപ്പയൂർ ജി.വി.എച്ച്.എസ്.എസ് അധ്യാപകനായ സജിത്ത് സി.വി, പന്നൂർ ജി.എച്ച് .എസ്.എസ്. അധ്യാപകനായ സതീഷ്. എം.എസ്, നടക്കാവ് ജി.വി.എച്ച്.എസ്.എസ് അധ്യാപകനായ ഷിജു വി.പി എന്നിവരും വിജിലൻസ് സംഘത്തെ സഹായിക്കാൻ ഒപ്പുമുണ്ടായിരുന്നു.