കേരള വോളിബാള്‍ മുന്‍ നായകന്‍ ഡാനിക്കുട്ടി ഡേവിഡ് ഓര്‍മയായി. പത്തനംതിട്ട മല്ലശ്ശേരി സ്വദേശിയായ ഡാനിക്കുട്ടിയുടെ അന്ത്യം തിരുവനന്തപുരത്ത് വെച്ചായിരുന്നു. അറുപത് വയസായിരുന്നു. ടൈറ്റാനിയത്തിനും കേരളത്തിനും വേണ്ടി പലവട്ടം ജേഴ്‌സിയണിഞ്ഞു. 17 ദിവസം മുമ്പാണ് ടൈറ്റാനിയത്തില്‍ നിന്ന് വിരമിച്ചത്. ഒരു ദശകത്തിലേറെ ടൈറ്റാനിയത്തിനായി കളിച്ചു.
ദേശീയ സീനിയര്‍ വോളിബാള്‍ ചാമ്പ്യന്‍ഷിപ്പുകളില്‍ 11 തവണ കളിച്ചു. 1981-82ല്‍ വാറംഗലില്‍ നടന്ന ഇന്റര്‍ വാഴ്‌സിറ്റി വോളിബാളില്‍ കേരള സര്‍വകലാശാല ജേതാക്കളായപ്പോള്‍ ഡാനിക്കുട്ടിയായിരുന്നു നായകന്‍.
1982 ദില്ലി ഏഷ്യാഡിന്റെ ട്രയല്‍ ഗെയിംസില്‍ ദക്ഷിണേന്ത്യയെ പ്രതിനിധീകരിച്ചു. 1993 ല്‍ ടൈറ്റാനിയം ടീം ഫെഡറേഷന്‍ കപ്പ് നേടി മികച്ച കളിക്കാരന്‍ അവാര്‍ഡ് നേടി.
1981-82 ഫരീദാബാദ് മുതല്‍ 1992-93 വരെ കൊല്‍ക്കത്തയ്ക്കായി 11 ദേശീയ ചാമ്പ്യന്‍ഷിപ്പുകള്‍ കളിച്ചു.
1985-86 ലെ ദില്ലി നാഷണലില്‍ വെങ്കലം നേടിയ കേരള ടീമിലും 1985 ല്‍ ദില്ലിയില്‍ നടന്ന ദേശീയ ഗെയിംസില്‍ സ്വര്‍ണം നേടിയ കേരള ടീമിലും 1981-82 ലെ ഫരീദാബാദ് നാഷണലില്‍ വെള്ളി നേടിയ ടീമിലും 1983-84 ലെ ഗുണ്ടൂര്‍ നാഷണല്‍ ടീമിലും 1992-93 ലെ ബോംബെ നാഷണല്‍ ടീമിലും ഡാനിക്കുട്ടി മികച്ച പ്രകടനം കാഴ്ച്ച വെച്ചിട്ടുണ്ട്.
ജിമ്മി ജോര്‍ജ്, ഉദയകുമാര്‍, അബ്ദുല്‍ റസാഖ്, സിറില്‍ സി വെള്ളൂര്‍ തുടങ്ങിയവരുടെ സമകാലികന്‍. 1985 ല്‍ ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന്റെ ക്യാപ്റ്റനായിരുന്നു.