KERALAlocaltop news

രാഹുൽ മാങ്കൂട്ടത്തിൽ കേസ്: വിശകലനവുമായി വൈദികൻ

*രാഹുൽ മാങ്കൂട്ടം: വിവിധ പക്ഷങ്ങൾ :

കോൺഗ്രസ് പാർട്ടിയുടെ മുഖമായി മാധ്യമങ്ങളിലും പൊതുരംഗത്തും നിറഞ്ഞു നിന്ന പ്രതിഭയുള്ള യുവരാഷ്ട്രീയ നേതാവാണ് രാഹുൽ മാങ്കൂട്ടത്തിൽ. എന്നാൽ , ഈ ദിവസങ്ങളിൽ അദ്ദേഹത്തിനെതിരെ ലൈംഗികാരോപണങ്ങൾ ഉയർന്നു. അതിനെ തുടർന്ന് യൂത്ത് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവയ്ക്കേണ്ടി
വന്നു. തുടർന്ന് കോൺഗ്രസ് പാർട്ടിയിൽ നിന്നും
കോൺഗ്രസ് പാർലമെൻ്ററി അംഗത്വത്തിൽ നിന്നും സസ്പെൻഡ് ചെയ്യപ്പെട്ടു. എം. എൽ. എ. സ്ഥാനം രാജി വയ്ക്കണോ എന്നതിൽ ഇപ്പോഴും ചൂടുപിടിച്ച ചർച്ച നടക്കുന്നു.

രാഹുൽ വിഷയം കേരളത്തിലെ വിവിധ പക്ഷങ്ങൾ എങ്ങനെയാണ് കൈകാര്യം ചെയ്തത് എന്നതിനെക്കുറിച്ചാണ് ഈ കുറിപ്പ്. അതോടൊപ്പം എൻ്റെ പക്ഷവും പറയാം.

*1. കോൺഗ്രസ് പക്ഷം:*

നല്ല പ്രതിഭയുള്ള, നിരവധി ആരാധകരുള്ള യുവനേതാവാണ് രാഹുൽ. എന്നിട്ടും കോൺഗ്രസ് നേതൃത്വം രാഹുലിനെതിരെ കർശനമായ നടപടികൾ സ്വീകരിച്ചു. സ്ത്രീപക്ഷ നിലപാടെടുത്തു. ഒഴികഴിവുകൾ പറയാൻ ഒരുപാട് ന്യായങ്ങൾ ഉണ്ടായിരുന്നു. അതിനൊന്നും മെനക്കെടാതെ തികച്ചും വിവേകപൂർണ്ണവും അതേസമയം അപകടകരവുമായ ധാർമ്മിക നിലപാടെടുത്തു. അഭിനന്ദനങ്ങൾ!!!

കെ.കെ. രമ, ഉമ തോമസ്, ഷാനിമോൾ ഉസ്മാൻ, ബിന്ദു കൃഷ്ണ തുടങ്ങിയ വനിതാ നേതാക്കളും തുടക്കത്തിൽ തന്നെ മുഖം നോക്കാതെ ധീരമായ നിലപാടെടുത്തു എന്നതും ശ്രദ്ധേയമാണ്.

കേരളത്തിലെ
കമ്യുണിസ്റ്റ് പാർട്ടിക്കും കത്തോലിക്കാ സഭയ്ക്കും ബി.ജെ.പി. ഉൾപ്പെടെയുള്ള മറ്റു പാർട്ടികൾക്കും സംഘടനകൾക്കും ഇക്കാര്യത്തിൽ കോൺഗ്രസിൽ നിന്നും ഏറെ പഠിക്കാനുണ്ട്.

*2. കോൺഗ്രസിതര പക്ഷം:*
ഇടതുപക്ഷവും ബി.ജെ.പി.യും സ്വാഭാവികമായും
രാഹുൽ മാങ്കൂട്ടത്തിലിന് എതിരെ ശക്തമായ നിലപാടാണ് സ്വീകരിച്ചത്. എന്നാൽ, അങ്ങനെ ഒരു നിലപാടെടുക്കാനുള്ള ധാർമ്മിക അവകാശം അവർക്കുണ്ടോയെന്ന് ആത്മപരിശോധന നടത്തുന്നത് ഈ അവസരത്തിൽ ഉചിതമായിരിക്കും. സമാന വിഷയങ്ങളിൽ എങ്ങനെയാണ് ഇടതുപക്ഷവും ബി.ജെ.പി.യും നിലപാടുകൾ
സ്വീകരിച്ചിട്ടുള്ളതെന്ന കാര്യം പൊതുസമൂഹത്തിൻ്റെ സ്മൃതിമണ്ഡലത്തിലുണ്ട് !!

*3. മാധ്യമപക്ഷം:*

മുക്കുവർക്ക് ചാകരയെന്നതുപോലെയാണ് മാധ്യമ ലോകത്തിന് സെൻസേഷണൽ ന്യൂസുകൾ. അതിനെ തീർത്തും അവഗണിച്ചു കൊണ്ട് ഒരു മാധ്യമത്തിനും പിടിച്ചു നിൽക്കാൻ കഴിയില്ല. പ്രത്യേകിച്ചും കടുത്ത മത്സരം നിലനിൽക്കുന്ന ഇന്നത്തെ സാഹചര്യത്തിൽ. ഏത് ഉന്നതൻ പ്രതിസ്ഥാനത്ത് വന്നാലും ഇത്തരം വിഷയങ്ങളിൽ സ്ത്രീപക്ഷ നിലപാടാണ് കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങൾ പതിവായി സ്വീകരിക്കാറുള്ളത്. രാഹുൽ വിഷയത്തിലും അങ്ങനെ തന്നെയായിരുന്നു.
എങ്കിലും ചില മാധ്യമങ്ങൾ ആനുപാതികമല്ലാത്ത രീതിയിലും വ്യക്തിഹത്യ ചെയ്യുന്ന തരത്തിലും രാഹുൽ വിഷയത്തെ കൈകാര്യം ചെയ്തു.

*4. നവമാധ്യമ പക്ഷം:*

സോഷ്യൽ മീഡിയയിൽ ബഹുഭൂരിപക്ഷവും രാഹുലിനെ പിന്തുണച്ചു. നെറ്റിസൺസിൽ ആയിരങ്ങളാണ് ലൈക്കും കമൻ്റും ഷെയറുമായി കളം നിറഞ്ഞത്. പരാതിക്കാർക്കും കോൺഗ്രസ് നേതൃത്വത്തിനും എതിരെ വ്യാപകമായ സൈബർ ആക്രമണങ്ങളും നടന്നു. ധാരാളം ഫോളോവേഴ്സുള്ള ചില സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്‌സും രാഹുലിനെ പിന്തുണച്ചു.

*5. രാഹുൽ പക്ഷം:*

രാഹുലിനെ പിന്തുണയ്ക്കുന്നവരുടെ പൊതുവായ വാദങ്ങൾ ഇങ്ങനെയാണ് :

1. രാഹുലിനെതിരെ പൊലീസിൽ ആരും പരാതി നല്കിയിട്ടില്ല.

2. ആരോപിക്കുന്ന കാര്യങ്ങൾ പരസ്പര സമ്മതത്തോടെ ചെയ്തതാണ്. അതിനാൽ പരാതികൾ അടിസ്ഥാനരഹിതമാണ്.

3. രാഹുലിൻ്റെ രാഷ്ട്രീയഭാവി തകർക്കാനായി ശത്രുക്കൾ ഒരുക്കിയ കെണിയാണ്.

ഇക്കാര്യങ്ങൾ പരിശോധിക്കാം.

ഒരു പൊതുപ്രവർത്തകനെയോ നേതാവിനെയോ ജനങ്ങൾ വിശ്വസിക്കുന്നതും ആദരിക്കുന്നതും ഭാരതീയ ന്യായ സംഹിതയുടെയോ (BNS) മറ്റു ക്രിമിനൽ നിയമങ്ങളുടെയോ അടിസ്ഥാനത്തിലല്ല. ആ വ്യക്തിയിൽ കാണുന്ന മാനവിക , ധാർമ്മിക മൂല്യങ്ങളുടെയും നിലപാടുകളുടെയും അടിസ്ഥാനത്തിലാണ്. അതിൽ വീഴ്ച വരുത്തുന്നത് ഗുരുതരമായ ധാർമ്മിക പിഴവ് തന്നെയാണ്. സംശയമില്ല.

പരാതിക്കാർ ഉന്നയിക്കുന്ന കാര്യങ്ങൾ
വസ്തുതാപരമാണോ അല്ലയോ എന്നുള്ളതല്ല ഇവിടെ പ്രധാനപ്പെട്ടത്. (അക്കാര്യങ്ങൾ നിയമത്തിൻ്റെ വഴിയേ പോകട്ടെ) മറ്റുള്ളവർക്ക് ഇക്കാര്യത്തിൽ പരാതി നല്കാൻ പാകത്തിൽ വിവേകരഹിതമായി ഒരു പൊതുപ്രവർത്തകൻ പെരുമാറി എന്നുള്ളതാണ് ഇവിടെ പ്രധാനപ്പെട്ട കാര്യം. നേതൃശേഷിയിലും പ്രസംഗത്തിലും മാത്രമല്ല ധാർമ്മികതയിലും വിവേകത്തിലും പൊതുപ്രവർത്തകൻ മികവുള്ളവനാകണം എന്നാണ് പൊതുസമൂഹം പ്രതീക്ഷിക്കുന്നതും ആഗ്രഹിക്കുന്നതും.മൂല്യങ്ങളിൽ വിട്ടുവീഴ്ചകൾ ചെയ്യുന്ന ഭരണകർത്താക്കളാണ് പവർ ബ്രോക്കേഴ്സിൻ്റെ കളിപ്പാവകളായി മാറുന്നത്.

രാഹുലിനെ കെണിയിൽ വീഴ്ത്തിയതാണ് എന്ന വാദത്തിലും കഴമ്പുണ്ടെന്ന് തോന്നുന്നില്ല. അണികളെ കെണിയിൽ നിന്നും സംരക്ഷിക്കാൻ മാത്രമല്ല സ്വയം കെണിയിൽ വീഴാതിരിക്കാനും നിരന്തരം ജാഗ്രത പുലർത്തുന്നവനാകണം ഒരു പൊതു പ്രവർത്തകൻ. അങ്ങനെ ഒരു ജാഗ്രത രാഹുലിൽ കാണുന്നില്ല.

*ഉപസംഹാരം*

രാഹുൽ മാങ്കൂട്ടത്തിലിൻ്റെ രാഷ്ട്രീയഭാവി എന്നേക്കുമായി അവസാനിച്ചു എന്നൊന്നും ആരും കരുതേണ്ടതില്ല. ഒട്ടേറെ പേർ ഇതിലും വലിയ വീഴ്ചകൾ അതിജീവിച്ചതിൻ്റെ നിരവധി ഉദാഹരണങ്ങൾ കേരളത്തിൽ തന്നെ ഉണ്ടല്ലോ. തെറ്റിനെ ന്യായീകരിക്കുന്നവരോട് മുഖം തിരിക്കുമെങ്കിലും തിരുത്തുന്നവരെ നെഞ്ചോട് ചേർക്കുന്നവരാണ് മലയാളികൾ. രാഹുലും തിരുത്തി തിരിച്ചു വരണം.

*ക്രിക്കറ്റിൽ സച്ചിനെപ്പോലെ, രാഷ്ട്രീയത്തിൽ രാഹുലും ഒരു മാസ്റ്ററാകുമെന്ന് പ്രതീക്ഷിച്ച ഞാനുൾപ്പെടെ ഒരുപാട് പേരുണ്ട്. വിനോദ് കാബ്ലിയെപ്പോലെ ഞങ്ങളുടെ പ്രതീക്ഷകൾ തകർക്കരുത്.*

ഫാ. അജി പുതിയാപറമ്പിൽ
(29-08-2025)

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close